തിരുവനന്തപുരം: യുവസംവിധായക നയനാ സൂര്യന്റെ ദുരൂഹമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നില് സുഹൃത്തിന്റെ നിര്ണായക മൊഴി. മരണത്തിന് ഒരാഴ്ച മുന്പ് നയനയ്ക്ക് മര്ദനമേറ്റിരുന്നതായും ഫോണിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായും സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴിനല്കി. മര്ദിച്ചയാളുടെ പേരുവിവരങ്ങളും മൊഴിയില് വെളിപ്പെടുത്തിയിട്ടുണ്ട്.
നയനയുടെ മരണത്തിൽ ദുരൂഹതയേറ്റുന്നതാണ് ഈ വെളിപ്പെടുത്തല്. അന്വേഷണപരിധിയില് വരാന് സാധ്യതയില്ലാതിരുന്ന ഈ അജ്ഞാതസുഹൃത്ത് ക്രൈംബ്രാഞ്ചിനോട് അങ്ങോട്ടാവശ്യപ്പെട്ടാണ് മൊഴിനല്കാന് തയാറായതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ആദ്യം കോടതിക്ക് മുന്നില് മാത്രമേ മൊഴി നല്കൂവെന്ന നിലപാടിലായിരുന്നു സുഹൃത്ത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ആവശ്യമറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്.
Also Read- ഏഴു വര്ഷത്തിനിടെ കള്ളന് കയറിയത് നാല് തവണ; എന്തുചെയ്യണമെന്നറിയാതെ കണ്ണൂരിലെ ജുവലറി ഉടമ
മരണത്തിന് ഒരാഴ്ച മുന്പ് നയനയുടെ മുഖത്ത് മര്ദനമേറ്റതിന്റെ ക്ഷതം കണ്ടിരുന്നതായി സുഹൃത്ത് പറഞ്ഞു. ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായി നയന തന്നോടു പറഞ്ഞിരുന്നതായും മൊഴിയില് പറയുന്നു.
നയനയുടെ താമസസ്ഥലത്തിനടുത്ത് താമസിച്ചിരുന്ന ഈ സുഹൃത്ത് ഒരു ദിവസം നയനയുടെ മുഖത്ത് അടിയേറ്റ് നീലിച്ചതിന്റെ പാട് കണ്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്, ഒരുവശം ചരിഞ്ഞുകിടന്നപ്പോള് സംഭവിച്ചതാണെന്നു പറഞ്ഞ് നയന ഒഴിഞ്ഞുമാറുകയായിരുന്നു. അടുത്ത ദിവസം ഒരുമിച്ചുള്ള സായാഹ്നനടത്തത്തിനിടെ, തന്നെ ഒരാള് മര്ദിച്ചതാണെന്ന് നയന വെളിപ്പെടുത്തി. മര്ദിച്ചയാളുടെ പേരും പറഞ്ഞു. നയന താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മര്ദനം. ക്രൂരമായി മര്ദനമേറ്റതിന്റെ അവശതയിലായിരുന്നു അപ്പോഴും നയന.
Also Read- വിറ്റത് മോശം ഇറച്ചി എന്ന് അറിഞ്ഞുകൊണ്ടുതന്നെ; ജുനൈസ് വധശ്രമമടക്കം അഞ്ച് കേസുകളിലെ പ്രതി
സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു നയനയ്ക്കുനേരേയുണ്ടായ ആക്രമണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.