ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി എൻഐഎ. ഇതിനായി എൻഐഎ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയതായാണ് റിപ്പോർട്ട്. അനുമതി കിട്ടിയാൽ എൻഐഎ സംഘം യുഎഇയിലേക്ക് പോകും. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. യുഎഇ സര്‍ക്കാരിന്റെ നിലപാട് അന്വേഷണത്തിൽ നിര്‍ണായകമാകും.
അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ എന്‍ ഐഎ കോടതി ഇന്ന് വാദം കേൾക്കും. യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകൾ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ്രതികളുടെ വാദം. കേസ് ഡയറി ഇന്ന് ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ കേസില്‍ തീവ്രവാദ ബന്ധം ചുമത്തിയ മുവാറ്റുപുഴ സ്വദേശിയായ മുഹമ്മദലിയെ കഴിഞ്ഞ ദിവസം എൻഐ എ അറസ്റ്റ് ചെയ്തിരുന്നു. ടി കെ റമീസ് വഴി ഇയാള്‍ സ്വര്‍ണം കടത്തിയെന്നും അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ 24ാം പ്രതിയായിരുന്നു ഇയാളെന്നും എന്‍ ഐഎ പറയുന്നു.
സ്വർണക്കടത്തിലൂടെ സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നു എന്നും കഴിഞ്ഞയാഴ്ച എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഇതോടെയാണ് അന്വേഷണ പുരോഗതി വിശദീകരിക്കുന്ന കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. റമീസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും ശിവശങ്കറിന്റെ ഫ്ലാറ്റിലടക്കമെത്തിച്ചുള്ള തെളിവെടുപ്പിലും നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
റമീസ് കസ്റ്റഡിയിലിരുന്ന കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറു പേരുടെ അറസ്റ്റ് ആണ് എൻഐഎ രേഖപ്പെടുത്തിയത്. ആറിടങ്ങളിൽ മിന്നൽ പരിശോധനയും നടത്തി. കൈവെട്ടുകേസിൽ പ്രതി ചേർക്കപ്പെട്ട മുഹമ്മദ് അലി അറസ്റ്റിലായതോടെയാണ് എൻഐഎ, കേസിലെ ഭീകരവാദ ബന്ധം ഉറപ്പിക്കുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.