മലപ്പുറം: ശസ്ത്രക്രിയക്ക് (Surgery) കൈക്കൂലി വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ കെ ടി രാജേഷിനെയാണ് മലപ്പുറം (Malappuram) വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാല്‍വിരല്‍ മുറിക്കുന്നതിനുള്ള ശസ്ത്രക്രിയക്കായി എത്തിയ വയോധികയില്‍ നിന്നാണ് ഇയാള്‍ 1000 രൂപ ആവശ്യപ്പെട്ടത്. ഇയാളുടെ പരിശോധനാ മുറിയില്‍ നിന്നും 15000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് അറിയിച്ചു.
ആലിപ്പറമ്പ് സ്വദേശി മുഹമ്മദ് ഷമീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ഷമീർ പറയുന്നു. " ജനുവരി പത്തിനാണ് ഉമ്മയെ ആദ്യം ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മാക്ക് കണ്ണ് കാണില്ല. കൂടെ അഡ്മിറ്റ് ചെയ്ത നാലുപേരുടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഉമ്മയുടെ ചെയ്തില്ല. പിറ്റേ ശനിയാഴ്ച വരാന്‍ പറഞ്ഞ് ഡിസ്ചാര്‍ജ് ചെയ്തു. പലകാരണങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടുപോയതോടെ ആകെ ബുദ്ധിമുട്ടിൽ ആയി. എന്താണ് വൈകുന്നത് എന്ന് അന്വേഷിച്ചപ്പോൾ ആണ് പണം നല്‍കാത്തതാണ് കാരണമെന്നു മനസിലായത് . 1000 രൂപ ആണ് ഡോക്ടർക്ക് നൽകേണ്ടത്. 28ന് വീണ്ടും ആശുപത്രി ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു. എന്നാല്‍ വളരെ മോശമായി പെരുമാറുകയും മരുന്നു നല്‍കി വിടുകയും ചെയ്തു.
ആശുപത്രിയുടെ അടുത്ത് തന്നെ ഡോക്ടറുടെ സ്വകാര്യ പരിശോധന ഇടമുണ്ട്. ഇവിടെ എത്തി വേണം ഡോക്ടറെ കണ്ട് പണം കൊടുക്കാൻ. ഇവിടേക്ക് വരാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു ഇക്കാര്യങ്ങൾ വിജിലന്‍സിനെ അറിയിച്ചു. പിന്നീട് രണ്ടാം തിയതി മുറിയിലെത്തി പരിശോധന ഫീസ് നല്‍കി ഡോക്ടറെ കണ്ടു. ശനിയാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്ന് വന്നു കാണണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം രാവിലെ മാതാവിനെ അഡ്മിറ്റ് ചെയ്ത് വൈകീട്ട് വിജിലന്‍സ് നല്‍കിയ പണവുമായാണ് ഡോക്ടറെ കണ്ടത്. 1000 രൂപ ആണ് നൽകിയത് " ഷമീർ ഡോക്ടർ ആവശ്യപ്പെട്ട പോലെ 1000 രൂപ നൽകിയ ഉടനെ വിജിലൻസ് സംഘം സ്ഥലത്ത് എത്തി, കൈക്കൂലി ഇടപാട് കയ്യോടെ പിടികൂടി.
Also Read-
ഭാര്യയുടെ ആധാര്‍ ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ മുറിയെടുത്തു; GPS ട്രാക്കര്‍ കുടുക്കി; കേസെടുത്ത് പൊലീസ്
പണം ചോദിച്ചത് നേരിട്ട് വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിക്കുക ആയിരുന്നു എന്നും ഷമീർ പറഞ്ഞു. "അവരുടെ നമ്പർ ആശുപത്രിയിൽ എഴുതി വെച്ചിരുന്നത് നോക്കി അറിയിക്കുക ആയിരുന്നു. ഒരു കാരണവശാലും പണം നൽകില്ല എന്ന് തന്നെ ആയിരുന്നു തീരുമാനം " ഷമീർ കൂട്ടിച്ചേർത്തു.
കോട്ടക്കല്‍ കൃഷി ഓഫീസര്‍ എം.വി. വൈശാഖന്‍, കൂട്ടിലങ്ങാടി കൃഷി ഓഫീസര്‍ ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അറസ്റ്റു നടപടികള്‍ സ്വീകരിച്ചത്. എസ്‌ഐമാരായ പി. മോഹന്‍ദാസ്, പി.എന്‍. മോഹനകൃഷ്ണന്‍, ശ്രീനിവാസന്‍, എഎസ്‌ഐമാരായ സലീം, ഹനീഫ, പോലീസുകാരായ പ്രജിത്ത്, ജിറ്റ്സ്, ദിനേശ്, രാജീവ്, വിജയകുമാര്‍, സബൂര്‍, ശ്യാമ, ഷിഹാബ്, സനല്‍ എന്നിവരാണ് വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.