തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ വ്യക്തിയെ എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട പന്നിയോട് മണക്കാകോണം സ്വദേശി ഫ്രാൻസിസിനെയാണ് വാമനപുരം എക്സൈസ് സംഘം പിടികൂടിയത്. ഫ്രാൻസിസിന്റെ സുഹൃത്തായ നെടുമങ്ങാട് പനവൂർ സ്വദേശിയുടെ വീട്ടുവളപ്പിലാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയിരുന്നത്.
എന്നാൽ ചെടി കഞ്ചാവാണെന്ന് അറിയില്ലെന്നാണ് സുഹൃത്തിന്റെ മൊഴി. ശിവമൂലി എന്ന ഔഷധ ചെടിയാണ് നട്ടുവളർത്തുന്നത് എന്നാണ് ഫ്രാൻസിസ് പറഞ്ഞിരുന്നതെന്നും സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. ഒമ്പത് മാസം പ്രായവും ഒന്നര ആൾ പൊക്കവുമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടി നട്ടു പരിപാലിച്ചതിൽ കെട്ടിട ഉടമയുടെ പങ്കിനെ കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാർ പറഞ്ഞു.
സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രതി, തനിക്ക് ഉപയോഗിക്കാൻ വാങ്ങിയ കഞ്ചാവിന്റെ വിത്ത് പാകിയാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. വാമനപുരം എക്സൈസ് റേഞ്ച് പരിധിയിൽ കഴിഞ്ഞ ഒരു മാസക്കാലയളവിനുള്ളിൽ കണ്ടെത്തുന്ന രണ്ടാമത്തെ കഞ്ചാവ് ചെടി നട്ടു പരിപാലിച്ച കേസാണിത്.
എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവൻറ്റീവ് ഓഫീസർമാരായ മനോജ് കുമാർ,ഷാജി സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സജീവ്കുമാർ, അൻസർ വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിനുള്ളിൽ കഞ്ചാവു ചെടികൾ കണ്ടെത്തിയിരുന്നു. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്തിട്ടുണ്ട്. വളം ഗോഡൗണിന്റെ സമീപത്തായിരുന്നു ചെടികൾ.രണ്ടു ചെടികളാണ് ഉണ്ടായിരുന്നത്.
You may also like:പത്തനാപുരത്ത് കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിൽ നിർമിച്ചത്; ബോംബ് നിർമാണ പരിശീലനത്തിന് ഉപയോഗിച്ചതെന്ന് സൂചന
ഇവ നട്ടുവളർത്തിയത് ആണെന്നാണ് എക്സൈസ് സംഘം കരുതുന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. ഒരു ചെടി സാമാന്യം നന്നായി വളർന്നതും മറ്റൊരണ്ണം അതിൽ ചെറിയ ചെടിയുമായിരുന്നു. രാവിലെ എസ്റ്റേറ്റിനുള്ളിൽ റബ്ബർ തൈകൾ പ്ലാന്‍റ് ചെയ്യുന്നതിന്‍റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകൾ സ്ത്രീ തൊഴിലാളികളും മറ്റും ചേർന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ ഒരു സ്ത്രീ മറ്റുള്ള സ്ത്രീകളെ വിളിച്ചു കാണിക്കുകയായിരുന്നു.
ചിലർ അത് തുമ്പ ചെടിയാണെന്ന് പറഞ്ഞു വെട്ടിക്കളയാൻ പറഞ്ഞു. എങ്കിലും സംശയം തോന്നിയവർ ഫീൽഡ് സൂപ്പർ വൈസറെ കാണിച്ചു കഞ്ചാവു ചെടിയാണെന്ന് സ്ഥിരീകരിച്ചു. ഇതേതുടർന്നാണ് വിവരം എക്സൈസിനെ അറിയിച്ചത്. ഏരിയ മാനേജർ അംജത്ത് ഖാനെ അറിയിക്കുകയും ചെയ്തു.
കഞ്ചാവു ചെടികളിൽ ഒരെണ്ണത്തിനു 172 cm നീളവും രണ്ടാമത്തേ ചെടിക്ക് 112 cm നീളവുമുണ്ട്. കഞ്ചാവു ചെടി വളർന്നു നിന്നിരുന്ന സ്ഥലം എസ്റ്റേറ്റിനുള്ളിലെ വളം ഗോഡൗണിനു സമീപത്തായിട്ടാണ്. ഗോഡൗൺ കെട്ടിടത്തിന്റെ മറവിലായിട്ടാണ് ചെടികൾ വളർന്നു നിന്നത് എന്നത് കൊണ്ട് റോഡിലൂടെ പോകുന്നവർക്ക് കഞ്ചാവ് ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ കഴിഞ്ഞിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.