'ഇറാന്റെ നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊന്നും അംഗീകരിക്കില്ല' ട്രംപ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
കുറച്ചുദിവസങ്ങളായി വിവിധ രാജ്യങ്ങൾ രഹസ്യമായി നടത്തിവന്ന നയതന്ത്ര ചർച്ചകളുടെ വാതിലുകളാണ് ട്രംപിന്റെ പ്രസ്താവനയിലൂടെ അടഞ്ഞത്
ഇറാനുമായി ചർച്ചകളിലൂടെയുള്ള ഒരു ഒത്തുതീർപ്പിനും സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന്റെ നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊന്നും അമേരിക്ക അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ പുതിയ നേതൃത്വം വരണമെന്നും നിബന്ധനകൾ അംഗീകരിച്ചാൽ രാജ്യം പുനർനിർമ്മിക്കാൻ സഹായിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിച്ചതിനുശേഷം തന്റെ യുദ്ധലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന ട്രംപിന്റെ ആദ്യ പ്രസ്താവനയാണിത്. കുറച്ചുദിവസങ്ങളായി വിവിധ രാജ്യങ്ങൾ രഹസ്യമായി നടത്തിവന്ന നയതന്ത്ര ചർച്ചകളുടെ വാതിലുകളാണ് ട്രംപിന്റെ പ്രസ്താവനയിലൂടെ അടഞ്ഞത്. 'നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി യാതൊരു കരാറുമില്ല' എന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.
വെറും സൈനികമായ കീഴടങ്ങൽ മാത്രമല്ല മറിച്ച് യുദ്ധാനന്തര പുനർനിർമ്മാണം ഇറാനിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന സൂചനയും ട്രംപിന്റെ വാക്കുകളിലുണ്ട്. കീഴടങ്ങലിന് ശേഷം 'മഹാനായ, അംഗീകരിക്കാൻ കഴിയുന്ന' ഒരു നേതാവിനെയോ നേതാക്കളെയോ തിരഞ്ഞെടുക്കണമെന്ന ട്രംപിന്റെ വാക്കുകൾ ഇറാന്റെ അടുത്ത ഭരണാധികാരി ആരാകണം എന്നതിൽ അമേരിക്കയ്ക്ക് വ്യക്തമായ താല്പര്യമുണ്ടെന്നതിന്റെ സൂചനയാണ്
ഫെബ്രുവരി 28-ലെ ആക്രമണത്തിൽ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് നിലവിൽ ഇറാനിൽ പരമാധികാര നേതാവില്ല. ഒരു ഇടക്കാല കൗൺസിലാണ് ഇപ്പോൾ ഭരണം നിയന്ത്രിക്കുന്നത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ ചുമതലയുള്ള 'അസംബ്ലി ഓഫ് എക്സ്പെർട്സ്' കടുത്ത സമ്മർദ്ദത്തിലാണെന്നും വരും ദിവസങ്ങളിൽ പുതിയ നേതാവിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും ഒരു ഇറാനിയൻ നിയമസഭാംഗം ഈ ആഴ്ച വ്യക്തമാക്കിയിരുന്നു.
advertisement
ഇറാനെ നാശത്തിന്റെ വക്കിൽ നിന്ന് തിരികെ കൊണ്ടുവരാനും സാമ്പത്തികമായി എന്നത്തേക്കാളും വലുതും ശക്തവുമാക്കാനും തങ്ങളും സഖ്യകക്ഷികളും വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു. ഇറാൻ മികച്ച ഭാവി കൈവരിക്കുമെന്നും 'ഇറാനെ വീണ്ടും മഹത്തരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പല രാജ്യങ്ങളും മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് നേരത്തെ സമ്മതിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, അത്തരം ശ്രമങ്ങളിൽ തങ്ങൾക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Mar 06, 2026 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇറാന്റെ നിരുപാധികമായ കീഴടങ്ങലല്ലാതെ മറ്റൊന്നും അംഗീകരിക്കില്ല' ട്രംപ്










