• HOME
  • »
  • NEWS
  • »
  • crime
  • »
  • പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലക്കേസ്: 88 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലക്കേസ്: 88 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

3177 പേജുള്ള കുറ്റപത്രം. സാക്ഷി പട്ടികയിൽ 127 പേർ. ഷാബ ഷെരീഫിന്റെ മൃതദേഹം കണ്ടെത്താത്ത സാഹചര്യത്തിൽ നിർണായകമാവുക ശാസ്ത്രീയ തെളിവുകൾ

  • Last Updated :
  • Share this:
മലപ്പുറം: മൈസൂര്‍ സ്വദേശി പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ്  (Shaba Sharif) കൊലപാതക കേസില്‍ നിലമ്പൂർ പൊലീസ് (Nilambur Police) കുറ്റപത്രം സമര്‍പ്പിച്ചു. 3177 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ  സമര്‍പ്പിച്ചത്. മൂലക്കുരു ഒറ്റമൂലിയുടെ രഹസ്യം പറഞ്ഞ് കൊടുക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

2019 ഓഗസ്റ്റിലാണ് ഷാബ ഷെരീഫിനെ മൈസൂരിൽ നിന്നും നിലമ്പൂരിലേക്കു തട്ടിക്കൊണ്ടു വന്നത്.  ഒരു വർഷത്തിൽ അധികം വീട്ടു തടങ്കലിൽ വെച്ച് ക്രൂര പീഡനങ്ങൾക്ക് വിധേയനാക്കിയാണ് ഷാബ ഷെരീഫിനെ ഷൈബിൻ അഷ്റഫും കൂട്ടാളികളും കൊന്നത്. മൃതദേഹം വെട്ടി കഷണങ്ങളാക്കി ചാലിയാറിൽ എറിയുകയായിരുന്നു. 2020 ഒക്ടോബറിൽ നടന്ന ഇക്കാര്യങ്ങൾ പുറം ലോകം അറിയുന്നത് ഈ വർഷം മെയ് മാസത്തിൽ ആണ്.

നിർണായകമാവുക ശാസ്ത്രീയ തെളിവുകൾ

ഷാബ ഷെരീഫിന്റെ മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കാത്തതിനാൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും സൈബർ തെളിവുകളുമാണ് കേസിൽ നിർണായകം. ഷാബ ഷെരീഫിനെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ്, മൃതദേഹം വെട്ടിനുറുക്കിയ  ശുചിമുറിയുടെ പൈപ്പ്, നവീകരിച്ച ശുചിമുറിയില്‍ നിന്ന് നീക്കം ചെയ്ത  ടൈല്‍, മണ്ണ്, സിമന്റ് എന്നിവയില്‍ നിന്നുമായി ലഭിച്ച രക്തക്കറ,ചാലിയാര്‍ പുഴയില്‍ തിരച്ചിലിനിടെ കണ്ടെത്തിയ  എല്ല്,  മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഷൈബിന്റെ ഹോണ്ടാ സിറ്റി കാറില്‍ നിന്ന് ലഭിച്ച മുടി, മൃതദേഹം വെട്ടിനുറുക്കാനുപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി എന്നിവയാണ് അന്വേഷണ സംഘത്തിന്  കണ്ടെത്താനായ നിര്‍ണായക തെളിവുകള്‍.

Also Read- DNA തെളിഞ്ഞു; മരിച്ചത് സ്വർണക്കടത്തുകാർ കൊണ്ടുപോയ ഇർഷാദ്; മൃതദേഹം ആളു മാറി സംസ്കരിച്ചു

കൊല്ലപ്പെട്ട ഷാബാ ഷരീഫിന്റെ മൃതദേഹത്തിനായി ചാലിയാര്‍ പുഴയില്‍ നാവിക സേനയെ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി തിരച്ചില്‍ നടത്തിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പൊലീസ് പ്രതീക്ഷ. ഷൈബിന്റെ വീട്ടില്‍ നിന്നും മൃതദേഹം തള്ളിയ ചാലിയാര്‍ പുഴയുടെ എടവണ്ണ സീതീഹാജി പാലത്തിന് സമീപത്തുനിന്നും കണ്ടെടുത്ത ഫോറന്‍സിക് തെളിവുകളും നിര്‍ണായകമാവുമെന്നാണ് കണക്കുകൂട്ടല്‍. തൃശ്ശൂര്‍ ഫോറന്‍സിക് ലാബില്‍ നിന്ന് ലഭ്യമായ   പരിശോധന റിപ്പോര്‍ട്ടും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രക്തക്കറയുടെ ഡി എൻ എ ഫലം ഇനിയും വരേണ്ടതുണ്ട്.

കേസില്‍ 127 സാക്ഷികളാണുള്ളത്. 2020 ഒക്ടോബറിൽ നടന്ന  കൊലപാതകത്തിന്റെ ചുരുളഴിക്കാനും മുഖ്യപ്രതിയടക്കമുള്ളവരെ പിടികൂടാനും എണ്‍പത്തി എട്ടാം ദിവസം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനായതും പൊലീസിന് ആത്മ വിശ്വാസം നൽകുന്നതാണ്.കൊലപാതകവുമായി നേരിട്ട്  ബന്ധമുള്ള  9 പേരേയാണ് ഇതിനകം അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളെ പിടികൂടാനുമുണ്ട്. പ്രതികളെ സഹായിച്ച മൂന്ന് പേരേയും പിടികൂടിയിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച് തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായതിനാല്‍ റിമാന്റിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സഹചര്യം ഒഴിവാകും എന്നും അന്വേഷണ സംഘം കണക്ക് കൂട്ടുന്നുണ്ട്.

കേസിൻ്റെ നാൾവഴികൾ

മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തുന്ന മൈസൂരു സ്വദേശി ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റിലാണ് ത ട്ടികൊണ്ടുവന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലിയെ കുറിച്ച് മനസ്സിലാക്കി  മരുന്നു വ്യാപാരം നടത്തി പണം സമ്പാദിക്കാന്‍ വേണ്ടിയാണ് മുഖ്യപ്രതി ഷൈബന്റെ നിര്‍ദേശ പ്രകാരം കൂട്ടുപ്രതികള്‍ ഷാബാഷരീഫിനെ   തട്ടികൊണ്ടുവന്നത്. എന്നാല്‍ ഒറ്റമൂലിയെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ തയ്യാറാകാത്തതിനാല്‍  ഷൈബിന്റെ വീട്ടിലെ ഒന്നാം നിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച്  പുറംലോകമാറിയാതെ  പീഡിപ്പിക്കുകയും 2020 ഒക്ടോബറില്‍ കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി  കാറില്‍ കയറ്റി ചാലിയാര്‍  പുഴയിലേക്ക് എറിഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി.

Also Read- കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവ് വീട്ടിലെത്തി; ഓടിച്ചിട്ട് പിടികൂടി പൊലീസ്

കഴിഞ്ഞ ഏപ്രില്‍ 23ന് വീട്ടില്‍ കയറി ഒരു സംഘം തന്നെ മര്‍ദിച്ചുവെന്ന ഷൈബിന്റെ പരാതിയാണ് കൊലപാതക കേസിലേക്ക് അന്വേഷണം എത്തിച്ചത്. ഷൈബിനെ  അക്രമിച്ചകേസിലുള്‍പ്പെട്ട അഞ്ച്  പ്രതികള്‍  തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുന്നില്‍ ഷൈബിനെതിരെ  കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ്  അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്ത് നിലമ്പൂര്‍ പൊലീസിന് കൈമാറുകയും ഇവരെ ചോദ്യം ചെയതതോടെ ഷാബാ ഷരീഫ് കൊലപാതകത്തിന്റെ ചുരുളഴിയുകയുമായിരുന്നു.  സംഭവത്തിലുള്‍പ്പെട്ട നൗഷാദ് ഷാബാഷരീഫിനെ  പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ  പെന്‍ഡ്രൈവ് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

പ്രതിപ്പട്ടികയിൽ ഉളളവർ

ഷൈബിൻ അഷറഫിനു പുറമെ അയാളുടെ മാനേജരായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), ഡ്രൈവർ നിലമ്പൂർ മുക്കട്ട നടുത്തൊടിക നിഷാദ് (32), വയനാട് കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് (41), വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടൻ അജ്മൽ (30), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), വണ്ടൂർ പഴയ വാണിയമ്പലം ചീര ഷെഫീഖ് (28), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് അബ്ദുൾ വാഹിദ് (26), ഒളിവിൽക്കഴിഞ്ഞ പ്രതികൾക്ക് സഹായം നൽകിയ നിലമ്പൂർ ചന്തക്കുന്ന് വൃന്ദാവനം കൈപ്പഞ്ചേരി സുനിൽ (40), വണ്ടൂർ വർക്ക് ഷോപ്പ്  ജീവനക്കാരൻ വണ്ടൂർ ഗവ. ആശുപത്രിക്കു സമീപം താമസിക്കുന്ന കാപ്പിൽ മിഥുൻ ( 28), പ്രതികൾക്ക് പണവും സിംകാർഡും മൊബൈൽഫോണും സംഘടിപ്പിച്ചു കൊടുത്ത വണ്ടൂർ കൂളിക്കാട്ടുപടി പാലപറമ്പിൽ കൃഷ്ണപ്രസാദ് (26), ഷൈബിൻ അഷറഫിന്റെ ഭാര്യ ഫസ്ന (28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. തെളിവുനശിപ്പിച്ചുവെന്നാണ് ഫസ്നയ്ക്കെതിരായ കുറ്റം.

മുക്കട്ട കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം (32), ഷൈബിന്റെ സഹായിയായിരുന്ന റിട്ട. എസ്ഐ സുന്ദരൻ സുകുമാരൻ എന്നിവർ ഒളിവിലാണ്. .
Published by:Rajesh V
First published: