• HOME
 • »
 • NEWS
 • »
 • crime
 • »
 • കോടതിയിലെ തൊണ്ടി മുക്കിയ കേസ്: മന്ത്രി ആന്റണി രാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായക രേഖ പുറത്ത്

കോടതിയിലെ തൊണ്ടി മുക്കിയ കേസ്: മന്ത്രി ആന്റണി രാജുവിന്റെ പങ്ക് വ്യക്തമാക്കുന്ന നിർണായക രേഖ പുറത്ത്

28 വർഷത്തിനിടെ വെളിച്ചം കണ്ടിട്ടില്ലാത്ത ആ നിർണായക തെളിവാണ് ഇപ്പോൾ പുറത്തുവന്നത്

 • Last Updated :
 • Share this:
  തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju) പ്രതിയായ തൊണ്ടി മുതല്‍ മോഷണക്കേസിൽ നിർണായക രേഖകൾ പുറത്ത്. 28 വർഷം മുൻപുള്ള സംഭവത്തെ തുടർന്നുള്ള കേസ് ഓഗസ്റ്റ് നാലിന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് മന്ത്രിക്കെതിരായ ചില രേഖകൾ പുറത്തുവന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശിയെ കേസില്‍ നിന്നും രക്ഷപ്പെടാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസിലാണ് ആന്റണി രാജുവിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുക്കുന്നത്.

  തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് കേസിൽ ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ചതിച്ചുവെന്ന ഗുരുതര വകുപ്പ് പൊലീസ് ചുമത്തിയിരിക്കുന്നത്. 28 വർഷത്തിനിടെ വെളിച്ചം കണ്ടിട്ടില്ലാത്ത ആ നിർണായക തെളിവാണ് ഇപ്പോൾ പുറത്തുവന്നത്. ‌‌‌

  എന്താണ് സംഭവിച്ചത്?

  1990 ഏപ്രില്‍ നാലിനാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. അന്ന് ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് തോറ്റു. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ വി ശങ്കരനാരായണൻ ഉത്തരവായി. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗത്ഭ അഭിഭാഷകനായിരുന്ന കുഞ്ഞിരാമ മേനോനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കിയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

  Also Read- 'മുഷിഞ്ഞ കടുംനീല അണ്ടർവെയർ'; കോടതിയിലെ തൊണ്ടി മുക്കിയ മന്ത്രി പ്രതിയായ കേസിന് മൂന്ന് പതിറ്റാണ്ട്

  ഇതോടെ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സി ഐ കെ കെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തി. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. 1994ൽ ഇങ്ങനെ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി. എന്നാൽ 2005 ൽ കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ ജിയായിരുന്ന ടി പി സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ വക്കം പ്രഭ നടപടി തുടങ്ങി. ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി.

  പുറത്തുവന്ന രേഖ

  കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ എസ് ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയതെന്നാണ് രേഖകൾ തെളിയിക്കുന്നത്.  അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോൾ എന്നൊരാൾ എത്തുന്നു. പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാൽ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെ പേഴ്സണൽ ബിലോങ്ങിംഗ്സ് ; തൊണ്ടി രജിസ്റ്ററിൽ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോർഡർ എല്ലാം എടുക്കുന്നു. കേസുമായി ബന്ധമില്ലാത്തതിനാൽ ഈ വസ്തുക്കൾ തിരികെ വാങ്ങുന്നതിൽ തെറ്റില്ല.

  എന്നാൽ ഇതിനുപിന്നാലെ, കോടതി ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തൊണ്ടിവസ്തുക്കളിൽ നിന്ന് അടിവസ്ത്രം ആന്‌റണി രാജു പുറത്തെടുക്കുന്നു. നാലുമാസത്തോളം അത് കൈവശം സൂക്ഷിച്ചു. പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് തിരികെ ഏൽപിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാൻ കഴിയാത്ത പരുവത്തിലാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returned എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്.
  Published by:Rajesh V
  First published: