കോഴിക്കോട്: പത്തുപവനോളം സ്വർണാഭരണങ്ങൾ സൂക്ഷിച്ച അലമാരയിൽനിന്നും ഒന്നര പവൻ മാത്രം എടുത്ത് വ്യത്യസ്തനായ മോഷ്ടാവ്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ നാദാപുരം (Nadapuram) വളയം ചുഴലിയിലാണ് സംഭവം. ചാത്തൻകണ്ടിയിൽ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.
കാർപന്ററായ രവീന്ദ്രനും തൊഴിലുറപ്പ് തൊഴിലാളിയായ ഇവരുടെ ഭാര്യയും ജോലിക്കുപോയ സമയത്തായിരുന്നു മോഷണം നടന്നത്. ഈ സമയത്ത് ഇവരുടെ ചെറിയ കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. 20 വയസ് മാത്രം തോന്നിക്കുന്ന മോഷ്ടാവ് അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വർണ ഉരുപ്പടിയിൽനിന്ന് ഒരു പവന്റെ ഒരു മാലയും ഒരു മോതിരവും മാത്രമെടുത്ത് സ്ഥലംവിടുകയായിരുന്നു. ബാക്കി സ്വർണം ഭദ്രമായി ബാഗിൽതന്നെ വെച്ചാണ് ഇയാൾ കടന്നത്.
ഇതോടൊപ്പം വീട്ടിലെ ഒരു മൊബൈൽ ഫോണും കാണാതായി. ഈ ഫോൺ പിന്നീട് ചുഴലിയിൽ സർവിസ് നടത്തുന്ന ജീപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോൺ എങ്ങനെ ജീപ്പിൽ എത്തി എന്ന അന്വേഷണമാണ് മോഷണ വിവരം അറിയാൻ സഹായിച്ചത്. സംഭവം നടന്ന ദിവസം രാവിലെ മോഷ്ടാവ് എന്ന് സംശയിക്കുന്ന യുവാവ് മോഷണം നടന്ന വീടിന്റെ സമീപത്തെ വീട്ടിലും എത്തിയിരുന്നതായി പിന്നീട് തെളിഞ്ഞു. കൂടുതൽ സ്വർണം നഷ്ടപ്പെടാതിരുന്നതിലുള്ള ആശ്വാസത്തിലാണ് കുടുംബം.
വളയം എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. ഇതിനിടെ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യം ചുഴലിയിലെ സി സി ടി വിയിൽ കണ്ടെത്തി. ഇ യാൾ ഇവിടെനിന്ന് ജീപ്പിൽ കയറുന്നത് ദൃശ്യങ്ങളിൽനിന്ന് കാണാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു.
വാറ്റു ചാരായവുമായി അറസ്റ്റിൽ
വാറ്റു ചാരായം കൈവശം വച്ചതിന് ഒരാളെ കൊല്ലം ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുകോൺ വേങ്കുഴി പുത്തൻവീട്ടിൽ ബിജു(50) എന്ന ആളെ ആണ് വാറ്റ് ചാരായവുമായി അറസ്റ്റ് ചെയ്തത്. ഇയാൾ തനിച്ച് താമസിക്കുന്ന വേങ്കുഴിയിലെ വീട്ടിൽ രാത്രികാലങ്ങളിൽ ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വെളുപ്പിന് രണ്ട് മണിയോടെ പൊലീസ് ഇയാളുടെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു.
ഏരൂർ എസ് ഐ ശരത്ലാലിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സജികുമാർ, എ എസ് ഐ കിഷോർ, സിവിൽ പോലീസ് ഓഫീസർ അനിമോൻ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.