തിരുവനന്തപുരം: യുവസംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയനയുടെ മുറിയില്‍ നിന്നും കാണാതായ വസ്ത്രങ്ങളും മറ്റു വസ്തുക്കളും കണ്ടെത്തി. ബെഡ്ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്. അതേസമയം മരണസമയത്ത് നയന ധരിച്ച വസ്ത്രങ്ങള്‍ കണ്ടെത്താനായില്ല. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങള്‍ കൂട്ടിയിട്ടിരുന്ന ഇടത്തുനിന്നാണ് ഇവ കണ്ടെത്തിയത്.
മ്യൂസിയം സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകള്‍ കാണാതായത് നേരത്തെ വിവാദമായിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പൊലീസ് നടത്തിയ തിരച്ചിലിലാണ് വസ്തുക്കള്‍ കണ്ടെത്തിയത്. നയനയുടെ ചുരിദാര്‍, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാന്‍ കൈമാറിയിരുന്നു.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആല്‍ത്തറ ജംഗ്ഷനിലെ വാടക വീട്ടില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹത കൂടിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.
അതേസമയം, മരണത്തിന് ഒരാഴ്ച മുമ്പ് നയനയ്ക്ക് മർദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
മരണത്തിന് ഒരാഴ്ച മുമ്പ് നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം കണ്ടിരുന്നു. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് നയന ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് സായാഹ്ന നടത്തത്തിനിടയിലാണ് നയന മര്‍ദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയതെന്ന് സുഹൃത്ത് മൊഴിയില്‍ വ്യക്തമാക്കി. നയന താമസിച്ചിരുന്ന വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചയാളുടെ പേരും വെളിപ്പെടുത്തിയിരുന്നു.
ഗുരുവായ ലെനിന് രാജേന്ദ്രന്റെ മരണത്തിന് പിന്നാലെ കെഎസ്എഫ്ഡിസിയിലെ തന്റെ ജോലി നഷ്ടപ്പെടുത്തി. ഫോണിലൂടെ തനിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും നയന പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കി. മരണത്തിന് ഏതാനും ദിവസം മുമ്പായിരുന്നു അത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.