സൂരജിന് തൂക്കുകയർ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ; ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി
- Published by:Rajesh V
- news18-malayalam
Last Updated:
പാമ്പിനെ കൊണ്ട് കടിപ്പിച്ചത് സർപ്പകോപമാണെന്ന് വരുത്തി തീർക്കാനെന്നും പ്രോസിക്യൂഷൻ കോടതിയിൽ...
കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുമ്പാകെ ആരംഭിച്ചു. ഭിന്നശേഷിക്കാരിയായ ഭാര്യയെ അവരുടെ സ്വത്ത് തട്ടിയെടുക്കുക ഉദ്ദേശത്തോടെ കൊലപ്പെടുത്തുകയും അത് സർപ്പകോപമാണെന്ന് വരുത്തി തീർക്കാനുള്ള പ്രതിയുടെ ശ്രമവുമാണ് പ്രോസിക്യൂഷൻ കേസെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയെ ആമുഖമായി അറിയിച്ചു.
ഭാര്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൂരജ് കരുതലും സ്നേഹവും അഭിനയിക്കുകയായിരുന്നു. ഭർത്താവിന്‍റേത് ആത്മാർഥ സ്നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്തുന്നതിന് മുമ്പ് സൂരജ് നൽകിയ മയക്കുമരുന്ന് കലർന്ന പാനീയം വിശ്വാസത്തോടെ വാങ്ങിക്കുടിച്ചത്. ആദ്യം അണലിയെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ സൂരജ് അടുത്ത പദ്ധതി തയാറാക്കി. അത്യപൂർവമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ് എന്ന ആയുധവുമാണ്.
രണ്ടു തവണ നിരാലംബയായ ഒരു സ്ത്രീയിൽ ഏൽപ്പിച്ച സഹിക്കാനാവാത്ത വേദനയും എല്ലാ കുറ്റകൃത്യവും മൂടിവെയ്ക്കാൻ ഉപയോഗിച്ച സർപ്പകോപം എന്ന മിത്തും മാത്രമല്ല കൊലപാതകം നടപ്പിലാക്കാൻ വേണ്ടി പ്രതി ഉത്രയോട് കാണിച്ച സ്നേഹവും കരുതലും കൂടിക്കൊണ്ടാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മൂർഖന്‍റെ കടിയേറ്റാണ് മരണമടഞ്ഞതെന്നു പരിഗണിക്കുമ്പോൾ സാധാരണഗതിയിൽ പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം മറ്റ് സാഹചര്യങ്ങളിൽ നിന്നു മാത്രമെ തിരിച്ചറിയാൻ കഴിയുകയുള്ളു. കേസിൽ മൂർഖന്‍റെ കടി തന്നെ അസ്വാഭാവികമാണെന്ന് തെളിയിക്കാനായതായി പ്രോസിക്യൂഷൻ അറിയിച്ചു.
advertisement
പാമ്പ് കടിയേറ്റു മരിച്ചാൽ അതു കൊലപാതകമാണെന്നു തെളിയിക്കാൻ ബുദ്ധിമുട്ടാണെന്നത് തന്നെയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയതെന്ന് വ്യക്തമാണ്. എന്നാൽ സാഹചര്യങ്ങൾ കാവ്യനീതി പോലെ പ്രതിയുടെ കുറ്റകൃത്യം പുറത്തു കൊണ്ടുവന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉത്രയുടെ മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമാണോ എന്നറിയാൻ സർപ്പ ശാസ്ത്രജ്ഞനായ മവീഷ് കുമാർ വനം വകുപ്പ് ഉദ്യോഗസ്ഥൻ മുഹമ്മദ് അൻവർ, വെറ്റിനറി സർജൻ ഡോ. കിഷോർകുമാർ, ഫോറൻസിക് മെഡിസിൻ തിരുവനന്തപുരം എം.സി.എച്ച് മേധാവി ഡോ. ശശികല എന്നിവരടങ്ങിയ എക്സ്പെർട്ട് കമ്മിറ്റി മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും വസ്തുതകൾ പരിശോധിച്ച് കണ്ടെത്തിയിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകൾ തെളിയിക്കാനായി കോടതിയിൽ വിസ്തരിച്ചു.
advertisement
മൂർഖൻ പാമ്പിന് ഉത്ര കിടന്ന മുറിയിൽ കയറുവാനുള്ള പഴുതുകൾ ഇല്ലായിരുന്നുവെന്നും ജനൽ വഴി കയറാനുള്ള സാധ്യത ഇല്ലെന്നും എല്ലാ വിദഗ്ധ സാക്ഷികളും മൊഴി നൽകിയിരുന്നു. മൂർഖൻ സാധാരണ ഗതിയിൽ മനുഷ്യരെ ആവശ്യമില്ലാതെ കൊത്താറില്ല എന്നും പുലർച്ചെ സമയത്ത് ആക്ടീവ് അല്ലെന്നും തെളിവുകളെ ഉദ്ധരിച്ച് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
മയക്കുമരുന്ന് നൽകി ചലനമില്ലാതെ ഉറങ്ങിക്കിടന്ന ഉത്രയെ മൂർഖൻ ഒരു കാരണവുമില്ലാതെ രണ്ട് പ്രാവിശ്യം കൊത്തിയെന്നത് വിശ്വസനീയമല്ല. കടികൾ തമ്മിലുള്ള അസാമാന്യ വലിപ്പ വ്യത്യാസം പാമ്പിന്റെ തലയിൽ പിടിച്ചമർത്തിയാലാണ് ഉണ്ടാകാറുള്ളത് എന്നത് ഡമ്മി പരീക്ഷണം കോടതിയിൽ പ്രദർശിപ്പിച്ച് വാദം പറഞ്ഞു. മൂർഖൻ പാമ്പിന്റെ തലയിൽ പിടിച്ചമർത്തുമ്പോൾ പല്ലുകൾ വികസിക്കുന്ന ചിത്രമാണ് കോടതിയിൽ പ്രദർശിപ്പിച്ചത്.
advertisement
ഇത്തരം സാഹചര്യങ്ങളെ ഒറ്റയ്ക്കൊറ്റക്ക് എടുക്കാതെ ഒരുമിച്ച് പരിഗണിക്കുകയാണെങ്കിൽ ഉത്രയ്ക്കേറ്റ പാമ്പുകടി സ്വാഭാവികമല്ല എന്ന് വ്യക്തമാകുന്നു. ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ തെളിവുകൾ കൊണ്ടും മറ്റ് സാഹചര്യങ്ങൾ കൊണ്ടും ഉത്ര മരണപ്പെട്ടത് അസ്വാഭാവികമായി മൂർഖൻ പാമ്പിന്റെകടി കൊണ്ടാണെന്ന് പ്രോസിക്യൂഷൻ നിസംശയം തെളിയിച്ചതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണയിൽ പങ്കെടുപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ കെ. ഗോപീഷ് കുമാർ, സി.എസ്. സുനിൽ എന്നിവരും ഹാജരായി. കേസിലെ തുടർവാദം അഞ്ചിന് നടക്കും.
advertisement
വിചാരണവേളയിൽ പ്രോസിക്യൂഷൻ 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. പാമ്പുകളെ ഉപയോഗിച്ച പ്രതിക്കെതിരെ വനംവകുപ്പ് പ്രത്യേകം രജിസ്റ്റർ ചെയ്ത കേസിലും നടപടികൾ പുരോഗമിക്കുകയാണ്.
Location :
First Published :
July 03, 2021 7:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സൂരജിന് തൂക്കുകയർ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ; ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി