ഇന്റർഫേസ് /വാർത്ത /Crime / ഗൗരി ഇനി ഓർമ; കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കുടുക്കിയ സാക്ഷി വിടപറഞ്ഞത് 98ാം വയസ്സിൽ

ഗൗരി ഇനി ഓർമ; കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കുടുക്കിയ സാക്ഷി വിടപറഞ്ഞത് 98ാം വയസ്സിൽ

News 18 Malayalam

News 18 Malayalam

ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു തിരുവല്ല കരിക്കന്‍വില്ല കൊലക്കേസ്. ഇതിൽ വഴിത്തിരിവുണ്ടാക്കിയ സാക്ഷിയായിരുന്നു ഗൗരി. പിന്നീട് അതൊരു ചലച്ചിത്രസൃഷ്ടിയിലേക്കും നയിച്ചു,' മദ്രാസിലെ മോന്‍'.

  • Share this:

തിരുവല്ല: "മദ്രാസിലെ മോന്‍ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു." ഗൗരിയുടെ പോലീസിനോടുള്ള ഈ വാക്കുകൾ തുറന്നത് നാലു പതിറ്റാണ്ടു മുമ്പ് നടന്ന ദൃക്‌സാക്ഷികളില്ലാത്ത അതിക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ പ്രതികളിലേക്കുള്ള വഴിയായിരുന്നു. പിന്നീട് അതൊരു ചലച്ചിത്രസൃഷ്ടിയിലേക്കും നയിച്ചു,' മദ്രാസിലെ മോന്‍'.

ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു തിരുവല്ല കരിക്കന്‍വില്ല കൊലക്കേസ്. ഇതിൽ വഴിത്തിരിവുണ്ടാക്കിയ സാക്ഷിയായിരുന്ന തിരുവല്ല മഞ്ഞാടി പൂതിരിക്കാട്ടുമലയില്‍ പരേതനായ കുഞ്ഞന്‍ പണിക്കന്റെ ഭാര്യ ഗൗരി (98 ) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് അന്തരിച്ചത്.

കേരളത്തെ നടുക്കിയ ഇരട്ടക്കൊല

1980 ഒക്ടോബര്‍ ഏഴിന് രാവിലെയായിരുന്നു അത്. കരിക്കന്‍വില്ല എന്ന വീട്ടിൽ എത്തിയ ജോലിക്കാരി ഗൗരി വീടിനു പിന്നിലെ ജനാലയിലൂടെ കണ്ട കാഴ്ച അതിദാരുണമായിരുന്നു. രക്തത്തില്‍കുളിച്ചുകിടക്കുന്ന വീട്ടുടമ കെ.സി. ജോര്‍ജ്(64), ഭാര്യ റേച്ചല്‍(60) എന്നിവരുടെ മൃതശരീരം. ഇരുവർക്കും കുത്തേറ്റിരുന്നു. റേച്ചലിന്റെ വയറ്റിൽ പിടി ഒടിഞ്ഞ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു.

മേശപ്പുറത്തു നാലു ചായക്കപ്പുകളുണ്ടായിരുന്നു. റേച്ചൽ തന്നെയാണു ചായ കൊണ്ടുപോയി കൊടുത്തത് എന്നതിന്റെ സൂചന പോലീസിനു കിട്ടി. റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ വിലയേറിയ റോളെക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, കുറച്ചു പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു.

രക്തം പുരണ്ട ഷൂസ്

കൊല നടന്ന വീടിനുള്ളിൽ വാരിവലിച്ചിട്ടിരുന്ന രക്തം പുരണ്ട കടലാസുകളിൽ പതിഞ്ഞ പുത്തൻ ഷൂസിന്റെ അവ്യക്തമായ പാടുകളാണ് അന്വേഷണ സംഘത്തിനു ലഭിച്ച ഏകസൂചന. കേരളത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത ഇനം ഡിസൈനുള്ള ഷൂസിന്റെ ഹീലിനെക്കുറിച്ചായി അന്വേഷണസംഘത്തവനായ സിബിമാത്യൂസിന്റെ ചിന്ത. അത് വിദേശനിർമ്മിതമാണെന്നു വ്യക്തമായി.

അതുവരെ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്‌ഥരെല്ലാം പ്രൊഫഷനൽ കൊലയാളിയാണെന്ന നിഗമനത്തിൽ എത്തിയിരുന്നു.എന്നാൽ സിബിമാത്യൂസ് പറഞ്ഞു. ‘‘ഇതു പ്രൊഫഷനൽ കൊലയാളിയല്ല, ആഡംബരപ്രിയരായ  ചെറുപ്പക്കാരാകാനാണു സാധ്യത.’’

മദ്രാസിലെ മോനും കരിക്കൻ വില്ലയിലെ അങ്കിളും ആന്റിയും

ഏറെക്കാലം കുവൈത്തിൽ ജോലിചെയ്‌തു വലിയ സമ്പാദ്യവുമായാണ് കരിക്കൻ ജോർജും റേച്ചലും നാട്ടിലെത്തിയത്.മക്കളില്ലാത്ത ഇവർക്ക് പുറംലോകവുമായി വലിയ ബന്ധമുണ്ടായിരുന്നില്ല.ബന്ധുക്കളോ പരിചയക്കാരോ അടുത്തുണ്ടായിരുന്നില്ല. തിരുവല്ലയിൽ നിന്ന് കോഴഞ്ചേരിക്കുള്ള വഴിയിലെ മീന്തലക്കരയിലെ കരിക്കൻവില്ലയെന്ന ശാന്തമായ വലിയ വീട്ടിൽ അവർ ഒതുങ്ങി. സഹായത്തിനുണ്ടായിരുന്നത് ഗൗരിയെന്ന പകൽ ജോലിക്കാരി മാത്രം.

സംഭവത്തിനു തലേന്ന് (ഒക്ടോബർ 6 ) താൻ ജോലികഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നിരുന്നെന്നും വന്നവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും ഗൗരി മൊഴി നൽകി.ആ മൊഴിയിലെ ഒരു വാചകമാണ് പൊലീസിനെ നയിച്ചത്. "മദ്രാസിലെ മോന്‍ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു," ഇത് പോലീസ് വിശദമായി പരിശോധിച്ചു.

TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]

ആഡംബരത്തിനായി അരും കൊല

മദ്രാസിലെ മോൻ എന്ന വാക്കു കേട്ട   സിബിമാത്യൂസ്  ജോർജിന്റെയും റേച്ചലിന്റെയും ഒരു ‘ഫാമിലി ട്രീ’ ഉണ്ടാക്കി. കൊല്ലപ്പെട്ട ജോർജിന്റെ ഒരു ബന്ധു ഇന്നത്തെ ചെന്നൈയിൽ ( അന്ന് മദ്രാസ്) പഠിക്കുന്നുണ്ടായിരുന്നു - റെനി ജോർജ്. അയാളും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്‌തമായി. അന്വേഷണം കോയമ്പത്തൂർ, തൃശി‌നാപ്പള്ളി വഴി മദ്രാസിലെത്തി. പത്താംദിവസം അവിടെയുള്ള ഒരു ലോഡ്‌ജിൽനിന്നു റെനിയും ഹസനും പൊലീസ് പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ച കിബ്‌ലോ പിന്നെ കീഴടങ്ങി.

മദ്രാസിൽ എയ്‌റോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥികളായിരുന്ന ഇവർ മദ്യത്തിനും ലഹരിമരുന്നിനും അടിമകളായിരുന്നു. പണമുണ്ടാക്കാൻ ചെറിയ മോഷണങ്ങളും നടത്തിവന്നിരുന്നതായി പൊലീസ് കണ്ടെത്തി. ആര്‍ഭാട ജീവിതം നയിക്കുന്നതിനായി കൊലപാതകം ആസൂത്രണം ചെയ്ത ഇവർ ചെന്നൈയിൽനിന്നു കാറോടിച്ചാണ് തിരുവല്ലയിലെത്തി കൊല നടത്തിയത്. കൊലപാതകത്തിനിടെ റെനിയുടെ കൈയിലെ ഞരമ്പ് കത്തികൊണ്ട് മുറിഞ്ഞു. മടങ്ങിപ്പോകുംവഴി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ മുറിവ് തുന്നിക്കെട്ടി.

ശിക്ഷയും മാനസാന്തരവും

പ്രതികളെ കോട്ടയം സെഷൻസ് കോടതി 1982 ജനുവരി ഒന്നിനു ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1983 മാർച്ച് 21നു ഹൈക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയുടെയും ഗുണശേഖരന്റെയും മുഹമ്മദിന്റെയും ശിക്ഷ. കെനിയക്കാരനായ കിബ്‌ലോയെ ഡൽഹി തിഹാർ ജയിലിലേക്കു മാറ്റി.

ജയിലില്‍വെച്ച്‌ സുവിശേഷകനായി മാറിയ റെനി പരോൾ കഴിഞ്ഞു മടങ്ങി വന്നതു വിവാഹിതനായാണ്.വധു ബഹ്‌റെനിൽ നഴ്‌സായ മംഗലാപുരം സ്വദേശി ടിന. കൊലയാളിയായ യുവാവിന്റെ മനം മാറ്റത്തിൽ വിശ്വാസം അർപ്പിച്ച ടിന ജീവിത പങ്കാളിയാകാൻ തീരുമാനിക്കുകയായിരുന്നു. 1995 ജൂണ്‍ 23ന് പ്രതികള്‍ ശിക്ഷാ കാലവധി കഴിഞ്ഞ് പുറത്തിറങ്ങി. ഓഗസ്‌റ്റോടെ ഗുലാം മുഹമ്മദും ഗുണശേഖരനും കിബ്‌ലോയും സ്വന്തം നാട്ടിലേക്കു മടങ്ങി. ജയിൽശിക്ഷ കഴിഞ്ഞു റെനി ബാഗ്ലൂരിൽ ടിനയ്‌ക്കൊപ്പം തടവുകാരുടെ മക്കൾക്കായി ഭവനം നടത്തി.

വാഗ്‌ദാനപ്പെരുമഴ; സത്യം പറയാനും പറയാതിരിക്കാനും

സത്യം പറഞ്ഞാൽ പോലീസ് പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മൊഴി മാറ്റിയാൽ 10 സെന്റ് സ്ഥലം നൽകാമെന്ന് പ്രതികളിൽ ഒരാളുടെ ഉറ്റ ബന്ധു ഗൗരിയുടെ പറഞ്ഞു. എന്നാൽ സത്യത്തിന് മറ്റെന്തിനേക്കാളും വില നൽകുന്ന സാധാരണക്കാരിൽ ഒരാളായ ഗൗരി തന്റെ മൊഴികളിൽ ഉറച്ചു നിന്നതോടെ കൊലപാതകികൾ ഇരുമ്പഴിക്കുള്ളിലായി. എന്നാൽ പാരിതോഷികം ഒന്നും ലഭിച്ചതുമില്ല. തന്റെ കൊച്ചു കൂരയിൽ ജീവിതം തുടർന്ന അവർ ശിക്ഷിക്കപ്പെട്ട റെനി പൂജപ്പുര സെൻട്രൽ ജയിലിൽനിന്നു പരോളിലിറങ്ങിയെന്നറിഞ്ഞപ്പോൾ പേടിച്ചു. റെനി പക്ഷേ ഗൗരിയോടു പകരം ചോദിക്കാൻ പോയില്ല. ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടിയപ്പോൾ പകരം ചോദിച്ചത് പ്രിയപ്പെട്ട യജമാനത്തിയെ കൊന്നതിനു മാപ്പ് എന്നായിരുന്നു.

അന്വേഷണ സംഘത്തിലെ എസ്.പി: ഗോപിനാഥ്, സി.ഐ: എ.കെ. ആചാരി, എസ്.ഐ. അബ്‌ദുൽ കരിം എന്നിവർ മരിച്ചു. കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ സിബി മാത്യുവും റെനിയെ വീണ്ടു കണ്ടുമുട്ടി. പരോളിലിറങ്ങിയ കുറ്റവാളി തനിക്കു ശിക്ഷ വാങ്ങിത്തന്നെ ഉദ്യോഗസ്‌ഥനെ തേടിപ്പിടിച്ചു ചെന്നുകണ്ടു. റെനിയുടെ മാനസാന്തരത്തിന്റെ കഥ ദൃശ്യവും ശബ്‌ദവുമായി സി.ഡി. രൂപത്തിൽ പുറത്തിറങ്ങിയപ്പോൾ ആദ്യ സി.ഡി. ഏറ്റുവാങ്ങാനെത്തിയതും സിബി മാത്യൂസായിരുന്നു. ദുരന്തമേറ്റു വാങ്ങിയ കരിക്കൻവില്ല ഇന്നൊരു മത സംഘടനയുടെ ഉടമസ്ഥതയിലാണ്.

തിരശീലയിൽ പടർന്ന ചോരക്കഥ

കരിക്കന്‍വില്ല കൊലപാതകത്തെ അടിസ്ഥാനമാക്കി മദ്രാസിലെ മോന്‍ എന്ന ചിത്രവും 1982 ൽ ഇറങ്ങി. തിരുവല്ല സ്വദേശിയായ മണി മല്യത്ത് ആയിരുന്നു രാഗം മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചത്. അന്നത്തെ ഹിറ്റ് മേക്കർ ശശികുമാറായിരുന്നു സംവിധാനം. തിരക്കഥ പി.എം നായർ. വിവാദത്തിന്റെ അകമ്പടിയോടെയായിരുന്നു വരവ്. ഏപ്രിൽ ഒമ്പതിന് ഇറങ്ങേണ്ടിയിരുന്ന ചിത്രം ഓഗസ്റ്റ് 20 നാണ് തീയറ്ററിൽ എത്തിയത് റേച്ചലായി ഷിലയും ജോര്‍ജായി കെ പി ഉമ്മറും. റെനിയായി അഭിനയിച്ചത് രവീന്ദ്രനായിരുന്നു. മോഹന്‍ലാലും സംവിധായകൻ തമ്പി കണ്ണന്താനവും സഹകഥാപാത്രങ്ങളായിരുന്നു.

First published:

Tags: Murder, Thiruvalla