ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വിവാഹ ചെലവിനായി സ്വരൂപിച്ച മുഴുവന്‍ പണവും നഷ്ടപ്പെട്ട യുവാവിന് മുഴുവന്‍ പണവും കണ്ടെത്തി നല്‍കി തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ്. ചേലക്കര സ്വദേശിയായ യുവാവാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായത്.
ഓൺലൈനിൽ പാർട് ടൈം ജോലി എന്ന വാട്സാപ് പരസ്യത്തിന് പ്രതികരിച്ചപ്പോൾ ഈ ലിങ്കിൽ ക്ളിക് ചെയ്താൽ ആമസോൺ പ്രൊഡക്ട്സ് വെർച്വൽ ആയി വാങ്ങിയാൽ കമ്മീഷൻ നേടാം എന്ന മറുപടിയാണ് ലഭിച്ചത്. ഉടൻതന്നെ ലിങ്കിൽ കയറി യുവാവ് റെജിസ്റ്റർ ചെയ്തു. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം മോണിക്ക ആമസോൺ എന്നുപേരുള്ള ടെലഗ്രാം അക്കൌണ്ടിലൂടെയാണ് ലഭിച്ചിരുന്നത്. ചാറ്റ് ചെയ്തപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്ന കമ്മീഷനെപ്പറ്റിയും ഉത്പന്നങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ ലഭിച്ചു.
ഉത്പന്നങ്ങൾ വാങ്ങുന്നതിനായി ആമസോൺ എന്ന പേരിലുള്ള ഒരു വ്യാജ ലിങ്കും അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് യുവാവ് 500 രൂപയ്കു ഒരു ഉത്പന്നം വാങ്ങുകയും ഉടൻതന്നെ അക്കൗണ്ടിലേക്ക് കമ്മീഷൻ തുകയായ 300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് 5000, 10000, 25000 തുടങ്ങി 5 ലക്ഷത്തിലധികം രൂപയാണ് അയച്ചുകൊടുത്തത്.
അക്കൗണ്ടിലേക്ക് കമ്മീഷൻ ക്രെഡിറ്റ് ആയിട്ടുള്ള മെസേജ് വന്നുകൊണ്ടേയിരുന്നു. എന്നാൽ പണം പിൻവലിക്കാൻ സാധിക്കാതായപ്പോൾ സംശയം തോന്നിയിരുന്നു. കൂടുതൽ തുകയുടെ ഉത്പന്നങ്ങൾ വാങ്ങി ടാസ്ക് മുഴുവനായാൽ മാത്രമേ തുക പിൻവലിക്കാനാകൂ എന്നാണ് അവർ അറിയിച്ചത്. അവരുടെ മറുപടിയിൽ സംശയം തോന്നിയപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സൈറ്റ് വ്യാജനാണെന്നു മനസ്സിലായത്. അപ്പോഴേക്കും വലിയൊരു തുക യുവാവിന് നഷ്ടപ്പെട്ടിരുന്നു.
ഉടൻതന്നെ തൃശൂർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ എത്തി യുവാവ് പരാതി നൽകി. തുടര്‍ന്ന് ഇൻസ്പെക്ടർ എ.എ. അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ പണം നഷ്ടപ്പെട്ടയാളുടെ ക്കൌണ്ടുകളിൽ നിന്നും പണം കൈമാറിയ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുന്നതിന് ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദ്ദേശം നൽകുകയും, കൈമാറിയ പണം തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പുകാർ കൈകാര്യം ചെയ്തവയെന്ന് കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകള്‍ ലീൻ മാർക്ക് ചെയ്യുകയും ചെയ്തു. അതോടെ, പരാതിക്കാരന് നഷ്ടമായ മുഴുവൻ തുകയും തിരികെ ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.