നാല് ദിവസവും പ്രതിക്ക് പുറകെ, അഞ്ചാം നാൾ പ്രതിക്ക് മുൻപേ; രാമനാട്ടുകര പീഡന കേസിലെ പ്രതി പിടിയിലായതെങ്ങനെ?
- Published by:meera_57
- news18-malayalam
Last Updated:
ചെന്നൈയിലെത്തി നേരെ ഒറീസയിലേക്കുള്ള ട്രെയിനിൽ കയറാൻ പ്ലാൻ ചെയ്ത പ്രതിയെ വരവേറ്റത് ഫറോക്ക് ACPയുടെ മഫ്തി ടീം
രാമനാട്ടുകരയിൽ അന്യ സംസ്ഥാനക്കാരിയായ കുട്ടിയെ കാറിൽ കയറ്റിക്കൊണ്ട് പോയി മദ്യം നൽകി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതി മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് വള്ളിക്കാട്ട് റിയാസിനെ ചെന്നൈയിൽ നിന്നും പിടികൂടിയത് മാരത്തോൺ അന്വേഷണത്തിനൊടുവിൽ.
കുട്ടിയെ ശാരീരിക ഉപദ്രവം നടത്തി ഇറക്കിവിട്ട ശേഷം റിയാസ് മടങ്ങിയെങ്കിലും കുട്ടിയെ കാണ്മാനില്ല എന്ന് രക്ഷിതാക്കൾ പരാതിപ്പെട്ട് രാമനാട്ടുകര ഭാഗത്ത് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം എങ്ങനെയോ ലഭിച്ച പ്രതി ഉടനെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കടന്നു കളയുകയായിരുന്നു.
20ന് രാത്രി, മലപ്പുറം, കൽപകഞ്ചേരി, കോട്ടക്കൽ, തിരൂരങ്ങാടി, മഞ്ചേരി, ഭാഗങ്ങളിൽ കറങ്ങിയ ശേഷം, 21 ന് രാവിലെ വളാഞ്ചേരിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ്സിൽ ഇയാൾ കയറിയതായി പോലീസ് അന്വേഷണത്തിൽ മനസ്സിലായി.
advertisement
ഈ വിവരം ലഭിച്ച ഫറോക്ക് ACP യുടെ ക്രൈം സ്‌ക്വാഡും, ഫറോക്ക് SHO ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഉടൻ തന്നെ പാലക്കാട്ടേക്ക് തിരിച്ചു.
പാലക്കാട് നഗരത്തിൽ പ്രതി തങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കിയ പോലീസ് സംഘത്തിന് അതേസമയം പാലക്കാട് നിന്നും പുറപ്പെട്ട സേലം ബസ്സിൽ ഇതേ രൂപസാദൃശ്യമുള്ള ആൾ കയറിയിരുന്നുവെന്ന വിവരം ബസ് സ്റ്റാൻഡിൽ നിന്നും ലഭിച്ചു.
പക്ഷേ അപ്പോഴേക്കും ബസ്സ് സേലത്ത് എത്തിയിരുന്നു.
സേലത്ത് വണ്ടിയിറങ്ങിയ പ്രതി അവിടെ നിന്നും മൈസൂരിലേക്കുള്ള ബസ്സ് കയറുന്ന നിർണായകമായ CCTV ദൃശ്യങ്ങൾ ലഭിച്ച പോലീസ് മൈസൂരിലേക്ക് കുതിച്ചു.
advertisement
എന്നാൽ മൈസൂരിൽ നിന്നും പ്രതി എങ്ങോട്ട് പോയെന്ന് യാതൊരു അറിവും ലഭിച്ചില്ല.
തുടർന്ന് മൈസൂരിൽ നിന്നും ആ സമയത്ത് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട മൂന്നു നാല് ബസ്സിലെ കണ്ടക്ടർമാർക്ക് പ്രതിയുടെ ഫോട്ടോ അയച്ചു കൊടുത്തു.
അതിൽ ഒരു ബസ്സിൽ പ്രതിയുണ്ടായിരുന്നുവെന്ന സംശയം ഒരു കണ്ടക്ടർ അറിയിച്ചു. ആ വിവരം കിട്ടിയപ്പോഴേക്കും ബസ് ബാംഗ്ലൂർ എത്തി അര മണിക്കൂർ കഴിഞ്ഞിരുന്നു.
തുടർന്ന് ബാംഗ്ലൂരിലേക്ക് പറന്ന പോലീസ് സംഘം ബാംഗ്ലൂരിൽ എത്തിയെങ്കിലും പ്രതിയെക്കുറിച്ച് പിന്നീടുള്ള അറിവൊന്നും ലഭിച്ചില്ല.
advertisement
22ന് പ്രതി റിയാസ്, ബാംഗ്ലൂരിലുള്ള തന്റെ പഴയ സുഹൃത്തുക്കളെ കണ്ടുവെന്ന വിവരം ലഭിച്ചു. അവിടെ ചുറ്റിക്കറങ്ങിയ പ്രതി ഒന്നോ രണ്ടോ മണിക്കൂറിൽ കൂടുതൽ ഒരു സ്ഥലത്തും ചെലവഴിച്ചില്ല.
23ന് ബാംഗ്ലൂർ നഗരത്തിനു പുറത്ത് ഓട്ടോയിലും, ടാക്സിയിലും, കറങ്ങിയ പ്രതി 24ന് രാത്രിയോടെ ചെന്നൈയിലേക്ക് ട്രെയിൻ കയറുന്ന CCTV ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഇതുവരെ പോലീസ് ഓടിയത് പുറകിലാണെങ്കിൽ ഇത്തവണ പോലീസ് ട്രെയിനിനെ മറികടന്ന് ഓടിയത് പ്രതിക്ക് മുന്നിൽ.
ചെന്നൈയിലെത്തി നേരെ ഒറീസയിലേക്കുള്ള ട്രെയിനിൽ കയറാൻ പ്ലാൻ ചെയ്ത പ്രതിയെ വരവേറ്റത് ഫറോക്ക് ACPയുടെ സ്‌ക്വാഡ് 7 മഫ്തി ടീം.
advertisement
20 ന് രാവിലെ 6 മണി മുതൽ പോലീസ് നടത്തിയ മാരത്തോൺ ഓട്ടം. രാത്രിയിൽ പൊതു ദൃഷ്‌ടിയിൽ പെടാത്ത ഏതെങ്കിലും കടത്തിണ്ണയിലോ, ഷെഡ്‌ഡിലോ പ്രതി വിശ്രമിച്ചിരുന്നുവെങ്കിലും, പോലീസ് തീവ്രപരിശ്രമം നടത്തിക്കൊണ്ടിരുന്നതിന്റെ അന്തിമ വിജയം കണ്ടു.
കോഴിക്കോട് കമ്മീഷണർ ടി. നാരായണൻ IPS ന്റെയും, DCP അരുൺ പവിത്രന്റെയും കൃത്യമായ മേൽനോട്ടത്തിൽ, നടത്തിയ ചിട്ടയായ അന്വേഷണം, മൊബൈൽ ഫോൺ വിളികളുടെയോ മൊബൈൽ ടവറിന്റെയോ സഹായമില്ലാതെ നടത്തിയ അശ്രാന്ത പരിശ്രമം എന്നിവകൊണ്ടാണ് പ്രതിയെ പിടിക്കാൻ സാധിച്ചത്. എന്നിരുന്നാലും സൈബർ സെല്ലിന്റെ നൂതന സാങ്കേതിക വിദ്യയും സഹായകമായി. അഞ്ചു ദിവസത്തെ മാരത്തോൺ ഓട്ടത്തിൽ നാല് ദിവസവും പ്രതിക്ക് പുറകെയും അഞ്ചാം നാൾ പ്രതിക്ക് മുൻപെയും ആയിരുന്നു പോലീസ്.
advertisement
ഫറോക്ക് SHO ശ്രീജിത്തും, ഫറോക്ക് ACP എ.എം. സിദ്ധിഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്.
സബ് ഇൻസ്പെക്ടർ സുജിത്ത് പി.സി., അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സി.പി.ഒമാരായ ഐ.ടി. വിനോദ്, അനുജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു എന്നിവരാണ് അഞ്ചു ദിവസം വിശ്രമമില്ലാതെ മാരത്തോൺ ഓട്ടം നടത്തി പ്രതിയെ പിടികൂടിയത്.
സൈബർ സെല്ലിലെ CPO മാരായ സുജിത്, ഷെഫിൻ എന്നിവരുടെ സേവനവും ഉണ്ടായിരുന്നു.
Location :
Thiruvananthapuram,Kerala
First Published :
August 25, 2025 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാല് ദിവസവും പ്രതിക്ക് പുറകെ, അഞ്ചാം നാൾ പ്രതിക്ക് മുൻപേ; രാമനാട്ടുകര പീഡന കേസിലെ പ്രതി പിടിയിലായതെങ്ങനെ?