കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഭരണതലത്തിൽ സ്വാധീനമുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടുവേദനയ്ക്ക് ആയുര്‍വേദ ചികിത്സയിലാണ് ശിവശങ്കർ ഇപ്പോഴുള്ളത്. ഹൈക്കോടതി വിധിക്കെതിരെ ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Also Read- സ്വപ്നയുടെ പണമിടപാടുമായി ബന്ധം; ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ശിവശങ്കറിന്റെ വാട്സാപ് ചാറ്റ് പുറത്ത്
ചാർട്ടേഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസ്റ്റംസ് ഹാജരാക്കിയത്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഇഡി കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയത്. ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു.
Also Read- സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവാസി വ്യവസായി 'ദാവൂദ് അൽ അറബി' എന്ന് റമീസിന്റെ മൊഴി
കസ്റ്റംസ് സംഘം ഒക്ടോബര്‍ 16ന് ചോദ്യം ചെയ്യാനായി വൈകുന്നേരം വീട്ടിലെത്തി ശിവശങ്കറിന് നോട്ടീസ് നല്‍കി ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെട്ടതിനെ തുടർന്ന് കസ്റ്റംസ് സംഘം തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ ഓര്‍ത്തോ വിഭാഗം ഐസിയുവിലാക്കി. അതിനിടെയാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 28വരെ അറസ്റ്റ് പാടില്ല എന്ന കോടതി ഉത്തരവ് വന്നത്. തുടര്‍ന്ന് മെഡിക്കൽ കോളജ് വിട്ട ശിവശങ്കർ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diplomatic baggage gold smuggling, Gold smuggling, Gold smuggling kerala, Kerala Gold Smuggling, M sivasankar