ട്രെയിൻ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നൽകി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ 2 ലക്ഷം കവർന്ന മൂന്നംഗ സംഘം പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
വടകര പുതുപ്പണം സ്വദേശിയായ വി.പി. സരിനാണ് കവർച്ചയ്ക്ക് ഇരയായത്
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നൽകി സ്വർണ്ണവും ലാപ്ടോപ്പും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ കവർച്ച നടത്തിയ മൂന്ന് ബിഹാർ സ്വദേശികൾ അറസ്റ്റിൽ. ബിഹാർ ആരാറിയ സ്വദേശികളായ അബ്ദുല്ല റജാക്ക് (34), മുഹമ്മദ് മഹമൂദ് ആലം (25), മുഹമ്മദ് സഫർ (40) എന്നിവരെയാണ് റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് പിടികൂടിയത്. കോഴിക്കോട് വെച്ചാണ് പ്രതികൾ വലയിലായത്.
വടകര പുതുപ്പണം സ്വദേശിയായ വി.പി. സരിനാണ് കവർച്ചയ്ക്ക് ഇരയായത്. മംഗളൂരുവിൽ നിന്ന് വടകരയിലേക്ക് മലബാർ എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്നു സരിൻ. അടുത്ത സീറ്റിലിരുന്ന പ്രതികൾ സരിനുമായി സൗഹൃദം സ്ഥാപിക്കുകയും കുമ്പളയിൽ എത്തിയപ്പോൾ ബിസ്‌കറ്റ് നൽകുകയും ചെയ്തു. ലഹരി കലർന്ന ബിസ്‌കറ്റ് കഴിച്ച സരിൻ ബോധരഹിതനായി.
മയക്കത്തിലായ സരിന് വടകരയിൽ ഇറങ്ങാൻ കഴിഞ്ഞില്ല. ട്രെയിൻ ഫറോക്കിലെത്തിയപ്പോൾ സീറ്റ് ബുക്ക് ചെയ്ത മറ്റൊരാൾ വന്നതോടെയാണ് സരിൻ ഉണർന്നത്. ഫറോക്കിൽ ഇറങ്ങിയ സരിൻ പിന്നീട് മറ്റൊരു ട്രെയിനിൽ കയറി തിരൂരിലെത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരൂരിലെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെയും ആശുപത്രികളിൽ ചികിത്സ തേടി. മയക്കത്തിൽ നിന്ന് ഉണർന്നപ്പോഴാണ് സ്വർണ്ണവും ലാപ്ടോപ്പും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം സരിൻ അറിയുന്നത്.
advertisement
പരാതി ലഭിച്ച ഉടൻ റെയിൽവേ പോലീസും ആർപിഎഫും സംയുക്തമായി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതികൾ കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചതായി കണ്ടെത്തി. തുടർന്ന് ട്രെയിനുകളിൽ കറങ്ങി നടന്ന് അടുത്ത കവർച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് കവർച്ച ചെയ്ത വസ്തുക്കൾ കണ്ടെടുത്തു.
സംഭവം നടന്നത് കാസർകോട് ജില്ലയിലെ കുമ്പളയിലായതിനാൽ തുടരന്വേഷണത്തിനായി കേസ് കാസർകോട് പൊലീസിന് കൈമാറും. റെയിൽവേ പൊലീസ് എസ്ഐ സനൽകുമാർ, ആർപിഎഫ് എഎസ്ഐ കെ.എം. ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Mar 17, 2026 9:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിൻ യാത്രയ്ക്കിടെ യുവാവിന് ബിസ്‌കറ്റ് നൽകി സ്വർണവും ലാപ്ടോപ്പും ഉൾപ്പെടെ 2 ലക്ഷം കവർന്ന മൂന്നംഗ സംഘം പിടിയിൽ










