ഡ്രൈഡേയിൽ ഒരുലക്ഷം രൂപയുടെ മദ്യവിൽപന; റെയ്ഡ് അറിയാതെ മദ്യം വാങ്ങാൻ ജനപ്രവാഹം
- Published by:Anuraj GR
- news18-malayalam
Last Updated:
വീട്ടിലെ പ്രത്യേക രഹസ്യ അറകളിൽ സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. വില കൂടിയതും കുറഞ്ഞതുമായ 13 ബ്രാൻഡുകളിലെ മദ്യം ഇവിടെനിന്ന് കണ്ടെടുത്തു
തിരുവനന്തപുരം: ഡ്രൈഡേയിൽ ആഡംബരവീട്ടിൽനിന്ന് വൻ വിദേശമദ്യശേഖരം പിടികൂടി. പോത്തൻകോട് ഞാണ്ടൂര്‍കോണം വട്ടക്കരിക്കകം ശ്രീഭദ്ര വീട്ടില്‍ ബാലചന്ദ്രൻനായര്‍ എന്ന ചന്ദുവിന്റെ (52) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടികൂടിയത്. ഡ്രൈഡേയിൽ ചില്ലറ വിൽപനയിലൂടെ ഒരു ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായി ബാലചന്ദ്രൻ നായർ പൊലീസിനോട് സമ്മതിച്ചു.
വീട്ടിലെ പ്രത്യേക രഹസ്യ അറകളിൽ സൂക്ഷിച്ച 134.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. വില കൂടിയതും കുറഞ്ഞതുമായ 13 ബ്രാൻഡുകളിലെ മദ്യം ഇവിടെനിന്ന് കണ്ടെടുത്തു. ആകെ 200 കുപ്പി മദ്യമാണ് ഉണ്ടായിരുന്നത്. റെയ്ഡ് നടക്കുന്നത് അറിയാതെയും മദ്യം വാങ്ങാൻ ഇവിടേക്ക് ആളുകളെത്തി.
പോത്തൻകോട് ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയശേഷം ഈ പ്രദേശത്ത് അനധികൃത മദ്യവില്പന വ്യാപകമായിരുന്നു. ഇതുസംബന്ധിച്ച് രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വീടും പരിസരവും കഴിഞ്ഞ കുറച്ചുദിവസമായി നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം നവംബർ 1 ആയിരുന്നു. ഡ്രൈഡേ ആയതിനാൽ രാവിലെ മുതൽ ഇവിടെ മദ്യവിൽപന തകൃതിയായിരുന്നു. അതിനിടെയാണ് പൊലീസ് സംഘം ഇവിടെ എത്തി റെയ്ഡ് നടത്തിയത്.
advertisement
നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.ടി.രാസിത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാൻസഫ് ടീമും,പോത്തൻകോട് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.പോത്തൻകോട് എസ്.ഐ രാജീവ്, ഡാൻസഫ് എസ്.ഐ ഷിബു, എ.എസ്.ഐ സജു,സതികുമാര്‍, ഉമേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് വിദേശ മദ്യം പിടികൂടിയത്.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 02, 2023 7:30 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈഡേയിൽ ഒരുലക്ഷം രൂപയുടെ മദ്യവിൽപന; റെയ്ഡ് അറിയാതെ മദ്യം വാങ്ങാൻ ജനപ്രവാഹം