ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ യുവാക്കളുടെ സ്വവർഗരതിക്ക് പിന്നാലെ സ്വര്‍ണം ഊരിയെടുത്തു; ഉപേക്ഷിച്ചത് 'സുമതി വളവി'ൽ
- Published by:Rajesh V
- news18-malayalam
Last Updated:
ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ഒന്നും രണ്ടും പ്രതികളുമായി കാറിൽ വെച്ച് സ്വവർഗരതിയിൽ ഏർപ്പെട്ടു. ആ സമയം, അപരിചിതരെപ്പോലെ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ ഇയാളെ കാറിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു
തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പിലൂടെ സ്വവർഗാനുരാഗികളായ പുരുഷന്മാരെ കണ്ടെത്തി ലൈംഗികമായി ബന്ധപ്പെട്ടശേഷം പണം തട്ടുന്ന സംഘം അറസ്റ്റില്‍. സ്വവർഗാനുരാഗിയായ വെഞ്ഞാറമൂട് സ്വദേശിക്ക് ഇത്തരത്തിൽ നഷ്ടമായത് കഴുത്തില്‍ കിടന്ന മൂന്ന് പവന്‍റെ സ്വർണാഭരണം. സംഭവത്തിൽ ചിതറ കൊല്ലായിൽ സ്വദേശി സുധീർ(24), മടത്തറ സത്യമംഗലം സ്വദേശി മുഹമ്മദ് സൽമാൻ(19), പോരേടം സ്വദേശി ആഷിക് (19), ചിതറ കൊല്ലായിൽ സ്വദേശി സജിത്ത് (18) എന്നിവരാണ് കുടുങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വെഞ്ഞാറമൂട് സ്വദേശി ഡേറ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്തത്. അന്നേദിവസം രാത്രിയിൽ ബന്ധപ്പെടാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വെഞ്ഞാറമൂടിനടുത്തെ മുക്കുന്നൂരിലേക്ക് സംഘം വിളിച്ചു വരുത്തുകയായിരുന്നു. ശേഷം ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് ഒന്നും രണ്ടും പ്രതികളുമായി കാറിൽ വെച്ച് സ്വവർഗരതിയിൽ ഏർപ്പെട്ടു. ആ സമയം, അപരിചിതരെപ്പോലെ എത്തിയ സംഘത്തിലെ മറ്റ് രണ്ട് പേർ ഇയാളെ കാറിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
ശേഷം ആഭരണം ഊരിയെടുത്ത ശേഷം മർദ്ദിച്ച് അവശനാക്കി മുഖം മൂടിക്കെട്ടി പാലോട് സുമതി വളവിൽ ഉപേക്ഷിക്കുകയായിരുന്നു. അടുത്ത ദിവസമാണ് യുവാവ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്. തട്ടിക്കൊണ്ട് പോയി പണം കവർന്നു എന്ന് മാത്രം പറഞ്ഞ യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഡേറ്റിംഗ് ആപ്പിന്റെ കഥ പുറത്തായത്.
advertisement
തുടർന്ന് പൊലീസ് വെള്ളിയാഴ്ച കേസിലെ നാലാം പ്രതിയെ കുളത്തൂപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. എറണാകുളത്തേക്ക് കടക്കാന്‍ ശ്രമിച്ച മറ്റ് പ്രതികളുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ആലപ്പുഴ പൊലീസിന് കൈമാറുകയും ആലപ്പുഴ പുന്നപ്ര വെച്ച് ഹൈവേ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് ആലപ്പുഴയെത്തി വെഞ്ഞാറമൂട് പൊലീസ് പ്രതികളെ ഏറ്റുവാങ്ങി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിയിൽ ഹാജരാക്കി. കവർച്ച ചെയ്‌തെടുത്ത സ്വർണം കേസിലെ ഒന്നാം പ്രതി സുധീർ കൊല്ലം ജില്ലയിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒന്നേകാൽ ലക്ഷത്തിന് പണയം വച്ചു.
advertisement
കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘം ഇത്തരത്തിൽ ലക്ഷങ്ങളാണ് സമ്പാദിച്ചതെന്ന് പൊലിസ് പറയുന്നു. ഈ തുക സുധീറിന്‍റെ അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
August 12, 2025 9:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ യുവാക്കളുടെ സ്വവർഗരതിക്ക് പിന്നാലെ സ്വര്‍ണം ഊരിയെടുത്തു; ഉപേക്ഷിച്ചത് 'സുമതി വളവി'ൽ