അച്ഛനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഒളിവിൽ പോയി; പത്ത് വർഷത്തിനു ശേഷം മക്കൾ പ്രതിയെ പിടികൂടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കൊല്ലപ്പെട്ട ജോസിന്റെ മക്കളായ സജിത്ത് ജെ.കാപ്പനും രഞ്ജി ജോസ് കാപ്പനും നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന അട്ടാപ്പാടിയിലെ സ്ഥലം കണ്ടെത്തിയത്.
തൊടുപുഴ: അച്ഛനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ പ്രതിയെ മക്കൾ കണ്ടെത്തി . ഇതോടെ ഒളിവിലായിരുന്ന പ്രതി വീണ്ടും ജയിലിലായി. തൊടുപുഴ കാപ്പിൽ ജോസ് സി.കാപ്പനെ(75) കർണാടകയിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഒമ്മല സ്വദേശി ആളരോത്ത് സിജു കുര്യനെ(36) ആണ് അട്ടപ്പാടിയിൽനിന്ന് കണ്ടെത്തിയത്. ഇയാളെ പിന്നീട് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു.
ജോസ് സി.കാപ്പൻ കൊലക്കേസിൽ സിജുവിനെ കർണാടക ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ ഇയാൾ ഒളിവിൽ പോയി. തുടർന്ന് മരിച്ച ജോസിന്റെ മക്കളായ സജിത്ത് ജെ.കാപ്പനും രഞ്ജി ജോസ് കാപ്പനും നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന അട്ടാപ്പാടിയിലെ സ്ഥലം കണ്ടെത്തിയത്. ഇക്കാര്യം കർണാടക പൊലീസിനെ അറിയിക്കുകയായിരുന്നു.
advertisement
ഷിമോഗ ജില്ലയിലെ സാഗർ കെരോഡിയിൽ താമസിച്ചിരുന്ന ജോസ് സി.കാപ്പനെ 2011 ഡിസംബറിലാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് തോട്ടം ജീവനക്കാരനായ സിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തട്ടിയെടുക്കാനായി ജോസിനെ കൊലപ്പെടുത്തി കമ്പോസ്റ്റ് കുഴിയിൽ മൂടിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇയാളെ വിചാരണക്കോടതി വെറുതെവിട്ടു.
ഈ വിധിക്കെതിരെ ജോസിന്റെ മക്കൾ അന്വേഷണോദ്യോഗസ്ഥൻ എ.സി.പി. എസ്.ഡി.ശരണപ്പയുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി 2020 മാർച്ചിൽ സിജുവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എന്നാൽ ശിക്ഷാവിധി എത്തുന്നതിനു മുൻപേ പ്രതി ഒളിവിൽ പോയി.
advertisement
കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടമ്പൊലീസിന് പ്രതിയെ കണ്ടെത്താനുമായില്ല. ഇതോടെയാണ് ജോസിന്റെ മക്കൾ പ്രതിയെ തേടി ഇറങ്ങിയത്. ഒമ്മല സ്വദേശിയായ ഷിജു കക്കൂപ്പടി എന്ന സ്ഥലത്താണ് താമസിക്കുന്നതെന്ന് മനസ്സിലായി. ഇക്കാര്യം കർണാടക പോലീസിനെ അറിയിച്ചു.വെള്ളിയാഴ്ച കർണാടക പോലീസ് പാലക്കാട്ടെത്തി. അവരുടെയൊപ്പം സജിത്തും രഞ്ജിയും അട്ടപ്പാടിയിലേക്ക് പോയി. അഗളി പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഞായറാഴ്ച രാവിലെ അഗളി സ്റ്റേഷനിലെ സി.ഐ. ശശികുമാർ, സി.പി.ഒ.മാരായ ഷാൻ, സുരേഷ് എന്നിവരുടെ സഹായത്തോടെ സിജുവിനെ പിടികൂടുകയായിരുന്നു.
Location :
First Published :
January 10, 2021 7:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അച്ഛനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഒളിവിൽ പോയി; പത്ത് വർഷത്തിനു ശേഷം മക്കൾ പ്രതിയെ പിടികൂടി


