വിദ്യാർഥിനികളുടെ പേരിൽ അശ്ലീല ചാറ്റിങ്; അധ്യാപികയ്ക്കെതിരെ കേസ്
- Published by:Anuraj GR
- news18-malayalam
Last Updated:
വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, അവരറിയാതെ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് സൃഷ്ടിക്കുകയാണ് അധ്യാപിക ചെയ്തിരുന്നത്. പിന്നീട് ഈ അക്കൌണ്ടിൽനിന്ന് വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കും
കൊല്ലം; വിദ്യാർഥിനികളുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയ്ക്കെതിരെ കേസ്. ശിശുക്ഷേമ സമിതിക്കും പൊലീസിനും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം നഗരത്തിലെ പ്രശസ്ത ട്യൂഷൻ അധ്യാപികയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നഗരത്തിലെ പ്രധാന സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അധ്യാപിക വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത്. വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, അവരറിയാതെ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് സൃഷ്ടിക്കുകയാണ് അധ്യാപിക ചെയ്തിരുന്നത്. പിന്നീട് ഈ അക്കൌണ്ടിൽനിന്ന് വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കും. അതിനുശേഷം ഈ ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് കാണിച്ചു വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണ് അധ്യാപിക ചെയ്തിരുന്നത്.
അശ്ലീല ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് കാണിച്ച് ചില വിദ്യാർഥിനികളിൽനിന്ന് ഇവർ പണവും സ്വർണവും ആവശ്യപ്പെട്ടു. ഇതോടെയാണ് വിവരം വിദ്യാർഥിനികൾ വീട്ടിൽ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ സംഘടിച്ച് അധ്യാപികയ്ക്കെതിരെ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ കൌൺസിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്നു വിദ്യാർഥിനികളിൽ നിന്ന് മൊഴി എടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്ക്കെരിതെ കേസെടുത്തത്. കൂടുതൽ വിദ്യാർഥിനികൾ വരും ദിവസങ്ങളിൽ പരാതി നൽകിയേക്കുമെന്നാണ് വിവരം.
advertisement
സ്കൂൾ വിദ്യാർഥിനിയായ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നത് പതിവാക്കിയ പിതാവ് അറസ്റ്റിലായ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കിളിമാനൂർ സ്വദേശിയായ ഇയാൾക്ക് 62 വയസ്സുണ്ട്. യു എ ഇയിൽ 30 വർഷം ഡിഫൻസ് അക്കാദമിയിൽ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ ആളാണ് അറസ്റ്റിലായത്. മൂന്നു വിവാഹം കഴിച്ച ഇയാൾ ആദ്യ രണ്ടു ബന്ധവും വേർപെടുത്തിയിരുന്നു. മൂന്നു ഭാര്യമാരിലും കൂടി അഞ്ചു മക്കളുണ്ട്.
advertisement
2020 സെപ്റ്റംബറിലാണ് ഇയാൾ ജോലി മതിയാക്കി എത്തിയത്. വിദേശത്ത് ആയിരുന്നപ്പോൾ തന്നെ മകൾക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് പതിവായിരുന്നു. നാട്ടിൽ എത്തിയ ശേഷവും ഇയാൾ ഇത് തുടർന്നു. കുട്ടിയുടെ അമ്മ നിരവധി തവണ എതിർത്തെങ്കിലും ഇയാൾ ഇത് വകവച്ചില്ല. ചൈൽഡ് ലൈൻ പ്രവർത്തകർ കിളിമാനൂർ പൊലീസിന് വിവരം കൈമാറിയതിനെത്തുടർന്ന് ഇൻസ്പെക്ടർ കെ ബി മനോജ് കുമാർ, എസ് ഐ ടി ജെ ജയേഷ് എന്നിവർ ഇയാളെ പിടികൂടുകയായിരുന്നു.
advertisement
കൊല്ലം കൊട്ടിയത്ത് പതിനഞ്ചുകാരിയെ അച്ഛനും സഹോദരന്‍റെ സുഹൃത്തും പീഡിപ്പിച്ചു. മൂന്നു മാസം ഗർഭിണിയായ കുട്ടിയെ ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിലേക്ക് മാറ്റി. അറസ്റ്റിലായ അച്ഛനെയും മറ്റൊരു പ്രതിയായ യുവാവിനെയും കോടതി റിമാൻഡ് ചെയ്തു. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ പെൺകുട്ടിയെയാണ് അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരന്‍റെ സുഹൃത്തുമാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മ കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. തുടർന്ന് പോലീസ് സഹായത്തോടെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. പീഡനവിവരം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നില്ല.
Location :
First Published :
February 14, 2021 2:54 PM IST


