കണ്ണൂരിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ ഭാര്യയും കാമുകനും സഹപാഠികളല്ല; തുടക്കം ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ച്
- Published by:Rajesh V
- news18-malayalam
Last Updated:
സന്തോഷും മിനിയും ഒരുമിച്ച് പഠിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. പൂർവ വിദ്യാർത്ഥി സംഗമത്തിലാണ് വീണ്ടും സന്തോഷിനെ പരിചയപ്പെട്ടത് എന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. ഇതു കള്ളമാണെന്നാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം
കണ്ണൂർ കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവർ കെ കെ രാധാകൃഷ്ണൻ വെടിയേറ്റു കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മിനി നമ്പ്യാരുടെ ഗൂഡാലോചനയിലെ പങ്ക് ശാസ്ത്രീയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ ഫോൺ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. രാധാകൃഷ്ണനെ കൊല്ലുമെന്ന് സന്തോഷ് പലപ്പോഴും മിനിയെ അറിയിച്ചിട്ടും ഇത് തടയാനോ രാധാകൃഷ്ണന്റെ ശ്രദ്ധയിലെത്തിച്ച് ജീവൻ രക്ഷിക്കാനോ ശ്രമിച്ചില്ലെന്നതാണ് നിർണായകമായത്.
കൊലപാതകം നടന്ന മാർച്ച് 20ലെ സന്തോഷിന്റെയും മിനി നമ്പ്യാരുടെയും ഫോൺ സന്ദേശങ്ങൾ പരിശോധിച്ചശേഷമാണ് ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇവരുടെ അടുപ്പം രാധാകൃഷ്ണൻ പലതവണ ചോദ്യംചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണൻ ഭാര്യയെ ഈ ബന്ധത്തിന്റെ പേരിൽ ശകാരിച്ചിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് തൊട്ടടുത്തുണ്ടായിരുന്ന മിനി നമ്പ്യാർ വരാത്തതും പൊലീസിന്റെ സംശയം ബലപ്പെടുത്തിയിരുന്നു.
സന്തോഷും മിനിയും ഒരുമിച്ച് പഠിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. പൂർവ വിദ്യാർത്ഥി സംഗമത്തിലാണ് വീണ്ടും സന്തോഷിനെ പരിചയപ്പെട്ടത് എന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. ഇതു കള്ളമാണെന്നാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
advertisement
ഒരു വർഷം മുൻപ് ഫേസ്ബുക്കിൽ വന്ന കുറിപ്പിനു സന്തോഷ് കമന്റിട്ടിരുന്നു. ഇതിന് മിനി ലൈക്ക് നൽകി. ഈ ലൈക്കിലൂടെയാണ് ഇരുവരും പരിചയമാകുന്നത്. ഈ പരിചയം അറിഞ്ഞ ഭർത്താവിനോടും വീട്ടുകാരോടും സഹപാഠികളാണെന്ന് പറയുകയായിരുന്നു. സഹപാഠി ബന്ധത്തിൽ പുതിയ വീട് നിർമിക്കാനുള്ള ചുമതലയും സന്തോഷിന് നൽകി.
മാർച്ച് 20ന് വൈകിട്ടോടെയാണ് കൈതപ്രത്ത് പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ച് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. ആ ദിവസം തന്നെ പ്രതി സന്തോഷിനെ സംഭവസ്ഥലത്ത് വച്ച് പൊലീസ് പിടികൂടിയിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കൊലപാതകം നടന്ന വീടിനു സമീപം മിനി നമ്പ്യാർ താമസിക്കുന്ന വാടകവീട്ടിൽ നിന്ന് പിന്നീട് കണ്ടെത്തി. സന്തോഷിനു തോക്ക് നൽകിയ സിജോ ജോസഫിനെയും രണ്ടാഴ്ച മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് മിനിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
ദീർഘകാലമായി മിനി നമ്പ്യാർ പ്രതി സന്തോഷുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും ഫോൺ കോളുകളുടെ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. മിനിയുടെയും സന്തോഷിന്റെയും ഇടപെടലിൽ സംശയം തോന്നിയ രാധാകൃഷ്ണൻ മിനിയുമായി വാക്ക് തർക്കം ഉണ്ടായി. പൊലീസിൽ പരാതിയും നൽകി. തുടർന്നു മിനി അമ്മയുടെ കൂടെ കൈതപ്രത്ത് വാടക വീട്ടിൽ താമസമാക്കി. ഈ വീട്ടിൽ പലപ്പോഴും സന്തോഷ് എത്താറുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഈ വീടിന് അടുത്താണ് രാധാകൃഷ്ണൻ വീട് വച്ചിരുന്നത്.
advertisement
ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറും ആർഎസ്എസ് പ്രവർതതനുമായിരുന്നു കെ കെ രാധാകൃഷ്ണൻ. മിനി നമ്പ്യാർ ബിജെപി മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്.
Location :
Kannur,Kannur,Kerala
First Published :
May 01, 2025 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ ഭാര്യയും കാമുകനും സഹപാഠികളല്ല; തുടക്കം ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ച്