ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; ഒത്തുതീർപ്പ് ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയിൽ വ്യക്തമാക്കുന്നു.
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി. പരാതിക്കാരിയായ ബിഹാർ സ്വദേശിനിയും ബിനോയ് കോടിയേരിയും കോടതിയിൽ കേസ് ഒത്തുതീർപ്പിലെത്തിയെന്നു കാണിച്ച് നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പു കരാറിൽ (കൺസെന്റ് ടേംസ്) തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയിൽ വ്യക്തമാക്കുന്നു.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ഇത് ക്രിമിനൽക്കേസാണെന്നും ഒത്തുതീർക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എൻ.ആർ. ഭോർക്കർ എന്നിവർ വ്യക്തമാക്കി. ബലാത്സംഗം ഉൾപ്പെടെയുള്ള ക്രിമിനൽക്കുറ്റങ്ങൾ കുറ്റപത്രത്തിലുണ്ട്.
ഇവർ സമർപ്പിച്ച രേഖയിൽ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിട്ടുണ്ട്. രണ്ടാമതായി ഇരുവരും വിവാഹിതരായതാണോ എന്ന് ജസ്റ്റിസ് നിതിൻ ജാംദാർ ചോദിച്ചപ്പോൾ, വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.
advertisement
പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.ആർ. ഷിന്ദേയോട് ഇക്കാര്യത്തിൽ വിശദീകരണം തിരക്കിയപ്പോൾ വിവാഹിതരാണെന്നാണ് അവർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. വിവാഹിതരാണോ എന്ന കാര്യത്തിലെ തർക്കം പരിഹരിച്ചശേഷം കേസ് തീർക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോൾ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിൻ ജാംദാർ വ്യക്തമാക്കി.
മൂന്നുവർഷംമുമ്പ് ബിഹാര്‍ സ്വദേശിയായ യുവതി നൽകിയ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയിൽ ഇതുവരെ വാദിച്ചത്. ഹൈക്കോടതിയൽ സമർപ്പിച്ച ഡി.എൻ.എ. പരിശോധനാ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് കേസ് റദ്ദാക്കാനുള്ള ആവശ്യവുമായി ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
Location :
First Published :
July 09, 2022 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്; ഒത്തുതീർപ്പ് ശ്രമം തടഞ്ഞ് ബോംബെ ഹൈക്കോടതി