മൂന്നാമത്തെ ഭാര്യ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് രണ്ടാമത്തെ ഭാര്യ
- Published by:Sneha Reghu
- news18-malayalam
Last Updated:
പുതപ്പിലും ചാക്കിലും പൊതിഞ്ഞ് കയറും സാരികളും ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം
പ്രണയവും അവിഹിതവും കാരണമുള്ള കൊലപാതകങ്ങള്‍ രാജ്യത്ത് കൂടി കൂടി വരികയാണ്. നിരവധി കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
60 വയസ്സുള്ള ഒരാളെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളി. പ്രതിയുടെ അവിഹിത ബന്ധവും കുടുംബ വഞ്ചനയുമാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.
സകരിയ ഗ്രാമത്തില്‍ നിന്നുള്ള ഭയ്യാലാല്‍ രജക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗസ്റ്റ് 31-ന് അദ്ദേഹത്തെ ഒരു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭയ്യാലാലിന്റെ രണ്ടാമത്തെ ഭാര്യ ഗുഡ്ഡി ബായിയാണ് മൃതദേഹം കണ്ടെത്തിയത്. പുതപ്പിലും ചാക്കിലും പൊതിഞ്ഞ് കയറും സാരികളും ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
advertisement
ഭയ്യാലാല്‍ മൂന്ന് വിവാഹം ചെയ്തതായാണ് പോലീസ് പറയുന്നത്. ആദ്യ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ച് പോയതോടെ ഗുഡ്ഡി ബായിയെ വിവാഹം ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. ഒരു അവകാശി വേണമെന്ന ആഗ്രഹത്തില്‍ അദ്ദേഹം മൂന്നാമതും വിവാഹം ചെയ്തു. ഗുഡ്ഡിയുടെ ഇളയ സഹോദരി വിമല രജക് എന്ന മുന്നിയെയാണ് മൂന്നാമത് വിവാഹം കഴിച്ചത്. എന്നാല്‍, മുന്നി ലല്ലു എന്നുവിളിക്കുന്ന പ്രാദേശിക വസ്തു ഇടപാടുകാരനായ നാരായണ്‍ ദാസ് കുശ്വാഹയുമായി അടുപ്പത്തിലായിരുന്നു.
ഈ ബന്ധമാണ് ഭയ്യാലാലിന്റെ കൊലപാതകത്തിലേക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതായും കുറ്റകൃത്യത്തിന് സഹായിക്കാന്‍ 25 വയസ്സുള്ള ഒരു വാടകക്കൊലയാളിയെ ലല്ലു നിയമിച്ചതായും പോലീസ് സൂപ്രണ്ട് മോതി ഉര്‍ റഹ്മാന്‍ പറഞ്ഞു. ധീരജ് കോള്‍ എന്നാണ് ഈ സഹായിയുടെ പേര്.
advertisement
ആഗസ്റ്റ് 30-ന് ഭയ്യാലാല്‍ തന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ഉറങ്ങുമ്പോഴാണ് ലല്ലുവും ധീരജും അദ്ദേഹത്തെ ആക്രമിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഭയ്യാലാലിന്റെ വീട്ടിലേക്കെത്തിയ പ്രതികള്‍ ഒരു ഇരുമ്പ് വടികൊണ്ട് അദ്ദേഹത്തിന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഭയ്യാലാല്‍ മരിച്ചു. തുടര്‍ന്ന് പ്രതികള്‍ മൃതദേഹം പൊതിഞ്ഞുകെട്ടി ഗ്രാമത്തിലെ കിണറ്റിലിട്ടു.
പിറ്റന്നേ രാവിലെ വെള്ളത്തില്‍ എന്തോ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തിയ ഗുഡ്ഡി ബായി അധികൃതരെ വിവരം അറിയിച്ചു. കിണറ്റില്‍ നിന്നും ഭയ്യാലാലിന്റെ മൃതദേഹവും അദ്ദേഹത്തിന്റെ ഫോണും പോലീസ് കണ്ടെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് അദ്ദേഹം മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. 36 മണിക്കൂറിനുള്ളില്‍ പ്രതികളായ മുന്നി, ലല്ലു, ധീരജ് എന്നിവരെ പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Location :
Bhopal,Madhya Pradesh
First Published :
September 08, 2025 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നാമത്തെ ഭാര്യ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് രണ്ടാമത്തെ ഭാര്യ