ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളുടെ ദുരിതകഥ പുറത്ത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള കൊടും ക്രൂരതകളാണ് ഇവിടുത്തെ അന്തേവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നതെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 100ലധികം പേരെ ഈ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഒഴിപ്പിച്ചു. വില്ലുപുരത്തുള്ള അന്പ് ജ്യോതി ആശ്രമം എന്ന സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിനെതിരെയാണ് പരാതികള്‍ ഉയരുന്നത്.
അമേരിക്കയില്‍ താമസിക്കുന്ന സലീം ഖാന് എന്ന വ്യക്തി മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഒരു പരാതിയാണ് ഷെല്‍ട്ടര്‍ ഹോമിലെ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടുവന്നത്. 2021 ഡിസംബറില്‍ തന്റെ ഭാര്യാപിതാവിനെ സലീം ഈ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ അവിടെ നിന്ന് കാണാതായി. തുടര്‍ന്നാണ് ഷെല്‍ട്ടര്‍ ഹോമിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ഷെല്‍ട്ടര്‍ ഹോമിനുള്ളില്‍ നടക്കുന്ന ക്രൂരതകള്‍ വെളിവായത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ഷെല്‍ട്ടര്‍ ഹോമിന് ലൈസന്‍സ് ഇല്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ ഷെല്‍ട്ടര്‍ ഹോം ഉടമയും ജീവനക്കാരും ഇവിടുത്തെ അന്തേവാസികളെ ക്രൂരമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നതായും പരിശോധനയില്‍ വ്യക്തമായി.
തുടര്‍ന്ന് വില്ലുപുരം ജില്ലാകളക്ടര്‍ സി പളനിയുടെ നേതൃത്വത്തിൽ ആശ്രമം പൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തുവെന്ന് വില്ലുപുരം എസ്പി എന്‍.ശ്രീനാഥ പറഞ്ഞു. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എട്ട് പേരില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര് ഒളിവിലാണ്. ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമയും ഭാര്യയും ഇപ്പോള്‍ ആശുപത്രിയിലാണെന്നും പൊലീസ് പറഞ്ഞു.
യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഷെല്‍ട്ടര്‍ ഹോം ഇവര്‍ നടത്തിയിരുന്നത്. അന്തേവാസികളെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിരുന്നില്ലെന്നും ഉന്നതതല അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഷെല്‍ട്ടര്‍ ഹോമുകളിലേക്കോ അല്ലെങ്കില്‍ തമിഴ്നാട്ടിലുള്ള മറ്റ് ഷെല്‍ട്ടര്‍ ഹോമിലേക്കൊ മാറ്റുന്ന അന്തേവാസികളെ പറ്റിയും വിവരങ്ങള്‍ ഇവര്‍ സൂക്ഷിക്കാറില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടുത്തെ അന്തേവാസികളില്‍ 15 പേരെ പാര്‍പ്പിച്ചിരിക്കുന്ന ബെംഗളുരുവിലെ ഒരു ഷെല്‍ട്ടര്‍ ഹോമിലും വില്ലുപുരം പൊലീസ് അന്വേഷണം നടത്തിയിരുന്നുവെന്ന് എസ്പി ശ്രീനാഥ പറഞ്ഞു. വില്ലുപുരം ഹോമില്‍ നിന്ന് 15 പേരെ ഇവിടേക്ക് മാറ്റിയതിന്റെ തെളിവുകള്‍ ബംഗളുരു ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പൊലീസിന് ലഭിച്ചു. അന്പ് ജ്യോതി ആശ്രമം ഉടമ ബി ജുബിനെ ഇപ്പോള്‍ മുണ്ടിയാംപക്കത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷെല്‍ട്ടര്‍ ഹോമിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇദ്ദേഹം പറയുന്നു.
” കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഈ ഷെല്‍ട്ടര്‍ ഹോം ഞങ്ങള്‍ നടത്തിവരുന്നു. മാനസിക വെല്ലുവിളിയുള്ളവര്‍, തെരുവില്‍ അലഞ്ഞ് തിരിയുന്നവര്‍ എന്നിവരെയാണ് ഞങ്ങള്‍ ഇവിടെ നോക്കുന്നത്. മാനസിക വെല്ലുവിളിയുള്ള വ്യക്തികളെ അവരുടെ ബന്ധുക്കള്‍ തന്നെയാണ് ഇവിടെയെത്തിക്കുന്നത്. ഇത്രയും നാളും ഞങ്ങള്‍ക്കെതിരെ ഒരു പരാതി പോലും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ അന്തേവാസികളെ പീഡിപ്പിക്കുന്നുവെന്നും ബലാത്സംഗത്തിനിരയാക്കുന്നുവെന്നും പറയുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്,” ജുബിന്‍ പറഞ്ഞു.
നിലവില്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ് ജുബിനും ഭാര്യ മരിയയും. ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് അതിജീവിതര്‍
ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തങ്ങള്‍ നേരിട്ട ക്രൂരതകള്‍ തുറന്ന് പറഞ്ഞിരുന്നു. കൂട്ടത്തില്‍ തനിക്ക് നേരെ ലൈംഗികാതിക്രമവും ക്രൂരമര്‍ദ്ദനവും നടന്നിരുന്നതായി ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട ഒരു കൗമാരക്കാരി പറഞ്ഞു. ഷെല്‍ട്ടര്‍ഹോമില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ഷെല്‍ട്ടര്‍ ഹോമിലെ നിരവധി സ്ത്രീകള്‍ക്ക് നേരെയും ലൈംഗികാതിക്രമം നടന്നിട്ടുണ്ട്.
സ്ത്രീകളെ ജനാലകളുടെ ഗ്രില്ലിനോട് ചേര്‍ന്ന് കെട്ടിയിടുമായിരുന്നു. ശേഷം ഉറക്കഗുളികയോ ലഹരി മരുന്നുകളോ നല്‍കിയാണ് ജീവനക്കാര്‍ ഇവരെ ബലാത്സംഗം ചെയ്തിരുന്നത്. എതിര്‍ക്കുന്ന സ്ത്രീകളെ ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കും. അല്ലെങ്കില്‍ കുരങ്ങുകളെ കൊണ്ട് ഉപദ്രവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇതായിരുന്നു ഷെല്‍ട്ടര്‍ഹോമിലെ സ്ഥിതിയെന്നാണ് പെണ്‍കുട്ടി നല്കുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.