കോട്ടയം: ലഹരി- ഗുണ്ടാ മാഫിയാ സംഘങ്ങളുടെ ഭീഷണിയെ തുടർന്ന് കോട്ടയം അതിരമ്പുഴയിലെ പ്രവാസി വ്യവസായി ഹോട്ടൽ സംരംഭം പൂട്ടാനൊരുങ്ങുന്നു. ജീവിക്കാന്‍ നിര്‍വാഹമില്ലെന്നും വിദേശത്തേക്കുതന്നെ മടങ്ങുകയാണെന്നും ജോര്‍ജ് വര്‍ഗീസ് എന്ന സംരംഭകന്‍ പറയുന്നു. ഇതുസംബന്ധിച്ച വാര്‍ത്തയെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ഡിവൈഎസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇനി ഒരു സംരംഭകനും ഈ ഗതികേട് ഉണ്ടാകരുതെന്നാണ് ആറുമാനൂര്‍ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറയുന്നത്.
ഏറ്റുമാനൂർ നീണ്ടൂർ റോഡിൽ കിഴക്കേച്ചിറ കള്ളുഷാപ്പ്, മൂക്കൻസ് മീൻ ചട്ടി എന്ന പേരിൽ നടത്തുകയാണ് ജോർജ് വർഗീസ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും വൃത്തിയും, ഭംഗിയുമുള്ള കള്ള് ഷാപ്പുകളിലൊന്നാണിതെന്ന് ജോർജ് വർഗീസ് പറയുന്നു. കേരളത്തിലെ ഷാപ്പ് കറികളിൽ ഏറ്റവും കൂടുതൽ വെറൈറ്റികൾ വൃത്തിയോടെയും നിലവാരത്തിലും ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും വ്യവസായി പറയുന്നു.
നിലവിൽ 4 സ്റ്റാർ ഹോട്ടൽ എക്സ്പീരിയൻസ് ഉള്ള 3 ഷെഫുകൾ ഉൾപ്പെടെ 18 പേർക്ക് തൊഴിൽ നൽകുന്നുണ്ട്. അതിരമ്പുഴയിലെ കോട്ടമുറികോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, കസ്റ്റമേഴ്സിനെ മർദ്ദിക്കുകയും ആഹാരം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾ അക്രമിക്കുകയും, അവരെ മർദ്ദിക്കുകയും, ചീത്തവിളിക്കുകയും, ഭീഷണി മുഴക്കുകയും ചെയ്യുന്നതുമൂലം സംരംഭം സുഗമമായി നടത്താൻ പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറയുന്നു.
”അവർ കൂട്ടമായി കുറച്ച് പേരുവരും. കഞ്ചാവ് ബീഡി തെറുത്ത് വലിക്കും. കത്തി എടുത്ത് മേശപ്പുറത്ത് വയ്ക്കും. ആരെങ്കിലും അവരെ നോക്കിയാൽ തെറി വിളിക്കും. ആഹാരം കഴിച്ചിട്ട് പൈസ തരാതെ പോകും”- ജോർജ് വർഗീസ് പറഞ്ഞു.
”ഇവിടെ ഒരു സ്ഥാപനം തുടങ്ങി 100-150 പേർക്ക് വരുന്ന ഒരു വർഷത്തിനകത്ത് തൊഴിൽ കൊടുക്കാൻ വന്ന എന്റെ അവസ്ഥ ഇതാണ്. ക്രിമിനലുകളിൽ നിന്നും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വമെങ്കിലും ഭരണകൂടത്തിനില്ലേ. ഈ കഞ്ചാവ് മാഫിയയെ നേരിടാനുള്ള നിയമങ്ങൾ കർശനമാക്കി വേണ്ട സംരക്ഷണം നൽകണം. ഇത് നിർത്തി തിരിച്ചുപോകേണ്ട അവസ്ഥയിലാണ്. എനിക്ക് നഷ്ടപ്പെട്ട 35 ലക്ഷം ഞാൻ അവിടെ പണിയെടുത്ത് തിരിച്ചുപിടിച്ചുകൊള്ളാം. ഞാൻ യൂറോപ്പ് പൗരത്വം സ്വീകരിച്ചോളാം. എനിക്ക് അത് ലഭിക്കും. എനിക്ക് എന്റെ യൂറോപ്യൻ പൗരത്വം കിട്ടുമ്പോൾ ഞാൻ തിരിച്ചു വന്ന് എന്റെ ക്യാൻസൽ ചെയ്ത ഇന്ത്യൻ പാസ്പോർട്ടിന്റെ പകുതി കേരളമുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും പകുതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുൻപിലും കത്തിക്കും. ഞാൻ ജനിച്ച നാട്ടിൽ എനിക്ക് ജീവിക്കാൻ പറ്റിയില്ലെങ്കിൽ ഇത്രയെങ്കിലും ഞാൻ പ്രതികരിക്കണ്ട. ഞാനും ഇന്ത്യയിൽ ജനിച്ചുവ ളർന്ന ഒരു പൗരനല്ലേ?” -ജോർജ് വർഗീസ് ചോദിക്കുന്നു.
രണ്ടുപേര്‍ അറസ്റ്റില്‍
കള്ളുഷാപ്പില്‍ കയറി ആക്രമണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റിന്‍ ഭാഗം കോട്ടമുറി പ്രിയദര്‍ശിനി കോളനിയില്‍ പേമലമുകളേല്‍ വീട്ടില്‍ ചാമി എന്ന് വിളിക്കുന്ന വിഷ്ണു യോഗേഷ് (22), കോട്ടമുറി കുഴിപറമ്പില്‍ വീട്ടില്‍ ആഷിക് എം (25) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റുചെയ്തത്. പ്രതികള്‍ ഈ മാസം നാലിന് കള്ള് ഷാപ്പില്‍ മാരകമായ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും, ഷാപ്പില്‍ ഉണ്ടായിരുന്ന പ്ലേറ്റുകളും മറ്റു പാത്രങ്ങളും ഡസ്‌കും കസേരയും ഉള്‍പ്പെടെ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
ഷാപ്പുടമയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളില്‍ ഒരാളായ ആഷിക്കിന് അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും, വിഷ്ണുവിന് അടിപിടി കേസും നിലവിലുണ്ട്.
ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍ ടി.ആര്‍, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി, പ്രവീണ്‍, പ്രേംലാല്‍ രാകേഷ് എസ്.കെ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.