കോടതിയിലെ തൊണ്ടി മുക്കിയ കേസ്: 22 തവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ ആന്റണി രാജു
- Published by:Rajesh V
- news18-malayalam
Last Updated:
2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻ പോലുമാകാത്ത പ്രതിസന്ധിയിലാണ്. ഓഗസ്റ്റ് നാലിന് 23ാം തവണ കേസ് പരിഗണിക്കുകയാണ്. അന്നെങ്കിലും മന്ത്രി ഹാജരാകുമോ എന്നാണ് ഇനി അറിയേണ്ടത്
തിരുവനന്തപുരം: സാധാരണ പെറ്റിക്കേസാണെങ്കില്‍ പോലും മൂന്നു തവണയ്ക്ക് അപ്പുറം കോടതിയില്‍ ഹാജരായില്ലെങ്കില്‍ നടപടി വരുമെന്ന് ഉറപ്പ്. എന്നാൽ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ മോഷണക്കേസിൽ 22 തവണ ഹാജരാകാതെയിരുന്നിട്ടും ഒരു നടപടിയും ഇല്ല എന്നതാണ് ശ്രദ്ധേയം. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതിന് 1994ൽ എടുത്ത കേസിൽ ഇതുവരെ കോടതിയിൽ ഹാജരാകാൻ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻ പോലുമാകാത്ത പ്രതിസന്ധിയിലാണ്. വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ട് 28 വർഷമായി. കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷവും വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് എട്ടുവർഷവുമാകുന്നു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ്, നിലവിൽ നെടുമങ്ങാട് കോടതിയിലാണ് വിചാരണ തുടങ്ങാനായി കാത്തിരിക്കുന്നത്.
അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് പക്ഷെ തോറ്റു. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ വി ശങ്കരനാരായണൻ വിധിച്ചത്. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭനായിരുന്ന കുഞ്ഞിരാമ മേനോനെ രംഗത്തിറക്കിയത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിടുകയും ചെയ്തു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കുകയായിരുന്നു കോടതി.
advertisement
Also Read- കോടതിയിലെ തൊണ്ടി മുക്കിയ കേസ്: മന്ത്രി ആന്റണി രാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായക രേഖ പുറത്ത്
ഇതോടെ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സി ഐ കെ കെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തി. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. 1994ൽ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി. 1996ൽ ആദ്യവട്ടം എംഎൽഎ ആയ ആന്റണി രാജു അഞ്ചു വർഷം തികച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം. കേസുണ്ടായതും അന്വേഷണം നടന്നതുമെല്ലാം ആന്റണി രാജുവിന്റെ സ്വന്തം തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു.
advertisement
എന്നാൽ 2005 ഒടുവിലായപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്മേൽ മറിഞ്ഞു. കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ ജിയായിരുന്ന ടി പി സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി. കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം അതീവ ഗുരുതരമായ ആറ് കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. എട്ടുവർഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ൽ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി.
advertisement
Also Read- 'മുഷിഞ്ഞ കടുംനീല അണ്ടർവെയർ'; കോടതിയിലെ തൊണ്ടി മുക്കിയ മന്ത്രി പ്രതിയായ കേസിന് മൂന്ന് പതിറ്റാണ്ട്
ഇതിനുശേഷം 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ൽ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആന്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീളുകയാണ്. ഓഗസ്റ്റ് നാലിന് 23ാം തവണ കേസ് പരിഗണിക്കുകയാണ്. അന്നെങ്കിലും മന്ത്രി ഹാജരാകുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇതിനിടെ, 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (ജെ) ആദ്യം തീരുമാനിച്ചത് ആൻറണി രാജുവിനെ തന്നെ ആയിരുന്നു. ( 91 ലും 96 ലും 2001ലും ആൻറണി രാജു ആയിരുന്നു മൽസരിച്ചത്) എന്നാൽ അടിവസ്ത്ര തൊണ്ടിക്കേസ് വിവാദമായതോടെ വി എസ് അച്യുതാനന്ദന്റെ ഇടപെടലിൽ 2006ൽ സ്ഥാനാർഥിഥ്വം നഷ്ടമായി. പകരം വി.സുരേന്ദ്രൻ പിള്ള സ്ഥാനാർഥിയായി.
Location :
First Published :
July 17, 2022 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോടതിയിലെ തൊണ്ടി മുക്കിയ കേസ്: 22 തവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ ആന്റണി രാജു