മന്ത്രവാദത്തിനായി വീട്ടിലെത്തിയയാൾ സ്വർണവും പണവും കവർന്നതായി പരാതി
- Published by:Anuraj GR
- news18-malayalam
Last Updated:
മുഹമ്മദ് ഷാഫി പണവും സ്വർണവും തട്ടിയെടുത്ത ശേഷം വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു
കോഴിക്കോട്: മന്ത്രവാദ ചികിത്സയുടെ പേരില്‍ വീട്ടിലെത്തിയയാള്‍ സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്ന് ഏഴ് പവനും ഒരുലക്ഷം രൂപയുമാണ് കവര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ നൽകിയ പരാതിയിൽ കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു.
മുഹമ്മദ് ഷാഫി പണവും സ്വർണവും തട്ടിയെടുത്ത ശേഷം വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. പണം നഷ്ടപ്പെട്ടത് ചാത്തന്‍ സേവയിലൂടെയാണെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. നിസ്ക്കാരത്തിനായി കിടപ്പുമുറിയിൽ കയറിയാണ് മുഹമ്മദ് ഷാഫി പണവും സ്വർണവും എടുത്തത്. പിന്നീട് മദ്രസ അധ്യാപകന്റെ ഭാര്യയെ വിളിച്ച് സ്വര്‍ണവും പണവും ചാത്തന്‍മാര്‍ കൊണ്ടുപോയതാണെന്ന് പറയുകയായിരുന്നു. തന്‍റെ സിദ്ധികൊണ്ട് രണ്ടുദിവസത്തിനകം പണം അലമാരയിൽ തിരിച്ചെത്തുമെന്നും ഇയാൾ പറഞ്ഞു. ഷാഫി പറഞ്ഞത് മദ്രസ അധ്യാപകന്‍റെ ഭാര്യ വിശ്വസിക്കുകയും ചെയ്തു.
മന്ത്രവാദ ചികിത്സ കഴിഞ്ഞ മുഹമ്മദ് ഷാഫി അവിടെ നിന്ന് പോയി രണ്ടുദിവസം കഴിഞ്ഞ് അലമാര തുറന്നുനോക്കിയപ്പോഴാണ് സ്വർണവും പണവും അവിടെ ഇല്ലെന്ന കാര്യം മനസിലായത്. ഷാഫി സ്വർണവും പണവും കവർന്നെടുക്കുകയായിരുന്നുവെന്ന് മനസിലായതോടെ വീട്ടുകാർ പയ്യോളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മദ്രസ അധ്യാപകൻ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതി മുഹമ്മദ് ഷാഫി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Location :
First Published :
Oct 12, 2022 6:01 PM IST









