കോട്ടയം മുണ്ടക്കയത്ത് അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു; സംഭവത്തില്‍ ദുരൂഹത
- Published by:Vishnupriya S
- news18-malayalam
Last Updated:
വീട്ടിനുള്ളിലുണ്ടായിരുന്ന, ഉപകരണങ്ങളും, തൊട്ടടുത്തുണ്ടായിരുന്ന ഷെഡ്ഡും പൂർണമായി കത്തിനശിച്ചു
കോട്ടയം: മുണ്ടക്കയത്ത് അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫിനെ കുത്തിക്കൊന്ന പ്രതി ബിജോയി(42)യുടെ വീടിനാണ് തീയിട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടിനുള്ളിലുണ്ടായിരുന്ന, ഉപകരണങ്ങളും, തൊട്ടടുത്തുണ്ടായിരുന്ന ഷെഡ്ഡും പൂർണമായി കത്തിനശിച്ചു. വീടിന് ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെയായിരുന്നു (11 /11/2023) അയൽവാസിയായ ജോയൽ ജോസഫിനെ (28) ബിജോയി വീടിന് സമീപം വച്ച് കുത്തി കൊലപ്പെടുത്തിയത്. ജോയലിനെ യാതൊരു പ്രകോപനവുമില്ലാതെ ബിജോയി കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ രീതിയിലുള്ള ജനരോഷമാണ് പ്രദേശത്തുണ്ടായിരുന്നത്. ജോയലിന്‍റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കാനിരിക്കെയാണ് കേസിലെ പ്രതിയുടെ വീടിന് തീയിടുന്ന അസാധാരണ സംഭവം നടന്നത്. സംഭവത്തിൽ പ്രതിയുടെ ബന്ധുക്കളും പ്രദേശവാസികളും പരസ്പര ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
advertisement
ഇഞ്ചിയാനി ആലുംമൂട്ടില്‍ ജോജോ -ഫിലോമിന ദമ്പതികളുടെ മകന്‍ ജോയല്‍ ജോസഫ് (27) ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് വീട്ടുവളപ്പില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ജോയല്‍ വീടിനോടു ചേര്‍ന്നുളള പുരയിടത്തില്‍ നിന്നും കാപ്പിക്കുരു പറിക്കുന്നതിനിടയില്‍ അതുവഴി വന്ന ബിജോയി അസഭ്യം പറയുകയും സംഘർഷാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് കൈയിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് ജോയലിനെ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ജോയലിനെ ഇരുപത്തിയാറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിനുശേഷം സ്വന്തം വീട്ടിലെത്തിയ ബിജോയി കതകടച്ച് വീട്ടിനുളളില്‍ ഇരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ബിജോയി നാട്ടിൽ പൊതുശല്യമാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരം മദ്യപാനിയായ ബിജോയി ഉണ്ടാക്കിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പും നാട്ടുകാരിൽ പലരും പോലീസിനെ സമീപിച്ചിട്ടുണ്ട്. വിദേശത്തുള്ള ജോബിനാണ് ജോയലിന്റെ ഏക സഹോദരൻ. ജോയലിന്‍റെ സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ഇഞ്ചിയാനി ഹോളി ഫാമിലി പളളി സെമിത്തേരിയില്‍ നടക്കും.
Location :
Kottayam,Kerala
First Published :
November 12, 2023 12:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയം മുണ്ടക്കയത്ത് അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു; സംഭവത്തില്‍ ദുരൂഹത