അശ്ലീല സന്ദേശം അയച്ചു; കന്നഡ സീരിയൽ നടിയുടെ പരാതിയിൽ മലയാളി അറസ്റ്റിൽ
- Published by:Sneha Reghu
 - news18-malayalam
 
Last Updated:
'നവീൻസ്' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നത്
ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന കന്നഡ, തെലുങ്ക് സീരിയൽ നടിയുടെ പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ. സ്വകാര്യ കമ്പനി ജീവനക്കാരന്‍ നവീന്‍ കെ മോന്‍ ആണ് അറസ്റ്റിലായത്. പല തവണ വിലക്കിയിട്ടും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശമയച്ച് ശല്യം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.
മൂന്ന് മാസമായി സമൂഹമാധ്യമങ്ങൾ വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യം ചെയ്‌തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ബെംഗളൂരുവിലെ ഒരു ഗ്ലോബൽ ടെക്നോളജി റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ഡെലിവറി മാനേജരായാണ് പ്രതി ജോലി ചെയ്യുന്നത്.
'നവീൻസ്' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നത്. ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തിട്ടും, മൂന്ന് മാസത്തിനിടെ നിരവധി വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ വീഡിയോകളും ഇയാൾ നടിക്കയച്ചു.
ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ച ശേഷവും ശല്യം തുടർന്നതിനെ തുടർന്ന് നടി മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ ഒന്നിന് രാവിലെ 11.30 ഓടെ നാഗരഭാവിയിലെ നന്ദൻ പാലസിന് സമീപം വെച്ച് നടി ഇയാളെ നേരിട്ട് കണ്ട് വിലക്കിയിട്ടും ഇയാൾ മെസേജ് അയക്കുമായിരുന്നു. തുടർന്നാണ് നടി പൊലീസിൽ പരാതി നൽകിയത്. സ്ത്രീകൾക്കെതിരായ അതിക്രമം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ കേസെടുത്തത്. അറസ്റ്റിലായ നവീൻ കെ മോനെ റിമാൻഡ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Location :
Bangalore,Karnataka
First Published :
November 04, 2025 4:37 PM IST


