നെടുമ്പാശേരി വിമാനത്താവളത്തിൽ 2 കോടി വില വരുന്ന മയക്കുമരുന്നുമായി വിദേശ വനിത പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
ദോഹയിൽ നിന്നെത്തിയ യാത്രക്കാരി ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ പോകാനായി എത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട. രണ്ട് കോടി രൂപയോളം വിലവരുന്ന 3.98 കിലോ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ ഡൊമസ്റ്റിക് ടെർമിനലിൽ നടന്ന പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ദോഹയിൽ നിന്നാണ് ആഫ്രിക്കൻ വംശജയായ പ്രതി കൊച്ചിയിൽ എത്തിയത്. തുടർന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ പോകാനായി എത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. രജിസ്റ്റർ ചെയ്ത ലഗേജ് ഇൻലൈൻ സ്ക്രീനിംഗിന് വിധേയമാക്കിയപ്പോൾ സിയാൽ സെക്യൂരിറ്റി വിഭാഗത്തിന് സംശയം തോന്നി. തുടർന്ന് ലെവൽ 4-ൽ വെച്ച് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ ബാഗിന്റെ അടിഭാഗത്തുള്ള രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ രണ്ട് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.
സിയാൽ ഡ്യൂട്ടി മാനേജർ ഉടൻ തന്നെ കസ്റ്റംസ് അധികൃതരെ വിവരം അറിയിക്കുകയും യാത്രക്കാരിയെയും ലഹരിമരുന്നും അവർക്ക് കൈമാറുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ പിടികൂടിയത് മെത്താക്യുലോൺ ആണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 27, 2026 10:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നെടുമ്പാശേരി വിമാനത്താവളത്തിൽ 2 കോടി വില വരുന്ന മയക്കുമരുന്നുമായി വിദേശ വനിത പിടിയിൽ










