ഫേസ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഹണിട്രാപിലൂടെ യുവാവില്‍ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര പൂവാര്‍ ഉച്ചക്കട ശ്രീജഭവന്‍ എസ്.വിഷ്ണു (25)ആണ് സൈബര്‍ പോലീസിന്‍റെ പിടിയിലായത്. കോട്ടയം കടത്തുരുത്തി സ്വദേശിയായ യുവാവുമായി ബന്ധം സ്ഥാപിച്ചശേഷം നഗ്നഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തി.
യുവാവിന്‍റെ നഗ്ന ഫോട്ടോകള്‍ കുടുംബത്തിനും വീട്ടുകാര്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി 2018 മുതല്‍ പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം 15 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനു പരാതി നൽകി. പൊലീസിന്റെ നിർദേശപ്രകാരം, 20 ലക്ഷം രൂപ നൽകാമെന്ന് യുവാവ് സമ്മതിച്ചു. പണം വാങ്ങാൻ തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമെത്തിയ വിഷ്ണുവിനെ പിടികൂടുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.വർഗീസ്, സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.ആർ.ജഗദീഷ്, എസ്ഐ ജയചന്ദ്രൻ, എഎസ്ഐ സുരേഷ് കുമാർ, സിപിഒമാരായ രാജേഷ് കുമാർ, ജോർജ് ജേക്കബ്, അജിത പി.തമ്പി, സതീഷ് കുമാർ, ജോബിൻസ്, അനൂപ്, സുബിൻ, കിരൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.