നഴ്സിംഗ് ആണോ ലക്ഷ്യം? കേരളത്തിലെ നഴ്സിംഗ് ബിരുദ പ്രവേശനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു നഴ്സിംഗ് ബിരുദം (B.Sc Nursing) കേവലം ഒരു സർട്ടിഫിക്കറ്റ് എന്നതിലുപരി ഒരു വിദ്യാർത്ഥിയെ പ്രൊഫഷണൽ രീതിയിൽ പാകപ്പെടുത്തിയെടുക്കുന്നു
കാരുണ്യത്തിന്റെയും സേവനത്തിന്റെയും ഉദാത്തമായ തൊഴിൽ ആയി പരിഗണിയ്ക്കപ്പടുന്നതും ഒപ്പം അന്തർദേശീയ തലത്തിലും ആഗോള തലത്തിലു ആരോഗ്യപരിപാലന രംഗത്തെ നട്ടെല്ലുമാണ്, നഴ്സിംഗ് മേഖല. കേവലം ഒരു ജോലി എന്നതിലുപരി, മാനവികതയും ശാസ്ത്രീയമായ അറിവും ഒരുപോലെ സമ്മേളിക്കുന്ന ഒരു സേവന മേഖലയാണിത്. രോഗികളുടെ ശാരീരികവും മാനസികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. വർദ്ധിച്ചുവരുന്ന ജനസംഖ്യയും ആരോഗ്യ ബോധവൽക്കരണവും നഴ്സിംഗ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ആരോഗ്യരംഗത്തെ വികാസം: സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെയും ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെയും വർദ്ധനവ് നഴ്സുമാർക്ക് വലിയ അവസരങ്ങൾ നൽകുന്നു.
പൊതുജനാരോഗ്യം: ഗ്രാമീണ മേഖലകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ നഗരങ്ങളിലെ വലിയ ആശുപത്രികൾ വരെ നഴ്സുമാരുടെ സേവനം അത്യന്താപേക്ഷിതമാണ്.
വിദഗ്ധ സേവനം: ഐ.സി.യു (ICU), ഓപ്പറേഷൻ തിയേറ്റർ, ഡയാലിസിസ് തുടങ്ങിയ മേഖലകളിൽ പ്രത്യേകം വൈദഗ്ധ്യമുള്ള നഴ്സുമാരുടെ ആവശ്യം ഇന്ന് ഇന്ത്യയിൽ വളരെയേറെയാണ്. ആഗോളതലത്തിൽ, ഇന്ന് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖലകളിലൊന്നാണ് നഴ്സിംഗ്. പ്രത്യേകിച്ചും മലയാളികളായ നഴ്സുമാർക്ക് ലോകമെമ്പാടും വലിയ സ്വീകാര്യതയാണുള്ളത്.
advertisement
യു.എസ്.എ, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നഴ്സുമാർക്ക് മികച്ച ശമ്പളവും സുരക്ഷിതമായ ജീവിതസാഹചര്യങ്ങളും ലഭിക്കുന്നു.
വിദേശ രാജ്യങ്ങളിൽ ക്ലിനിക്കൽ നഴ്സിംഗിന് പുറമെ, നഴ്സിംഗ് പ്രാക്ടീഷണർ, റിസർച്ച് നഴ്സ് തുടങ്ങിയ ഉന്നത തസ്തികകളിൽ ജോലി ചെയ്യാനുള്ള അവസരങ്ങളുണ്ട്.വികസിത രാജ്യങ്ങളിലെ പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതിനാലും (Geriatric Care), മികച്ച ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്നതിനാലും നഴ്സുമാർക്ക് അവിടെ വലിയ ഡിമാൻഡാണ്.
advertisement
നഴ്സിംഗ് ബിരുദത്തിന്റെ പ്രസക്തി
ഒരു നഴ്സിംഗ് ബിരുദം (B.Sc Nursing) കേവലം ഒരു സർട്ടിഫിക്കറ്റ് എന്നതിലുപരി ഒരു വിദ്യാർത്ഥിയെ പ്രൊഫഷണൽ രീതിയിൽ പാകപ്പെടുത്തിയെടുക്കുന്നു.
അക്കാദമിക് മികവ്: ശരീരശാസ്ത്രം (Anatomy), ഔഷധശാസ്ത്രം (Pharmacology), മനശാസ്ത്രം (Psychology) തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ആഴത്തിലുള്ള അറിവ് ഒരു ബിരുദധാരിക്ക് ലഭിക്കുന്നു. ഇതുകൂടാതെ ഹോസ്പിറ്റൽ മാനേജ്‌മെന്റിലും ടീം ലീഡിംഗിലും ബിരുദധാരികൾക്ക് മുൻഗണന ലഭിക്കാറുണ്ട്.
advertisement
കോഴ്സ് പൂർത്തിയാക്കിയാലുടൻ തന്നെ തൊഴിൽ ഉറപ്പുള്ള അപൂർവ്വം മേഖലകളിലൊന്നാണ് നഴ്‌സിംഗ്.
ചുരുക്കത്തിൽ, ആരോഗ്യ സേവന രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക്, അന്തസ്സും ആഭിജാത്യവുമുള്ള ഒരു ജീവിതം നഴ്സിംഗ് ബിരുദത്തിലൂടെ കെട്ടിപ്പടുക്കാൻ സാധിക്കും.
കേരളത്തിലെ പ്രവേശനം
കേരളത്തിൽ ബിഎസ് സി നഴ്‌സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്, അടുത്ത അധ്യയന വർഷത്തിലെ, പ്രവേശന അഡ്മിഷൻ നടപടികളെക്കുറിച്ച് അടിസ്ഥാന പരമായ ചിലകാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു. ബയോളജി സയൻസ് സ്ട്രീമിൽ പ്ലസ് ടു പൂർത്തിയായവർക്കു മാത്രമാണ്, നിലവിൽ കേരളത്തിൽ പ്രവേശന സാധ്യത. ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ നിർദേശ പ്രകാരം, രാജ്യത്തെ ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും നഴ്‌സിംഗ് പ്രവേശനം, പ്രവേശന പരീക്ഷ മുഖാന്തിരമാണെങ്കിലും കേരളത്തിൽ കഴിഞ്ഞ അധ്യയന വർഷം വരെ, അപേക്ഷാകർക്ക് പ്ലസ്ടുവിൽ ലഭിച്ച മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകിയിരിക്കുന്നത്. ഈ അധ്യയന വർഷം മുതൽ പ്രവേശന പരീക്ഷയുണ്ടാകുമെന്ന് ഊഹാപോഹങ്ങളുണ്ടെങ്കിലും നിലവിൽ ഇക്കാര്യത്തിൽ കൃത്യമായ ധാരണയായിട്ടില്ല.
advertisement
പ്രവേശന സാധ്യതകൾ
നഴ്‌സിംഗ് പഠനം തിരഞ്ഞെടുക്കുന്നവർക്കായി, കേരളത്തിൽ പ്രധാനപ്പെട്ട നാല് വെബ്സൈറ്റുകൾ വഴിയാണ്, ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത്. സ്വാഭാവികമായും പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമാണ്, അഡ്മിഷൻ നടപടികൾ ആരംഭിക്കുന്നത്. കേരളത്തിലെ നഴ്‌സിംഗ് ബിരുദത്തിൻ്റ അഡ്മിഷന്, നീറ്റ് (NEET) പരീക്ഷയോ കീം (KEAM) രജിസ്‌ട്രേഷനോ ബാധകമല്ല. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ, താഴെ കാണുന്ന നാല് പോർട്ടലുകൾ വഴി മാത്രമാണ്, പ്രവേശനം. എന്നാൽ അമൃത യൂണിവേഴ്സിറ്റി പോലുള്ള ചില സ്ഥാപനങ്ങൾ സ്വന്തം നിലയിൽ എൻട്രൻസ് പരീക്ഷകൾ നടത്താറുണ്ട്.
advertisement
I.LBS സെന്റർ (LBS Centre for Science & Technology)
സർക്കാർ നഴ്‌സിംഗ് കോളേജുകളിലേയ്ക്കും സ്വാശ്രയ കോളേജുകളിലെ സർക്കാർ ക്വാട്ടയിലേക്കും എൽ.ബി.എസ്. മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്.
പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (PCB) വിഷയങ്ങളുടെ രണ്ടാം വർഷത്തെ മാർക്ക് മാത്രമാണ് റാങ്ക് ലിസ്റ്റിനായി പരിഗണിക്കുന്നത്.ജനറൽ വിഭാഗത്തിന് 50% മാർക്കും, പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക്, 45% മാർക്കും ഉണ്ടായിരിക്കണം.
വെബ് സൈറ്റ്
advertisement
https://lbscentre.kerala.gov.in
ഫോൺ:0471 2324396
II.CPAS (Centre for Professional and Advanced Studies)
ഗവൺമെന്റ് നിയന്ത്രിത സ്ഥാപനമാണ്, സെൻ്റർ ഫോർ പ്രഫഷണൽ & അഡ്വാൻസ്ഡ് സ്റ്റഡീസ്. സെൻ്ററിനു കീഴിൽ സംസ്ഥാനത്തുടനീളം നഴ്‌സിംഗ് കോളജുകളുണ്ട്.പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ നാല് വിഷയങ്ങളുടെയും മാർക്ക് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.
വെബ് സൈറ്റ്
https://cpas.ac.in
ഫോൺ:04812595478, 94479 67150 മെയിൽ: smeadmission2024@gmail.com
III.AMCSFNCK (Association of Management of Christian Self Financing Nursing Colleges of Kerala)
ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ അഡ്‌മിഷൻ നടത്തുന്നത്, അവരുടെ വെബ് സൈറ്റ് മുഖാന്തിരമാണ്.
ഇവിടെ 85% സീറ്റുകൾ ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവർക്കും ബാക്കി 15% സീറ്റുകൾ ഓപ്പൺ മെറിറ്റിലുമാണ്. പ്ലസ് ടു രണ്ടാം വർഷത്തെ PCB + ഇംഗ്ലീഷ് മാർക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
വെബ്സൈറ്റ്
ഫോൺ:04842400444
മെയിൽ :admission@amcsfnck.com
IV.PNCMAK (Private Nursing College Management Association of Kerala)
ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലല്ലാത്ത, മറ്റ് പ്രൈവറ്റ് നഴ്‌സിംഗ് കോളേജുകളുടെ അസോസിയേഷനാണിത്.
അപേക്ഷാ സമയത്ത് തന്നെ 10 കോളേജുകൾ വരെ ഓപ്ഷനായി നൽകാം. പ്ലസ് ടു രണ്ടാം വർഷത്തെ PCB + ഇംഗ്ലീഷ് മാർക്കാണ് ഇവിടെയും മാനദണ്ഡം.
വെബ് സൈറ്റ്
ഫോൺ:9061484042
മെയിൽ: help@pncmak.in
ഫീസ് ആനുകൂല്യവും സ്കോളർഷിപ്പും
LBS, CPAS എന്നിവ വഴി അഡ്മിഷൻ ലഭിക്കുന്ന SC/ST, OEC, ഫിഷർമാൻ വിഭാഗത്തിലുള്ള കുട്ടികൾക്ക് ഇ-ഗ്രാന്റ്സ് വഴി ഫീസ് ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനുകൾ (AMCSFNCK, PNCMAK) വഴി അഡ്മിഷൻ എടുക്കുന്നവർക്ക് സാധാരണയായി ഇത്തരം ഇളവുകൾ ലഭിക്കാറില്ല. എന്നാൽ അതാത് മാനേജ്മെൻ്റുകളും മറ്റ് സർക്കാർ /സർക്കാർ ഇതര ഏജൻസികളും മാർക്കിൻ്റേയും മറ്റ് സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തിൽ ലഭിക്കാനിടയുണ്ട്.
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്
വിദ്യാർത്ഥികൾക്ക്,ഒന്നിലധികം വെബ്സൈറ്റുകൾ വഴി ഒരേസമയം അപേക്ഷിക്കാവുന്നതാണ്.
ഓരോ പോർട്ടലിലും ലഭ്യമായ സീറ്റുകളുടെ എണ്ണവും മുൻവർഷത്തെ ഇൻഡക്സ് മാർക്കും പരിശോധിച്ച്, പ്രാഥമിക ധാരണയായതിനു ശേഷം, അപേക്ഷിക്കുന്നതാണ് ഉചിതം. മുഖ്യധാര പത്രങ്ങളിൽ പ്രവേശന നടപടിക്രമങ്ങൾ വിവരിച്ചു കൊണ്ട് , വാർത്താകുറിപ്പ് ഉണ്ടാകുമെങ്കിലും , പ്ലസ് ടു ഫലം വന്നാലുടൻ മേൽസൂചിപ്പിച്ച വെബ്സൈറ്റുകൾ നിരന്തരം പരിശോധിച്ച് തയ്യാറെടുപ്പോടെ ഓൺലൈൻ അപേക്ഷകൾ പൂരിപ്പിക്കേണ്ടതുണ്ട്.
കേരളത്തിനു പുറത്തും നഴ്‌സിംഗ് പ്രവേശനം
അപേക്ഷകരുടെ എണ്ണം കൂടുതലും നഴ്‌സിംഗ് ബിരുദ സീറ്റുകളുടെ എണ്ണം കുറവുമായതിനാൽ മുൻവർഷങ്ങളിലൊക്കെ തന്നെ കുറെയധികം വിദ്യാർത്ഥികൾ, തമിഴ്‌നാട്, കർണാടകയുൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നഴ്‌സിംഗ് ബിരുദത്തിനു ചേർന്നിട്ടുണ്ട്. അങ്ങിനെ ചേരുമ്പോൾ, സ്ഥാപനത്തിൻ്റെ അംഗീകാരം ഉറപ്പുവരുത്തേണ്ടേത്, നിർബന്ധബുദ്ധ്യാ ചെയ്യേണ്ടതാണ്. മാത്രവുമല്ല; പരമാവധി നഴ്‌സിംഗ് ബിരുദപഠനം, മെഡിക്കൽ കോളേജുകളിൽ ക്രമീകരിക്കാൻ ശ്രമിക്കുന്നതാണ് , അഭികാമ്യം.
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Apr 01, 2026 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നഴ്സിംഗ് ആണോ ലക്ഷ്യം? കേരളത്തിലെ നഴ്സിംഗ് ബിരുദ പ്രവേശനം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ









