പൊലീസ് ചമഞ്ഞ് ചീട്ടുകളി സംഘത്തിൽനിന്ന് ആറുലക്ഷം രൂപ തട്ടിയ ബസ് ഡ്രൈവർമാർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചീട്ടുകളി കഴിഞ്ഞ് വരുകയായിരുന്ന സംഘത്തിന്റെ വാഹനം പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് തടഞ്ഞ് ആറു ലക്ഷം കൈക്കലാക്കി കടന്നുകളയുകയായിരുന്നു
തൃശൂർ: പൊലീസുകാരെന്ന വ്യാജേന ചീട്ടുകളി സംഘത്തിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിൽ ബസ് ഡ്രൈവർമാരായ മൂന്നുപേർ പിടിയിൽ. തൃശൂർ പൂങ്കുന്നത്ത് വാടകക്ക് താമസിക്കുന്ന പൊന്നാനി പേരൂർ സ്വദേശി കണ്ടശ്ശാംകടവ് വീട്ടിൽ പ്രദീപ് (42), ചെറുതുരുത്തി ആറ്റൂർ സ്വദേശി ഓട്ടുപുരയ്ക്കൽ വീട്ടിൽ സുബൈർ (38), ആമ്പല്ലൂർ ആലേങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏഴിന് കല്ലൂർ ആലേങ്ങാടായിരുന്നു സംഭവം. ചീട്ടുകളി കഴിഞ്ഞ് വരുകയായിരുന്ന സംഘത്തിന്റെ വാഹനം പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിലെത്തിയ പ്രതികൾ തടയുകയും ആറു ലക്ഷം കൈക്കലാക്കിയ ശേഷം സ്റ്റേഷനിൽ വരാൻ നിർദേശിച്ച് കാറുമായി കടന്നുകളയുകയുമായിരുന്നു. സംശയം തോന്നിയ സംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് സംഭവം പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് ഉറപ്പായത്.
Also Read- ആന്ധ്രാ മുഖ്യമന്ത്രിയായി ആൾമാറാട്ടം നടത്തി 12 ലക്ഷം രൂപയുടെ തട്ടിപ്പ്; മുൻ രഞ്ജി താരം അറസ്റ്റിൽ
advertisement
പുതുക്കാട് പൊലീസും ചാലക്കുടി ഡിവൈ എസ് പിയുടെ കീഴിലെ പ്രത്യേകാന്വേഷണ സംഘവും നടത്തിയ പരിശോധനയിൽ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം നടത്തിയ കാറിലെത്തിയവരാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
തട്ടിയെടുത്ത പണം തൃശൂരിലെത്തി പങ്കുവെച്ച സംഘം ഊട്ടിയിലേക്ക് മുങ്ങിയിരുന്നു. തിരികെ നാട്ടിലെത്തി ഗോവയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെറുതുരുത്തി ഭാഗത്തു വെച്ച് പ്രദീപിനെയും സുബൈറിനെയും ചെറുതുരുത്തി സ്റ്റേഷനിലെ എഎസ്ഐ സന്തോഷ്, സിപിഒ ജോബിൻ എന്നിവരുടെ സഹായത്തോടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് ലഭിച്ച സൂചനയെ തുടർന്ന് സനീഷിനെയും പിടികൂടി.
Location :
Thrissur,Thrissur,Kerala
First Published :
March 15, 2023 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് ചമഞ്ഞ് ചീട്ടുകളി സംഘത്തിൽനിന്ന് ആറുലക്ഷം രൂപ തട്ടിയ ബസ് ഡ്രൈവർമാർ അറസ്റ്റിൽ