• HOME
 • »
 • NEWS
 • »
 • crime
 • »
 • ഏഴു വര്‍ഷത്തിനിടെ കള്ളന്‍ കയറിയത് നാല് തവണ; എന്തുചെയ്യണമെന്നറിയാതെ കണ്ണൂരിലെ ജുവലറി ഉടമ

ഏഴു വര്‍ഷത്തിനിടെ കള്ളന്‍ കയറിയത് നാല് തവണ; എന്തുചെയ്യണമെന്നറിയാതെ കണ്ണൂരിലെ ജുവലറി ഉടമ

കടയിലുണ്ടായിരുന്ന ബാഗും പൂട്ടുപൊളിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് പാരയും അടുത്ത പറമ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

 • Share this:

  കണ്ണൂര്‍ കരിവെള്ളൂര്‍ ബസാറിലെ സി.കെ.വി. ജൂവലറി വര്‍ക്‌സില്‍ വീണ്ടും കള്ളന്‍ കയറി. ചൊവ്വാഴ്ച രാവിലെയാണ് കടയുടെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. ഒരാഴ്ച മുന്‍പ് കടയുടെ ചുമര്‍ തുരന്ന് മോഷണം നടത്താന്‍ ശ്രമം നടന്നിരുന്നു. ഷട്ടറിന്റെ രണ്ട് പൂട്ടുകളും തകര്‍ത്ത നിലയിലായിരുന്നു. ജൂവലറിയിലെ മുഴുവന്‍ സാധനങ്ങളും പണി ഉപകരണങ്ങളും കള്ളന്മാര്‍ വാരിവലിച്ചിട്ടു. ഏഴുവര്‍ഷത്തിനിടെ ഇത് നാലാം തവണയാണ്  സി.കെ.വി. ജൂവലറിയില്‍ മോഷണശ്രമം നടക്കുന്നത്.

  തെക്കെ മണക്കാട്ടെ സി.കെ.വി. ബാബുവിന്റെതാണ് കട. കരിവെള്ളൂര്‍ കെ. ഗോവിന്ദന്‍ സ്മാരക മന്ദിരത്തിലാണ് ജൂവലറി പ്രവര്‍ത്തിക്കുന്നത്. മന്ദിരത്തിന്റെ ഓഫീസ് മുറിയിയുടെ ചുമര്‍ തുരന്ന് ജൂവലറിക്കകത്തേക്ക് കടക്കാന്‍ കഴിഞ്ഞാഴ്ച ശ്രമിച്ചിരുന്നു. കോണ്‍ക്രീറ്റ് ചുമര്‍ തുരക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

  Also Read-ആമസോണില്‍ നിന്ന് കമ്മീഷന്‍ നേടാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവാവ് കല്ല്യാണ ചെലവിനായി സ്വരൂപിച്ച പണം നഷ്ടപ്പെട്ടു

  വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നെങ്കിലും കടയില്‍ സ്വര്‍ണമുണ്ടായിരുന്നില്ല. വെള്ളി ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. കടയിലുണ്ടായിരുന്ന ബാഗും പൂട്ടുപൊളിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് പാരയും അടുത്ത പറമ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പയ്യന്നൂര്‍ എസ്.ഐ. കെ.എസ്. മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

  ദേശീയപാതയോട് ചേര്‍ന്ന് കരിവെള്ളൂര്‍ ബസാറില്‍ വര്‍ഷങ്ങളായി സി.കെ.വി. ജൂവലറി വര്‍ക്‌സ് എന്ന പേരില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിക്കുന്നയാളാണ്  ബാബു. സ്വര്‍ണാഭരണ നിര്‍മാണത്തോടൊപ്പം കമ്മല്‍, മോതിരം തുടങ്ങിയ ചെറിയ സ്വര്‍ണം, വെള്ളി ആഭരണങ്ങളുുടെ വില്‍പനയും നടത്താറുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണയും ഏഴുവര്‍ഷത്തിനിടെ നാലാം തവണയുമാണ് ബാബുവിന്റെ കടയില്‍ മോഷണശ്രമം നടക്കുന്നത്.

  Also Read-പുലര്‍ച്ചെ വീട്ടിൽ ചക്ക വെട്ടുന്നതിനടെ വീട്ടമ്മയുടെ മുഖംപൊത്തി സ്വർണമാല കവർന്നു

  ‘ശത്രുതയുള്ളതുപോലെയാണ് മോഷ്ടാക്കളുടെ ആക്രമണം. ജീവിക്കാന്‍ അനുവദിക്കുകയില്ലെന്ന് തീരുമാനിച്ചാല്‍ എന്താ ചെയ്യുക. കുടുംബം പുലര്‍ത്താനാണ് കട തുറന്നത്. സ്വര്‍ണപ്പണി മാത്രമേ വശമുള്ളൂവെന്ന് ഉടമ ബാബു പ്രതികരിച്ചു.

  ഏഴ് വര്‍ഷം മുന്‍പ് നടന്ന ആദ്യ മോഷണത്തില്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കടയിലുണ്ടായിരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ മുഴുവന്‍ കൊണ്ടുപോയിരുന്നു. പിന്നീട് രണ്ട് വര്‍ഷം കഴിഞ്ഞ് കടയുടെ ഷട്ടര്‍ വാഹനത്തില്‍ ഘടിപ്പിച്ച് വലിച്ച് തകര്‍ത്ത് കള്ളന്മാര്‍ അകത്തുകടന്നെങ്കിലും. കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. ആദ്യത്തെ തവണ ഒഴിച്ച് ബാക്കി മൂന്ന് തവണയും ആഭരണങ്ങള്‍ കാര്യമായൊന്നും നഷ്ടപ്പെട്ടില്ലെങ്കിലും കട പൂര്‍വസ്ഥിതിയിലാക്കാന്‍ വന്‍ തുകയാണ് ഓരോതവണയും ബാബുവിന് ചെലവായത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയിലേക്കാണ് ഈ വ്യാപാരിയെ നയിച്ചത്.

  Published by:Arun krishna
  First published: