ക്ലാസിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂൾ ടോയ്‌ലറ്റിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ
- Published by:Sarika N
- news18-malayalam
Last Updated:
ഒമ്പത് മാസം മുൻപ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി
കർണാടക: ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂൾ ടോയ്‌ലറ്റിൽ പ്രസവിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഷഹാപൂർ താലൂക്കിലെ ഒരു സർക്കാർ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് 28കാരനെ അറസ്റ്റു ചെയ്തു.
ആഗസ്റ്റ് 27-നാണ് കേസിനാസ്പദമായ സംഭവം, ക്ലാസ്സിലിരിക്കുമ്പോൾ വയറുവേദന അനുഭവപ്പെട്ട 17-കാരി ശുചിമുറിയിലേക്ക് പോകുകയായിരുന്നു. സഹപാഠികൾ കുട്ടിയുടെ ബുദ്ധിമുട്ട് ശ്രദ്ധിക്കുകയും ഉടൻതന്നെ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് അധികൃതരെത്തി പെൺകുട്ടിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ഇപ്പോൾ സുഖമായിരിക്കുന്നതായി പോലീസ് അറിയിച്ചു.
അതേസമയം, ഏകദേശം ഒമ്പത് മാസം മുൻപ് പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് എഫ്‌ഐആറിൽ പറയുന്നു. കടുത്ത സമ്മർദ്ദത്തിലായിരുന്നതിനാൽ ആദ്യം പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ 28 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടി സുഖം പ്രാപിച്ച ശേഷം കൗൺസിലിംഗ് നൽകി കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
advertisement
കുട്ടികളുടെ വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ വീഴ്ചവരുത്തിയതിന് സ്കൂളിലെ പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ എന്നിവർ ഉൾപ്പടെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഹോസ്റ്റൽ വാർഡൻ, സ്കൂൾ പ്രിൻസിപ്പാൾ, വിദ്യാർഥിനിയുടെ സഹോദരൻ, നഴ്സ് എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാത്തതിനാലാണ് ഇവർക്കെതിരെ കേസെടുത്തത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർക്ക് വലിയ വീഴ്ച സംഭവിച്ചതായി പോലീസ് അറിയിച്ചു.
Location :
Karnataka
First Published :
August 30, 2025 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ലാസിനിടെ വയറുവേദന; ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂൾ ടോയ്‌ലറ്റിൽ പ്രസവിച്ചു; 28കാരൻ അറസ്റ്റിൽ