തിരുവനന്തപുരം: എൽകെജി വിദ്യാർത്ഥിനിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓട്ടോയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് അഞ്ചു വർഷം കഠിന തടവും 25000 രൂപ പിഴ ശിക്ഷയും. സ്ത്രീകൾക്കും കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വിചാരണ ചെയ്യപ്പെടുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ടിപി പ്രഭാഷ് ലാലാണ് വിധി പ്രസ്താവിച്ചത്.
രക്ഷകർത്താക്കൾ ഏർപ്പെടുത്തിയ ഓട്ടോയിൽ അഞ്ചു വയസ്സുകാരി പെൺകുട്ടിയെ സ്കൂളിൽ കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിനാണ് കോട്ടപ്പുറം സ്വദേശി വില്ലാൽ എന്ന് വിളിപ്പേരുള്ള വിപിൻ ലാൽ ( 27) എന്നയാൾക്ക് കോടതി ശിക്ഷ വിധിച്ചത്.
2019 ഒക്ടോബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. സംഭവദിവസം രാവിലെ കുട്ടിയെ മാതാവ് പ്രതിയുടെ ഓട്ടോയിൽ കയറ്റി സ്കൂളിലേക്ക് അയക്കുകയും വൈകുന്നേരം വീടിനു സമീപം ജംഗ്ഷൻ എത്തിയപ്പോൾ പ്രതി ഓടിച്ചു വന്ന ഓട്ടോ മറ്റൊരാൾക്ക് കൈമാറി ഓട്ടോയിൽ കുഞ്ഞിനെ വീട്ടിലെത്തിക്കുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം കുഞ്ഞിന് പനി അനുഭവപ്പെട്ട് ഡോക്ടറെ കാണിച്ച ശേഷമാണ് അതിക്രമം സംബന്ധിച്ച് കുഞ്ഞ് ബന്ധുവിനോട് വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ കൂടി നിർദ്ദേശിച്ച പ്രകാരം പോലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു.
അഞ്ചുവർഷം കഠിനതടവും 25000 രൂപ പിഴ ശിക്ഷയും വിധിച്ചതിൽ പിഴത്തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ പ്രതി ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നു. പിഴ തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം എന്ന നിലയ്ക്ക് 10,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്ന് ഉത്തരവുണ്ട്. ജയിലിൽ കിടന്ന കാലാവധി ശിക്ഷാ ഇളവുണ്ട്.
ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ബി എസ് സജൻ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന സജീഷ് എച്ച് എൽ ചാർജ് ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 21രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് സ്കൂട്ടർ എം.മുഹസിൻ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.