• HOME
 • »
 • NEWS
 • »
 • crime
 • »
 • പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്‌ഐയെ പൊലീസിൽനിന്ന് പിരിച്ചുവിട്ടു

പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്‌ഐയെ പൊലീസിൽനിന്ന് പിരിച്ചുവിട്ടു

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് നേരത്തെ ഇദ്ദേഹം നടപടി നേരിട്ടിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:

  കൊച്ചി: പെൺവാണിഭത്തിന് കൂട്ടുനിന്ന എഎസ്‌ഐയെ പൊലീസിൽനിന്നു പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനിൽ എഎസ്‌ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറാണ് നിർണായക നടപടി സ്വീകരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം, കവർച്ച, മദ്യപിച്ച് വാഹനമോടിക്കൽ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മുങ്ങൽ തുടങ്ങി നിരവധി കുറ്റങ്ങൾക്ക് നേരത്തെ ഇദ്ദേഹം നടപടി നേരിട്ടിരുന്നു.

  ഗിരീഷ് ബാബു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാവുകയും മൂന്നുവട്ടം റിമാൻഡിലാവുകയും 10 തവണ വകുപ്പുതല നടപടിക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഇയാൾക്കെതിരേ നാല് അന്വേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. സ്ഥിരമായി ഗുരുതരകുറ്റം ചെയ്യുന്നവരെ പിരിച്ചുവിടാൻ വ്യവസ്ഥചെയ്യുന്ന പൊലീസ് ആക്ടിലെ സെക്ഷൻ-86 പ്രകാരമാണ് നടപടി.

  മൂന്ന് ക്രിമിനൽകേസിൽ പ്രതിയായി പത്തുതവണ നടപടി നേരിട്ട ഗിരീഷിനെ 2022ൽ പിരിച്ചുവിട്ടതാണ്. കഴിഞ്ഞ സെപ്തംബറിൽ ഗിരീഷ് നൽകിയ അപ്പീൽ പരിഗണിച്ച് പിരിച്ചുവിടൽ ശിക്ഷ രണ്ട് ശമ്പളവർധന റദ്ദാക്കലാക്കി കുറച്ച് എഡിജിപി വിജയ്സാക്കറെ ഗിരീഷിനെ തിരിച്ചെടുത്തു. തിരിച്ചെടുത്ത ശേഷം വീണ്ടും 3 ക്രിമിനൽ കേസിൽ പ്രതികളാവുകയും ഒരു മാസത്തിനകം സസ്പെൻഷനിലാവുകയും ചെയ്തതിനെത്തുടർന്നാണ് പിരിച്ചുവിടാൻ ഡിജിപി നോട്ടീസ് നൽകിയത്.

  പരാതി നൽകാനെത്തിയ ആളുടെ പേഴ്സും മൊബൈൽഫോണും കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി തട്ടിയെടുത്തു, ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി പണം കവർന്നു തുടങ്ങിയ പരാതികളിൽ ഗിരീഷിനെതിരേ അന്വേഷണമുണ്ട്.

  തൃക്കാക്കര ട്രാഫിക് സ്റ്റേഷനിലായിരിക്കെ, കവർച്ചാ കേസിൽ ഗിരീഷ് അറസ്റ്റിലായിരുന്നു. പെൺവാണിഭ കേന്ദ്രം നടത്തിയെന്ന് പരാതിയുണ്ടാവുകയും നാട്ടുകാർ ഗിരീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതര കേസിൽ പ്രതിയായതോടെ 2022ലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഗിരീഷിനെ സസ്പെൻഡ് ചെയ്യുകയും പിന്നാലെ സർവീസിൽ നിന്ന് നീക്കുകയും ചെയ്തത്. മാസങ്ങൾക്കകം എഡിജിപി വിജയ്സാക്കറെ ഇയാളെ തിരിച്ചെടുത്തു.

  Also Read- കട കത്തിക്കുമെന്ന് ഫേസ്ബുക്ക് ലൈവ്; പിന്നാലെ ലോട്ടറിക്കടയ്ക്ക് പെട്രോളൊഴിച്ച് തീയിട്ട് യുവാവ്

  പിന്നാലെ ഗിരീഷ് കൊച്ചിയിലെ ക്രിമിനൽ സംഘങ്ങളുമായി ചേർന്ന് കവർച്ച നടത്തിയ കേസിൽ കുടുങ്ങി. ഒരു സ്ത്രീയുമായി ചേർന്ന് വേശ്യാലയം നടത്തിയെന്നും കണ്ടെത്തി. പിന്നാലെ ഈ സ്ത്രീയുടെ രണ്ട് പെൺമക്കളെ കൊച്ചിയിൽ നിന്ന് കാണാതായി. ഇവരെ പിന്നീട് തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. പൊലീസ് മൊഴിയെടുത്തപ്പോൾ തങ്ങളെ വേശ്യാവൃത്തിക്ക് ഗിരീഷ് പ്രേരിപ്പിച്ചെന്ന് പെൺകുട്ടികൾ മൊഴി നൽകിയതാണ് നിർണായകമായത്.

  ഇതോടെ ഗിരീഷിനെ വീണ്ടും സസ്പെൻഡ് ചെയ്തു. തന്നെ സംരക്ഷിക്കുന്നില്ലെന്നും മദ്യപിച്ച് ഉപദ്രവിക്കുന്നെന്നും മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസമാക്കിയെന്നും ഗിരീഷിന്റെ ഭാര്യയും ഡിജിപിക്ക് പരാതി നൽകിയിരുന്നു. കൊള്ള, പണംതട്ടൽ അടക്കം ഗുരുതരകുറ്റകൃത്യങ്ങളിൽ കുടുങ്ങിയ ശേഷം വീണ്ടും ക്രിമിനലുകളുമായി ചങ്ങാത്തമുണ്ടാക്കിയെന്ന് കണ്ടെത്തിയാണ് ഡിജിപിയുടെ നടപടി.

  സിവിൽ പൊലീസ് ഓഫീസറെയും പിരിച്ചുവിട്ടു

  കളമശേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെയും സർവീസിൽനിന്നും പിരിച്ചുവിട്ടു. സിപിഒ പി എസ് രഘുവിനെയാണ് പിരിച്ചുവിട്ടത്. വിവിധ ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. സ്റ്റേഷനിൽ കോഫി വെൻഡിങ് മെഷീൻ സ്ഥാപിക്കാൻ പ്രവാസിയിൽനിന്നും പണം വാങ്ങിയതിന് സസ്‌പെൻഷനിലായിരുന്നു.

  ഇൻസ്‌പെക്ടറായിരുന്ന പി ആർ സുനു ഉൾപ്പെടെ ആറുപേരെ അടുത്തിടെ സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള രണ്ടു ഡിവൈഎസ്‌പിമാരെയും രണ്ടു സിഐമാരെയും വൈകാതെ പിരിച്ചുവിടും.

  Published by:Rajesh V
  First published: