Kerala Gold| 'സ്വപ്നയും കൂട്ടരും വാളയാർ കടന്നത് പോലീസിലും സർക്കാറിലുമുള്ള സ്വാധീനം ഉപയോഗിച്ച്:' കസ്റ്റംസ് കോടതിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായ തനിക്ക് സർക്കാറിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമെന്ന് സ്വപ്ന അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു
കൊച്ചി: കൊവിഡ് കാലത്തെ കർശന പരിശോധനക്കിടെ സ്വപ്നയ്ക്ക് കേരളം വിടാൻ കഴിഞ്ഞത് സർക്കാറിലും പോലീസിലുമുള്ള വൻ സ്വാധീനത്തിന് തെളിവെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. ചെക്ക് പോസ്റ്റിൽ സ്വന്തം ഐ.ഡി.കാർഡ് കാണിച്ചിട്ടും സ്വപ്നയെ പോലീസ് പിടികൂടിയില്ല. സർക്കാരിലും പോലീസിലും സ്വപ്‌നയ്ക്കുള്ള സ്വാധീനത്തിന് ഉദാഹരണങ്ങൾ അക്കമിട്ട് നിരത്തിയാണ് കസ്റ്റംസ് സ്വപ്ന യുടെ ജാമ്യാപേക്ഷയെ എതിർത്തത്.
കോവിഡ് കാലത്ത് സ്വപ്നയ്ക്ക് കേരളം വിടാൻ കഴിഞ്ഞത് ഈ ഉന്നത ബന്ധങ്ങളുടെ സ്വാധീനം മൂലമാണ്. ചെക്ക് പോസ്റ്റുകളിൽ സ്വന്തം പേരിൽ സ്വപ്ന പാസെടുത്തത് പിടിക്കപ്പെടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു. രോഗികളെ പോലും ചെക്ക് പോസ്റ്റിൽ പരിശോധിക്കുമ്പോഴാണ് സ്വപ്ന ഒരു തടസ്സവും കൂടാതെ ബെംഗളൂരുവിൽ എത്തിയത്.
ഒളിവിൽ പോകാനായി തിരുവനന്തപുരത്തു നിന്ന് സ്വപ്ന നേരെ എത്തിയത് വർക്കലയിലെ പണിതീരാത്ത റിസോർട്ടിലാണ്. അവിടെ പ്രാദേശിക നേതാവിനെ കണ്ടതോടെ അന്ന് രാത്രി തന്നെ എറണാകുളത്തേക്ക് കടന്നു. അവിടെ വച്ച് അഭിഭാഷകനെ കണ്ട ശേഷമാണ് ബംഗളൂരുവിലേക്ക് പോയതെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. സ്വപ്നയുടെ പേരിലുള്ള നീല എസ്-ക്രോസ് വാഹനത്തിലായിരുന്നു ഈ യാത്രയെല്ലാം. എന്നിട്ടും സംസ്ഥാനത്ത് ഒരിടത്തു പോലും പോലീസ് പരിശോധന നടത്തുകയോ പിടികൂടുകയോ ചെയ്തില്ലെന്നും കസ്റ്റംസ് പറഞ്ഞു.
advertisement
കൂട്ട് പ്രതിയ്‌ക്കൊപ്പം ബെംഗളൂരുവിലേക്ക് കടന്നതും ഗൂഢാലോചനയുടെ തെളിവാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്വപ്നയ്ക്ക് സംസ്ഥാനം വിടേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഭർത്താവും മക്കൾക്കും ഒപ്പമായിരുന്നു തൻ്റെ യാത്രയെന്ന് സ്വപ്ന കോടതിയിൽ പറഞ്ഞു. തെറ്റ് ചെയ്തതു കൊണ്ടാണ് സംസ്ഥാനം വിട്ടതെന്നത് കസ്റ്റംസിൻ്റെ അനുമാനം മാത്രമല്ല. കസ്റ്റംസിൻ്റെ അനുമാനവും തൻ്റെ ഉദ്ദേശ്യവും ഒന്നല്ലെന്നും അവർ കോടതിയെ അറിയിച്ചു.
advertisement
സ്വപ്നയുടെ കുറ്റസമ്മത മൊഴിക്ക് പുറമേ സന്ദീപിന്റെ ഭാര്യ സൗമ്യ അടക്കമുള്ളവരും ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് മൊഴി നൽകിയിട്ടുണ്ട്. നയ തന്ത്ര ബാഗിൽ സ്വർണ്ണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇത് തിരിച്ചയപ്പിക്കാൻ സ്വപ്ന ശ്രമിച്ചത്. ജാമ്യത്തിൽ വിട്ടാൽ കേസിന്റെ വിചാരണയെ പോലും സ്വാധീനമുപയോഗിച്ച് സ്വപ്ന അട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു.
എന്നാൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായ തനിക്ക് സർക്കാറിൽ സ്വാധീനം ഉണ്ടാകുന്നത് സ്വാഭാവികമെന്ന് സ്വപ്ന അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു. പോലീസിലും സ്വാധീനം ഉണ്ടാകാം. എന്നാൽ കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ തനിക്കെങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്നും സ്വപ്ന കോടതിയിൽ ചോദിച്ചു. ജാമ്യാപേക്ഷയിൽ ഈ മാസം 12 ന് വിധി പറയും
Location :
First Published :
August 07, 2020 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kerala Gold| 'സ്വപ്നയും കൂട്ടരും വാളയാർ കടന്നത് പോലീസിലും സർക്കാറിലുമുള്ള സ്വാധീനം ഉപയോഗിച്ച്:' കസ്റ്റംസ് കോടതിയിൽ