• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | അഗളി സ്വദേശിയായ പ്രവാസിയുടെ കൊലപാതകം ; അഞ്ചു പേർ അറസ്റ്റിൽ

Murder | അഗളി സ്വദേശിയായ പ്രവാസിയുടെ കൊലപാതകം ; അഞ്ചു പേർ അറസ്റ്റിൽ

മൂന്ന് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ. നടന്നത് അരുംകൊല

അറസ്റ്റിലായവർ

അറസ്റ്റിലായവർ

  • Share this:
പെരിന്തല്‍മണ്ണയില്‍ അഗളി സ്വദേശിയായ പ്രവാസിയെ കൊലപ്പെടുത്തിയ കേസിൽ (murder case) അഞ്ച് പേര്‍ അറസ്റ്റിൽ. മൂന്ന് പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ് എസ്. പറഞ്ഞു. കേസിലെ മുഖ്യപ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. കൂടുതൽ പേർ പിടിയിലാകാൻ ഉണ്ടെന്നും സ്വർണക്കടത്ത് തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും എസ്.പി. പറഞ്ഞു.

ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അൽത്താഫ്, ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ എന്ന മുത്തു, എടത്തനാട്ടുക്കര സ്വദേശി പാറക്കോട്ടു വീട്ടിൽ അനസ് ബാബു എന്ന മണി, പൂന്താനം സ്വദേശി കോണികുഴിയിൽ വീട്ടിൽ മുഹമ്മദ് അബ്ദുൽ അലി എന്ന അലിമോൻ, പൂന്താനം കൊണ്ടി പറമ്പ് സ്വദേശി പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ എന്ന ഉണ്ണി എന്നിവർ ആണ് അറസ്റ്റിലായത്.

അലിമോന്‍, അല്‍ത്താഫ്, റഫീഖ്, എന്നിവര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളത്. കുറ്റകൃത്യത്തിൽ പങ്കാളികളായ അനസ് ബാബു, മണികണ്ഠന്‍ എന്നിവരാണ് സഹായങ്ങൾ ചെയ്തു കൊടുത്തത്. ഒളിവില്‍ പോയ യഹിയയാണ് കേസിലെ പ്രധാന പ്രതി. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. കേസിൽ കൂടുതൽ പേർ പിടിയിലാകാൻ ഉണ്ടെന്നും പ്രതികളെ രക്ഷപ്പെടാൻ സഹയിച്ചവരും പിടിയിലാകുമെന്നും എസ്.പി. പറഞ്ഞു.

സ്വർണക്കടത്ത് തന്നെയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊല ചെയ്യപ്പെട്ട ജലീൽ സ്വർണത്തിൻ്റെ കാരിയർ ആയിരുന്നു.15ന് നെടുമ്പാശേരിയിൽ ഇറങ്ങിയത് മുതൽ ജലീൽ ഇവരുടെ കസ്റ്റഡിയിലായിരുന്നു.

പിന്നീട് സംഭവിച്ചതിനെ പറ്റി പോലീസ് ഭാഷ്യം ഇങ്ങനെ: പ്രതികളെ ഉച്ചയോടെ പെരിന്തൽമണ്ണയിൽ എത്തിച്ചു. രാത്രി ഒൻപതു മണി വരെ രണ്ടു കാറുകളിലായി പെരിന്തൽമണ്ണയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി രാത്രി 10 മണിയോടെ ആക്കപ്പറമ്പിലുള്ള വിജനമായ ഗ്രൗണ്ടിൽ എത്തിച്ചു. പിന്നീട് സംഘത്തിലേക്ക് രണ്ടു കാറുകളിലായി എത്തിയ കുഴൽപ്പണ വിതരണ സംഘത്തിൽ ഉൾപ്പെട്ടവരും ചേർന്ന് ആക്കപ്പറമ്പിലെ ഗ്രൗണ്ടിൽ വെച്ച് രാത്രി പത്തു മണിമുതൽ പുലർച്ചെ അഞ്ച് മണി വരെ മരകായുധങ്ങളായ ഇരുമ്പു പൈപ്പുകളും വടികളും ഉപയോഗിച്ച് കാലിലും കൈകളിലും തുടകളിലും ശരീരത്തിന് പുറത്തും യുവാവിന്റെ കൈകൾ പുറകോട്ട് കെട്ടി അതിക്രൂരമായി അടിച്ചും, കുത്തിയും പരിക്കേൽപ്പിച്ചു.

യുവാവിന്റെ കാലുകൾ പൊട്ടി രക്തം ഒലിക്കാൻ തുടങ്ങിയതോടെ ഗ്രൗണ്ടിൽ നിന്നും എടുത്ത് കാറിൽ കയറ്റി പുലർച്ചെ അഞ്ച് മണിയോടെ എടത്തനാട്ടുകര സ്വദേശി അനസ് ബാബു എന്ന മണിയുടെ പെരിന്തൽമണ്ണ ജൂബിലി റോഡിലെ ഫ്ലാറ്റിലേക്ക് മാറ്റി.

അവിടെവച്ച് സംഘത്തിലുള്ളവർ തുടർച്ചയായി രണ്ടു ദിവസത്തോളം രാത്രിയിലും പകലും മാറിമാറി യുവാവിനെ ഇരുമ്പ് പൈപ്പുകൾ ജാക്കി, ലിവർ എന്നിവ ഉപയോഗിച്ച് ശരീരത്തിൽ അടിച്ചും കുത്തിയും പരിക്കേൽപ്പിക്കുകയും കത്തികൊണ്ട് ശരീരത്തിലെ പലഭാഗങ്ങളിലായി മുറിച്ച് പരിക്കേൽപ്പിച്ച ശേഷം പരിക്കുകൾ ഗുരുതരമായി യുവാവിനെ ശരീരത്തിൽനിന്നും രക്തം വരികയും അത് തറയിലും ബെഡിലും ആയതോടെ അനസ് ബാബു യുവാവിനെ അവിടെ നിന്നും മാറ്റാൻ ആവശ്യപ്പെട്ടു.

എന്നിട്ടും സംഘം യുവാവിനെ ആശുപത്രിയിൽ ആക്കുന്നതിനോ വീട്ടിൽ എത്തിക്കുന്നതിനോ ശ്രമിക്കാതെ സംഘത്തിൽ ഉൾപ്പെട്ട മേലാറ്റൂരിൽ മെഡിക്കൽ ഷോപ് നടത്തുന്ന മണികണ്ഠൻ എന്നയാളുടെ മെഡിക്കൽ ഷോപ്പിൽ നിന്നും മുറിവ് ഉണങ്ങുന്നതിനും മറ്റുമുള്ള മരുന്നുകൾ എത്തിച്ച്‌ ശരീരത്തിൽ പുരട്ടി ഫ്ലാറ്റ് വൃത്തിയാക്കി പരിക്കേറ്റ യുവാവിനെ ഫ്ലാറ്റിൽ നിന്നും മുഹമ്മദ് അബ്ദുൽ അലി എന്ന അലിമോന്റെ പൂപ്പലത്തുള്ള വീട്ടിലേക്കു മാറ്റി അവിടെ വെച്ചും സംഘം ക്രൂരമായി പരിക്കേൽപ്പിച്ചു. അവശനിലയിലായ യുവാവ് പതിനെട്ടാം തിയതി രാത്രിയോടെ ബോധരഹിതനാവുകയും ചെയ്തു.

തുടർന്ന് സംഘത്തിൽ ഉൾപ്പെട്ട കൊണ്ടോട്ടി സ്വദേശിയുടെ പരിചയത്തിലുള്ള ആശുപത്രിയിലെ രണ്ട് നേഴ്സിംഗ് അസിസ്റ്റൻറ്മാരെ കാറിൽ യുവാവിനെ പാർപ്പിച്ച വീട്ടിലെത്തിച്ച് ഗ്ലൂക്കോസും മറ്റു ചില മരുന്നുകളും നൽകി. എന്നാല് ജലീലിൻ്റെ ബോധം തിരിച്ചു കിട്ടാതായതോടെ പത്തൊമ്പതാം തീയതി രാവിലെ 7 മണിയോടെ  മുഖ്യപ്രതിയായ യഹിയ  കാറിൽ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിക്കുകയും ആശുപത്രിക്കാരോട് പ്രതി ആക്കപ്പറമ്പ് റോഡ് സൈഡിൽ പരിക്കുപറ്റി കിടക്കുന്നത് കണ്ടു എടുത്തു കൊണ്ട് വന്നതാണെന്നും പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയാണുമുണ്ടായത്. അന്ന് രാത്രി 12 മണിയോടെ ജലീൽ മരിച്ചു.

സ്വർണം എന്ത് ചെയ്തെന്നും എത്ര ഉണ്ടായിരുന്നു എന്നും തുടർഅന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. യഹിയയെ പിടികൂടിയാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.
Published by:user_57
First published: