HOME » NEWS » Crime » MAN WHO OFFERED HELP TO MANY AND SWINDLED THEIR MONEY LANDS POLICE NET MM TV

കടം വീട്ടാൻ സഹായം നൽകാമെന്നു വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്ത തട്ടിപ്പുകാരൻ അറസ്റ്റിൽ

ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസാണ് കുറ്റിപ്പുറം പോലീസിൻറെ പിടിയിലായത്

News18 Malayalam | news18-malayalam
Updated: July 8, 2021, 8:24 AM IST
കടം വീട്ടാൻ സഹായം നൽകാമെന്നു വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്ത തട്ടിപ്പുകാരൻ അറസ്റ്റിൽ
മുഹമ്മദ് റിയാസ്
  • Share this:
ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ചങ്ങനാശ്ശേരി സ്വദേശി മുഹമ്മദ് റിയാസ് അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന സെറീൻ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രധാനിയാണ് കുറ്റിപ്പുറം പൊലീസിൻ്റെ പിടിയിലായത്.

സൊസൈറ്റിയുടെ മറവിൽ വൻ തട്ടിപ്പ് നടത്തുന്നതായി ഒട്ടേറെപ്പേർ പരാതി നൽകിയിരുന്നു. മഞ്ചേരി പന്തല്ലൂർ സ്വദേശി അബ്ദുൽ നാസർ നൽകിയ പരാതിയെത്തുടർന്നാണ് മുഹമ്മദ് റിയാസിനെ സി.ഐ. ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിൽ നിന്നും പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.

അബ്ദുൾ നാസറിൽ നിന്നും പ്രതി 1.62 ലക്ഷം രൂപ കൈക്കലാക്കിയതായാണ് പരാതി. കടബാധ്യത ഉള്ളവർക്ക് പണം നൽകുന്നു എന്ന് സൊസൈറ്റികളുടെ  ഓഫീസുകൾക്ക് മുൻപിൽ ബോർഡുകൾ വച്ചാണ് റിയാസ് ആളുകളെ കൂടെ ചേർത്തത്. ആദ്യം 1000 രൂപ അംഗത്വ ഫീസ് വാങ്ങും. പിന്നീട് ഇവരെ സംഘടനയുടെ പ്രചാരകരാക്കും.

ഇവർ നാട്ടിലെ സമ്പന്നരെ മുഹമ്മദ് റിയാസിന് പരിചയപ്പെടുത്തി നൽകുകയും സംഭാവന വാങ്ങിക്കൊടുക്കുകയും ചെയ്യണം. പലരും പതിനായിരക്കണക്കിന് രൂപയാണ് റിയാസിനെ ഏൽപ്പിച്ചത്. മൂന്ന് ലക്ഷത്തോളം രൂപ കടമുള്ള കാളികാവിലെ സ്ത്രീ ഇത്തരത്തിൽ പലയിടങ്ങളിൽ നിന്നായി പിരിച്ച് 35,000 രൂപയിലേറെ ഇയാളെ ഏൽപ്പിച്ചതായി പറയുന്നു.

16 ലക്ഷം കടമുള്ള കാൻസർ രോഗി കടം വീട്ടാൻ പണം ലഭിക്കും എന്ന പ്രതീക്ഷയിൽ രണ്ട് ലക്ഷം രൂപയിലധികം നൽകി. നൂറുകണക്കിന് ആളുകളുടെ കടം വീട്ടാനാണെന്ന വ്യാജേന രസീത് നൽകിയും ഇല്ലാതെയും ലക്ഷങ്ങൾ പിരിച്ചതായാണ് പരാതിയുണ്ട്.സംഘടനയിൽ ചേർന്ന് കോവിഡ് കാലത്ത് പോലും പിരിവിനിറങ്ങിയ സ്ത്രീകളുൾപ്പെടെയുള്ളവർ തങ്ങളുടെ ചികിത്സാചെലവിന് ചെറിയ തുക പോലും കിട്ടാതെയായപ്പോൾ സംശയം തോന്നി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. റിയാസിൻ്റെ ഭീഷണിക്ക് വഴങ്ങാത്ത ഇവരെയും കടം വീട്ടാൻ പണം ആവശ്യപ്പെട്ട പല മെമ്പർ മാരെയും ഇയാൾ സംഘടനയിൽ നിന്ന് പുറത്താക്കി.

ആഴ്ചയിൽ പതിനായിരം രൂപ പിരിക്കാത്തവരെ ഭീഷണിപ്പെടു ത്തിയിരുന്നതായും പൊലീസ് പറയുന്നു. ചങ്ങനാശേരിയിൽ തുടങ്ങിയ സൊസൈറ്റി പിന്നീട് കുറ്റിപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുകയായിരുന്നു. നിലമ്പൂർ, മണ്ണാർക്കാട്, ആലപ്പുഴ അടക്കമുള്ള സ്ഥലങ്ങളിലും ഇയാൾക്ക് ഓഫിസുകൾ ഉണ്ട്.

പണം നൽകിയ സംഭവങ്ങൾ ഒക്കെ ഒരു വർഷം പിന്നിടുന്നു. കടം വീട്ടാനുള്ള സംവിധാനം ലഭിക്കാതായതോടെയാണ് സ്ത്രീകളടക്കമുള്ളവർ പരാതിയുമായി എത്തിയത്. ആയിരക്കണക്കിനു പേർ തട്ടിപ്പിൻ്റെ ഇരകളായിട്ടുണ്ട് എന്നാണ് വിവരം. തട്ടിപ്പ് പുറത്തായതോടെ ഒട്ടേറെപ്പേർ പരാതിയുമായി എത്തുന്നുണ്ടെന്ന് കുറ്റിപ്പുറം സി.ഐ. പറഞ്ഞു.

നിലമ്പൂരിൽ സംഘടിപ്പിച്ച സഹായ വിതരണ ചടങ്ങിന് പിന്നാലെയാണ് റിയാസിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം മുക്കട്ടക്ക് സമീപമുള്ള സെറീന ചാരിറ്റബിൾ സൊസൈറ്റി ഓഫീസിൽ ആയിരുന്നു ചടങ്ങ്. ചടങ്ങിൽ ഒരു വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ നൽകി,  മറ്റൊരാൾക്ക് വീട് പുനർനിർമ്മാണത്തിന് സഹായം നൽകി. കുറ്റിപ്പുറം സി.ഐ. പ്രതിയെ പിടികൂടാൻ ഇവിടെയെത്തുമ്പോൾ ചടങ്ങിൽ പങ്കെടുത്ത പലരും ഓഫീസിൽ നിന്നും പിരിഞ്ഞു പോയിരുന്നില്ല. നിലമ്പൂർ മേഖലയിൽ മാത്രം 3500ലധികം പേർ തട്ടിപ്പിന് ഇരയായതായിട്ടാണ് പോലീസിൻ്റെ വിവരം.
Published by: user_57
First published: July 8, 2021, 8:24 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories