കാസര്‍കോട്: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആദൂര്‍ സ്വദേശി ഉസ്മാനെ(25)തിരെയാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമം വഴി അധ്യാപകന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
സോഷ്യല്‍ മീഡിയ സന്ദേശം മറ്റുള്ളവര്‍ അറിഞ്ഞതില്‍ ഉള്ള മനോവിഷമത്തില്‍ ഈ മാസം എട്ടാം തീയതിയാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. കുട്ടി ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ സൈബര്‍ സംഘം പരിശോധിച്ചിരുന്നുണ്ട്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരന്തരമായി സാമൂഹമാധ്യമം വഴി ലൈംഗികച്ചുവയുള്ള ചാറ്റിലൂടെ പിന്തുടര്‍ന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ഥിനിക്ക് സംരക്ഷകനാകേണ്ടുന്ന വ്യക്തിയില്‍ നിന്നുണ്ടായ ചൂഷണം പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് മാനസികാഘാതം ഉണ്ടാക്കിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയിരിക്കുന്നത്.
174 സിആര്‍പിസി വകുപ്പിന് പുറമേ സെക്ഷന്‍ 75 ജെജെ ആക്ട്(ജൂവനൈല്‍ ജസ്റ്റിസ്) എന്നിവ ചേര്‍ത്താണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ബേക്കല്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മേല്‍പ്പറമ്പ് സിഐ ഉത്തംദാസിനാണ് അന്വേഷണ ചുമതല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.