• HOME
 • »
 • NEWS
 • »
 • crime
 • »
 • ഒരു ഓവറിലെ ആറു പന്തിലും സിക്സടിച്ച ക്രിക്കറ്റ് താരം; ഭാര്യയെ കൊന്ന് കുഴിച്ചിട്ട് പൊലീസിനെ ചുറ്റിച്ച സജീവൻ

ഒരു ഓവറിലെ ആറു പന്തിലും സിക്സടിച്ച ക്രിക്കറ്റ് താരം; ഭാര്യയെ കൊന്ന് കുഴിച്ചിട്ട് പൊലീസിനെ ചുറ്റിച്ച സജീവൻ

ചോദ്യം ചെയ്യലിനിടയിൽ പൾസിലും ഹൃദയമിടിപ്പിലും മാറ്റംവരാതെ നോക്കി. കൊലപാതകം മക്കളിൽ നിന്നുപോലും ഒളിച്ചുവയ്ക്കാൻ അസാമാന്യ സാമർത്ഥ്യത്തോടെയായിരുന്നു സജീവന്റെ നീക്കങ്ങൾ

 • Share this:

  കൊച്ചി: എടവനക്കാട് ഭാര്യ രമ്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ പൊലീസിനെ വട്ടംചുറ്റിച്ചത് സംശയത്തിന് ഇടനൽകാതെ. കൊലപാതകം മക്കളിൽ നിന്നുപോലും ഒളിച്ചുവയ്ക്കാൻ അസാമാന്യ സാമർത്ഥ്യത്തോടെയായിരുന്നു സജീവന്റെ നീക്കങ്ങൾ. ചോദ്യം ചെയ്യലില്‍ യാതൊരുവിധ സൂചനകളും നൽകാതെ ശ്രദ്ധപുലർത്തി.

  ചെയ്യുന്ന പ്രവൃത്തിയിൽ ഏറെ ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് സജീവനെന്നാണ് പൊലീസ് പറയുന്നത്. മികച്ച ക്രിക്കറ്റ് താരം കൂടിയാണ്. വെറ്ററൻ ക്രിക്കറ്റ് ലീഗിൽ ഒരോവറിൽ ആറ് സിക്സുകൾ അടിച്ച റിക്കോർഡും സജീവന്റെ പേരിലുണ്ട്. അത്രത്തോളം കളിക്കളത്തിൽ ശ്രദ്ധകൊടുക്കുന്ന വ്യക്തി കൂടിയായ പ്രതിയിൽ നിന്നും വിവരങ്ങളറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏറെ വിയർപ്പൊഴുക്കേണ്ടിവന്നു.

  Also Read- വിവാഹമോചിതയായ യുവതിയായി ചമഞ്ഞ് ചാറ്റിങ്; യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ 31കാരൻ അറസ്റ്റിൽ

  ചോദ്യം ചെയ്യലിനിടയിൽ പൾസിലും ഹൃദയമിടിപ്പിലും മാറ്റംവരാതെ നോക്കി. ചോദിക്കുന്ന ചോദ്യങ്ങളോടും പറയുന്ന ഉത്തരങ്ങളോടും വലിയ ശ്രദ്ധപുലർത്തിക്കൊണ്ടായിരുന്നു സജീവൻ പൊലീസിനോട് സഹകരിച്ചത്. അതുകൊണ്ടു കൂടിയാണ് സജീവനിൽ നിന്നും സത്യമറിയാൻ ഇത്രയും കാലം പൊലീസിന് കാത്തിരിക്കേണ്ടി വന്നതും.

  രമ്യയെ സജീവൻ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം ആദ്യം മുതൽക്കെ പൊലീസിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി പ്രതി പേടിക്കുമോ എന്നറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. രാത്രിയിൽ സജീവനെ ഉറക്കത്തിൽ നിന്ന് ഫോണിലൂടെ വിളിച്ചുണർത്തി ചിലങ്കയുടെ ശബ്ദം കേൾപ്പിച്ചിരുന്നു. പ്രതി ഭയപ്പെടുന്നുണ്ടോ എന്നറിയാനായിരുന്നു ഈ ശ്രമം. രമ്യയെ കൊലപ്പെടുത്തിയവതാണെങ്കിൽ സജീവൻ പേടിക്കുമെന്ന പ്രതീക്ഷ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. എന്നാൽ പേടിയുടെ യാതൊരു ലാഞ്ചനയും സജീവൻ പ്രകടിപ്പിച്ചിരുന്നില്ല.

  കൊലനടത്തിയ പിറ്റേന്ന് സജീവൻ അടുത്തുള്ള കടയിലെത്തി സോപ്പ്, പൗഡർ, പേസ്റ്റ്, ടൂത്ത് ബ്രഷ്, കണ്ണാടി എന്നിവ വാങ്ങിയിരുന്നു. ഭാര്യ സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയാണെന്ന് അറിയിക്കാനായിരുന്നു ഈ നീക്കം.

  Also Read- മോഷ്ടിച്ച ഫോണിന്റെ ലോക്കഴിക്കാൻ കടയിലെത്തി; 27കാരനായ മോഷ്ടാവ് പിടിയിൽ

  രമ്യയുമായി മക്കൾക്ക് വളരെയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. അത്തരത്തിൽ അടുപ്പമുണ്ടായിരുന്ന കുട്ടികളെ രമ്യയെ വെറുക്കുന്ന സാഹചര്യത്തിൽ കൊണ്ടെത്തിക്കുവാനും സജീവൻ കരുക്കൾ നീക്കി. അമ്മ മോശപ്പെട്ട ഒരു സ്ത്രീയായിരുന്നു എന്ന് മക്കളെ വിശ്വസിപ്പിക്കാൻ പല പദ്ധതികളും സജീവൻ പയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
  ചെരിപ്പുകൾ വീടിനു മുന്നിൽ കൊണ്ടിട്ടും രാത്രിയിൽ ആരോ ഇറങ്ങിയോടിയെന്ന് ബഹളം വക്കുകയും സജീവൻ ചെയ്തിരുന്നു. അതിനുശേഷം രാത്രിയിൽ വീട്ടിലെത്തിയ ആൾ അമ്മയെ കാണാൻ വന്നതായിരിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ കൊലപാതകത്തിനു ശേഷം കുറ്റം മറയ്ക്കുവാൻ നിരവധി നീക്കങ്ങൾ സജീവൻ നടത്തിയിരുന്നുവെന്നാണ് വിവരം.

  2021 ഓഗസ്റ്റ് 16ന് രമ്യയുമായി വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം. രമ്യ കാമുകന്റെ കൂടെ പോയി എന്ന കഥ മെനഞ്ഞ് മക്കളെയടക്കം വിശ്വസിപ്പിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് സജീവൻ കുറ്റം സമ്മതിച്ചത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവൻ പറഞ്ഞു.

  Published by:Rajesh V
  First published: