Say No to Bribe| MG സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റിന് കൈക്കൂലി ഒന്നരലക്ഷം; ജീവനക്കാരി വിജിലൻസ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്.
കോട്ടയം: എംജി സർവകലാശാലാ (MG University) ആസ്ഥാനത്ത് വിജിലൻസ് (Vigilance) നടത്തിയ മിന്നൽ പരിശോധനയിലാണ് സർവകലാശാല ജീവനക്കാരി (Woman Staff) ലക്ഷങ്ങളുടെ കൈക്കൂലി (Bribe) കേസിൽ പിടിയിലായത്. കോട്ടയം ആർപ്പൂക്കര സ്വദേശിനിയായ വനിതാ ജീവനക്കാരി എൽസി ജെയാണ് കൈക്കൂലി കേസിൽ പിടിയിലായത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ആണ് കൈക്കൂലി വാങ്ങുന്നതിനിടെ എൽസിയെ അറസ്റ്റ് ചെയ്തത് പിടികൂടിയത്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. സർവകലാശാലയിലെ പരീക്ഷ ബ്ലോക്കിൽ വച്ചാണ് എൽസി എം ബി വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയത്. 15000 രൂപയാണ് ഇന്ന് നേരിട്ട് കൈക്കൂലി വാങ്ങിയത്. നേരത്തെ തന്നെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിജിലൻസ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു.
advertisement
എംബിഎ വിദ്യാർത്ഥിക്ക് മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി തുകയായി 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്നു എൽസി വാശിപിടിക്കുകയായിരുന്നു. ഇതേ തുടർന്ന് പത്തനംതിട്ട സ്വദേശിനിയായ എം.ബിഎ വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് നാടകീയമായി എൽസിയെ കുടുക്കാൻ പദ്ധതിയിട്ടത്.
advertisement
വിജിലൻസ് സംഘമാണ് എം.ബി.എ വിദ്യാർത്ഥിയുടെ പക്കൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടത്. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പരീക്ഷാഭവനിൽ വച്ച് എംബിഎ വിദ്യാർത്ഥി നൽകുകയായിരുന്നു. ഇതിനിടെയാണ് ഇവരെ വിജിലൻസ് സംഘം പിടികൂടിയത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഉദ്യോസ്ഥയെ പിടികൂടാൻ പദ്ധതി തയ്യാറാക്കിയത്. വിജിലൻസ് റേഞ്ച് ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർമാരായ സാജു, ജയകുമാർ, നിസാം, എസ്.ഐ സ്റ്റാൻലി, അനൂപ്, അരുൺ ചന്ദ്, അനിൽകുമാർ, പ്രസന്നൻ സുരേഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ രഞ്ജിനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
advertisement
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ച് എൽസിയുടെ ആരോഗ്യ പരിശോധന നടത്തി. ഈ സമയം ഇവരുടെ മകൻ സ്ഥലത്തെത്തി അമ്മ കുറ്റം ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ബഹളം വെക്കുകയായിരുന്നു. എന്നാൽ മകൻ കരഞ്ഞ് വിളിച്ചതോടെ ഒന്നും പേടിക്കാനില്ല എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ എൽസി ഇയാളെ ആശ്വസിപ്പിച്ചു. വീണ്ടും കരച്ചിൽ തുടർന്നതോടെ ഞാനല്ലേ പറയുന്നത് ഒന്നും കുഴപ്പമില്ല എന്ന് എൽസി വീണ്ടും ആവർത്തിച്ചു. കൈക്കൂലി കേസിൽ പിടിയിലായെങ്കിലും യാതൊരു കൂസലുമില്ലാതെ ആണ് ഇവർ ആശുപത്രിയിലും സർവകലാശാല ആസ്ഥാനത്തും കസ്റ്റഡിയിൽ നടന്നത്. ഏതായാലും സർവ്വകലാശാല സർട്ടിഫിക്കറ്റ് വൈകുന്നതാണ് ഉദ്യോഗസ്ഥർ മുതലെടുക്കുന്നത്. മാസങ്ങളോളം കാത്തിരുന്നാലും സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. പല വിദ്യാർഥികൾക്കും തുടർപഠനത്തിന് അടക്കം കടുത്ത വെല്ലുവിളിയാണ് നിലനിൽക്കുന്നത്.
Location :
First Published :
January 29, 2022 3:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Say No to Bribe| MG സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റിന് കൈക്കൂലി ഒന്നരലക്ഷം; ജീവനക്കാരി വിജിലൻസ് പിടിയിൽ