പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചയാളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി
- Published by:Sarika N
- news18-malayalam
Last Updated:
പ്രതി പതിവായി വീട്ടില്‍ അതിക്രമിച്ച് കയറി കുട്ടിയെ പീഡിപ്പിക്കുകയും വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചുകൊണ്ട് പോകാറുമുണ്ടെന്ന് സംഭവത്തിൽ ഗ്രാമവാസികള്‍ പ്രതികരിച്ചു
വീട്ടില്‍ അതിക്രമിച്ച് കയറി തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചയാളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ സഹീബ്ഗഞ്ച് ജില്ലയിലെ രാധാനഗര്‍ ഗ്രാമത്തിലാണ് സംഭവം. ഇതേ ഗ്രാമവാസിയായ രാജു മണ്ഡല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മിക്കപ്പോഴും ഇവരുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയും മകളെ പീഡിപ്പിക്കുയും വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചുകൊണ്ടു പോകാറുമുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇക്കാര്യം യുവതി ഒട്ടേറെത്തവണ ഗ്രാമവാസികളെ അറിയിച്ചുവെങ്കിലും അവര്‍ അത് ഗൗരവത്തോടെ എടുത്തില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
മണ്ഡലിന്റെ അതിക്രമം സഹിക്കാതെയായതോടെ അയാളെ ഒരു പാഠം പഠിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് അമ്മയും മകളും ചേര്‍ന്ന് ഇലക്ട്രിക് വയര്‍ വാങ്ങുകയും അതിന്റെ ഇന്‍സുലേഷന്‍ നീക്കം ചെയ്ത് വാതിലിനും മുന്നില്‍ സ്ഥാപിക്കുകയുമായിരുന്നു. ഇക്കാര്യം അറിയാതെ വീട്ടിലെത്തിയ മണ്ഡല്‍ വയറില്‍ ചവിട്ടുകയും ഷോക്കടിച്ച് ഉടന്‍ തന്നെ മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംഭവത്തിന് പിന്നാലെ അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയെ ജയിലിലേക്കും മകളെ ദുംകയിലെ ജുവൈനല്‍ ഹോമിലേക്കും അയച്ചു. യുവതിയുടെ വീട്ടില്‍നിന്ന് അഞ്ച് മീറ്റര്‍ കമ്പിയും ഒരു മീറ്റര്‍ ചെമ്പ് കമ്പിയും കണ്ടെത്തിയതായി രാധാനഗര്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് നിതേഷ് പാണ്ഡെ അറിയിച്ചു. ഇവരുടെ വീട്ടില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്ന് അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം, മരണപ്പെട്ട രാജു മണ്ഡല്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ആളുകളുടെ വീട്ടില്‍ അതിക്രമിച്ചു കയറുന്നത് പതിവായിരുന്നെന്നും സഹീബ്ഗഞ്ച് എസ് പി അമിത് കുമാര്‍ സിംഗ് പറഞ്ഞു. അമ്മയും മകളും ചേര്‍ന്ന് കൊലപാതകത്തിന് ആസൂത്രണം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും അതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Location :
Ranchi,Ranchi,Jharkhand
First Published :
January 14, 2025 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂര്‍ത്തിയാകാത്ത മകളെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചയാളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി