ഓലപ്പുരയിൽ നിന്ന് ലിഫ്റ്റ് സൗകര്യമുള്ള മൂന്നുനില വീട്ടിലേക്ക്; 26 കിലോ സ്വർണവുമായി മുങ്ങിയ വടകരയിലെ ബാങ്ക് മാനേജർ
- Published by:Rajesh V
- news18-malayalam
Last Updated:
തമിഴ്നാട് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയാണ് മധ ജയകുമാർ. അമ്പരിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു ഇയാളുടേതെന്ന് പൊലീസ് പറയുന്നു
കോഴിക്കോട്: 26.24 കിലോ സ്വർണവുമായി മുങ്ങിയ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ മാനേജർ മധ ജയകുമാറിനെ റിമാൻഡ് ചെയ്തു. മധ ജയകുമാറിനെ കർണാടക- തെലങ്കാന അതിർത്തിയായ ബീദറില്‍ നിന്നാണ് കേരള പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ കൊയിലാണ്ടി മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയാണ് ഇയാളെ റിമാൻഡ് ചെയ്തത്.
തമിഴ്നാട് കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയാണ് മധ ജയകുമാർ. അമ്പരിപ്പിക്കുന്ന വളര്‍ച്ചയായിരുന്നു ഇയാളുടേതെന്ന് പൊലീസ് പറയുന്നു. ആദ്യം താമസിച്ചിരുന്നത് ഓലമേഞ്ഞ വീട്ടിലായിരുന്നു. ഇപ്പോൾ ലിഫ്റ്റ് സൗകര്യം ഉൾപ്പെടെയുള്ള മൂന്നു നില വീട്ടിലാണ് താമസിക്കുന്നതെന്നും പൊലീസ് പറയുന്നു. നിരവധി ആഡംബര കാറുകളും ഫ്ലാറ്റും സ്ഥലവും ഉൾപ്പടെ നിരവധി വസ്തുവകകൾ ഇയാൾക്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ മധ ജയകുമാറിനെ പിടികൂടാൻ എല്ലാ വഴികളും പൊലീസ് തേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പുറമേ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെല്ലാം ബ്ലോക്ക് ചെയ്തു. ആധാർ കാർഡ് എവിടെ ഉപയോഗിച്ചാലും പൊലീസിന് വിവരം ലഭിക്കുന്ന സ്ഥിതിയായിരുന്നു. സ്വന്തം ഫോണും ഉപയോഗിക്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് പുതിയ സിം കാർഡിന് ശ്രമിച്ചത്.
advertisement
തിരിച്ചറിയൽ കാർഡില്ലാതെ സിം കിട്ടുമോ എന്നന്വേഷിച്ച് ഇയാൾ ഒരു മൊബൈൽ ഫോൺ കടയിൽ എത്തുകയും സംശയം തോന്നി കടക്കാർ ചോദ്യം ചെയ്തതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ നാട്ടുകാർ പിടികൂടി പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് വടകരയിൽ കേസുള്ള കാര്യം അറിയുന്നത്. ഇതോടെ കർണാടക പൊലീസ് വിവരം കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.
മധ ജയകുമാറിനെ തേടി മേട്ടുപ്പാളയത്തുണ്ടായിരുന്ന അന്വേഷണ സംഘം ഉടൻ ബീദറിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിക്കൊപ്പം ഭാര്യയും സുഹൃത്തും ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽനിന്ന് 17.20 കോടി രൂപ മൂല്യമുള്ള 26.24 കിലോഗ്രാം സ്വർണമാണ് മധ ജയകുമാർ കടത്തിയത്. ഇതിനു പകരം വ്യാജസ്വർണം വച്ചെന്നാണ് കേസ്.
Location :
Vadakara,Kozhikode,Kerala
First Published :
August 20, 2024 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓലപ്പുരയിൽ നിന്ന് ലിഫ്റ്റ് സൗകര്യമുള്ള മൂന്നുനില വീട്ടിലേക്ക്; 26 കിലോ സ്വർണവുമായി മുങ്ങിയ വടകരയിലെ ബാങ്ക് മാനേജർ