ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ്

Last Updated:

യുവതിയെ ഭർത്താവ് കൊടുംവിഷമുള്ള പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. നോക്കാം എന്തൊക്കെയാണ് സംഭവിച്ചതെന്ന്...

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായതിന്‍റെ ഞെട്ടലിലാണ് കേരളം. ഭർത്താവ് സൂരജും കൂട്ടാളികളും പൊലീസ് പിടിയിലായതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. 10000 രൂപയ്ക്ക് പാമ്പാട്ടിയിൽനിന്ന് വാങ്ങിയ കരിമൂർഖനെ ഉപയോഗിച്ചാണ് സൂരജ് അഞ്ചൽ സ്വദേശിയായ ഭാര്യ ഉത്രയെ കടിപ്പിച്ചു കൊന്നത്. കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. സ്വത്ത് തട്ടിയെടുക്കാനാണ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. രണ്ടാംതവണയാണ് പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിച്ചതെന്നും വ്യക്തമായി. ആദ്യത്തെ തവണ പാമ്പുകടിയേറ്റ ഉത്ര തലനാരിഴയ്ക്കാണ് ദിവസങ്ങൾനീണ്ട ചികിത്സയ്ക്കൊടുവിൽ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കേസ് തെളിഞ്ഞത് ഇങ്ങനെ...
ശാസ്ത്രീയമായ അന്വേഷണമാണ് കേസിൽ തുമ്പുണ്ടാക്കാൻ പൊലീസിനെ സഹായിച്ചത്. കഴിഞ്ഞ നാളുകളിലെ സൂരജിന്‍റെ ഫോൺ രേഖകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയാണ് ഇതിൽ പ്രധാനം. സൂരജിന് പാമ്പാട്ടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ ഇത് സഹായിച്ചു. ഉത്രയ്ക്ക് ആദ്യ പാമ്പുകടിയേറ്റ മാർച്ച് രണ്ടിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സൂരജ് അടൂരിലെ ഒരു പാമ്പാട്ടിയുമായി നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് 10000 രൂപയ്ക്ക് കൊടുംവിഷമുള്ള കരിമൂർഖനെ സൂരജ് വാങ്ങിയതായി കണ്ടെത്തിയത്. അടുത്തതായി തുറന്നിട്ട ജനലിലൂടെ പാമ്പ് കയറിയെന്ന സൂരജിന്‍റെ വാദം പൊളിക്കുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യം. തറനിരപ്പിൽനിന്ന് അത്രയുംദൂരം സഞ്ചരിക്കാൻ പാമ്പിന് സാധിക്കില്ലെന്നും പൊലീസിന് പ്രാഥമിക പരിശോധനയിൽ ബോധ്യമായി. ഇനി ജനാലയിൽക്കൂടി ഉള്ളിൽ കടന്നാൽ സൂരജും മകനും കിടക്കുന്ന കിടക്കയിലൂടെ മാത്രമെ പാമ്പിന് മറുവശത്തുള്ള ഉത്രയുടെ കിടക്കയിലേക്ക് എത്താനാകൂ. ഇതും സംശയത്തിന് ഇട നൽകിയിരുന്നു.
advertisement
മരണം ഉറപ്പാക്കിയ രണ്ടാമത്തെ പാമ്പുകടി
uthra death
ഇക്കഴിഞ്ഞ മെയ് ഏഴിന് അഞ്ചൽ ഏറത്തെ ഉത്രയുടെ വീട്ടിൽവെച്ചായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. രാവിലെ ബോധരഹിതയായി കണ്ട ഉത്രയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈത്തണ്ടയിൽ കടിയേറ്റ പാട് കണ്ടതിനെ തുടർന്നാണ് തിരിച്ചുവന്ന് മുറി പരിശോധിച്ചത്. അപ്പോൾ മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. സംഭവദിവസം അതേമുറിയിൽ സൂരജും ഒന്നര വയസുള്ള മകനും ഉണ്ടായിരുന്നു. തുറന്നിട്ട ജനാലയിലൂടെ മുറിക്കുള്ളിൽ കയറിയ മൂർഖൻ പാമ്പ് ഉത്രയെ കടിച്ചതാകാമെന്നാണ് സൂരജ് അന്ന് പൊലീസിന് നൽകിയ മൊഴി. എന്നാൽ എസി മുറിയുടെ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് ഉത്രയുടെ അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.
advertisement
ആദ്യത്തെ പാമ്പുകടി മാർച്ച് രണ്ടിന്
നേരത്തെ മാർച്ച് രണ്ടിന് സൂരജിന്‍റെ അടൂർ പറക്കോടുള്ള വീട്ടിൽവെച്ചാണ് ഉത്രയ്ക്ക് ആദ്യമായി പാമ്പുകടിയേറ്റത്. അണലി വർഗത്തിൽപ്പെട്ട പാമ്പായിരുന്നു ഉത്രയെ കടിച്ചത്. പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സൂരജ് തയ്യാറായിരുന്നില്ല. അടുത്തുള്ള വിഷവൈദ്യന്‍റെ അടുത്തുകൊണ്ടുപോകാനായിരുന്നു ശ്രമം എന്നാൽ ബന്ധുക്കളും അയൽക്കാരും ഇടപെട്ട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഉത്രയെ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർമാർക്കുപോലും ഉറപ്പില്ലായിരുന്നു. എന്നാൽ ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ അവിശ്വസനീയമാംവിധം ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി. അന്ന് പാമ്പുകടിയേൽക്കുന്നതിന് രണ്ടുദിവസം മുമ്പ് കിടപ്പുമുറിയോടു ചേർന്ന് സ്റ്റെയർകേസിന് അടിയിൽ പാമ്പിനെ കണ്ട ഉത്ര ഭയന്നു നിലവിളിച്ചിരുന്നു. ഈ സമയം ഓടിയെത്തിയ സൂരജ് നിർഭയനായി പാമ്പിനെ പിടികൂടി പുറത്തുകൊണ്ടുപോയിരുന്നു.
advertisement
അഞ്ചലിലെ വീട്ടിലേക്ക് വന്നത് തുടർ ചികിത്സയ്ക്കായി
Snake, snake bite, Anchal, പാമ്പ്, പാമ്പ് കടിയേറ്റു, പാമ്പ് കടിയേറ്റ് മരണം
ഉത്ര
പാമ്പുകടിയേറ്റുള്ള ചികിത്സയെ തുടർന്ന് അവശയായിരുന്നു ഉത്ര. ഏറെ ശാരീരിക അസ്വസ്ഥതകളും പാർശ്വഫലങ്ങളും ഉത്രയ്ക്ക് ഉണ്ടായി. ഇതേത്തുടർന്ന് ആരോഗ്യം വീണ്ടെടുക്കുന്നതിനും വിശ്രമത്തിനുമായാണ് ഉത്ര അഞ്ചൽ ഏറത്തുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഉത്രയ്ക്ക് പാമ്പുകടിയേൽക്കുന്നതിന് തലേദിവസം സൂരജ് ഇവിടേക്ക് വന്നു. വന്നപ്പോൾ കൈയിലുണ്ടായിരുന്ന ബാഗിൽ പാമ്പ് ഉണ്ടായിരുന്നുവെന്നാണ് ഉത്രയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നത്. ഈ ബാഗ് പിന്നീട് ആരും ശ്രദ്ധിച്ചതുമില്ല. അന്നു രാത്രിയാണ് പാമ്പുകടിയേൽക്കുന്നത്. ബാഗിനുള്ളിൽ കുപ്പിയിൽ പാമ്പിനെ കൊണ്ടുവന്നുവെന്ന മൊഴി സൂരജ് പൊലീസിന് നൽകി കഴിഞ്ഞു.
advertisement
advertisement
സംശയങ്ങൾ ഇനിയും ബാക്കി...
കൊടുംവിഷമുള്ള പാമ്പു കടിക്കുമ്പോൾ എത്ര ഉറക്കമായാലും ഉണരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കരിമൂർഖനെ പോലെയുള്ള പാമ്പു കടിച്ചാൽ എന്തായാലും ഉണരും. എന്നാൽ ഉത്ര ഉണർന്നിട്ടില്ല. ഉറങ്ങുന്നതിന് മുമ്പ് ഉത്രയെ ബോധരഹിതയാക്കിയോയെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. പോസ്റ്റുമോർട്ടത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പ്രതികളെ പിടികൂടിയെങ്കിലും ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം.
advertisement
സൂരജിന് വേണ്ടിയിരുന്നത് ഉത്രയുടെ സ്വത്ത്
100 പവനും കാറുമൊക്കെ സമ്മാനം നൽകിയാണ് ഉത്രയെ സൂരജിന് വിവാഹം കഴിപ്പിച്ചുനൽകിയത്. വലിയതോതിതുള്ള പണവും നൽകിയിരുന്നു. ഇടയ്ക്കിടെ ഉത്രയെ സ്വാധീനിച്ച് അവരുടെ മാതാപിതാക്കളിൽ നിന്ന് സൂരജ് കൈക്കലാക്കിയിരുന്നു. എന്നാൽ തുടർന്നും കൂടുതൽ പണത്തിനായി സൂരജ് ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഉത്രയെ വകവരുത്തി സ്വാഭാവികമരണമായി ചിത്രീകരിച്ച് സ്വത്ത് തട്ടിയെടുക്കാമെന്നാണ് സൂരജ് കണക്കുകൂട്ടിയത്. മറ്റൊരു വിവാഹം കഴിക്കാനും ഇയാൾ പദ്ധതിയിട്ടു. സൂരജിന്‍റെയും ഉത്രയുടെയും പേരിലുണ്ടായിരുന്ന സംയുക്ത ലോക്കർ ആദ്യം പാമ്പുകടിയേറ്റ മാർച്ച് രണ്ടിന് തുറന്നു. അടൂർ ഫെഡറൽ ബാങ്കിലെ ലോക്കറാണ് തുറന്നത്. ഇതിൽനിന്ന് ആഭരണങ്ങൾ നഷ്ടമായതായും വ്യക്തമായിട്ടുണ്ട്. 92 പവൻ സ്വർണമാണ് ലോക്കറിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും എടുത്തതായാണ് ഉത്രയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്.
കുറ്റം കോടതിയിൽ തെളിഞ്ഞാൽ ഉറപ്പായും വധശിക്ഷ ലഭിക്കും
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ കേസ് തെളിഞ്ഞാൽ വധശിക്ഷ ഉറപ്പാണെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വന്യജീവി നിയമപ്രകാരമുള്ള ജീവപര്യന്ത തടവും ലഭിച്ചേക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ്
Next Article
advertisement
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
  • കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  • പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളത്തിന് 1476.13 കോടി രൂപയുടെ ഫണ്ട് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

  • കേരളം പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് എതിരായി നിലകൊള്ളുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

View All
advertisement