ചെന്നൈ: വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച കള്ളൻ രക്ഷപ്പെടാനായി ലിഫ്റ്റ് ചോദിച്ച് കയറിയത് വീട്ടുടമയുടെ ബൈക്കിനുപുറകില്‍. മോഷണ വിവരമറിയിക്കാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന വീട്ടുടമയ്ക്ക് അവിടെയത്തും മുൻപുതന്നെ മോഷ്ടാവിനെ പിടികിട്ടി. ചെന്നൈ ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടില്‍കയറി മോഷണംനടത്തിയ പെരിയകാഞ്ചി പെരുമാള്‍ നായിക്കന്‍ തെരുവിലെ ഉമറാണ് പിടിയിലായത്.
Also Read- ആറ്റിങ്ങലിൽ നഴ്സിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ
കഴിഞ്ഞദിവസമാണ് നാടകീയസംഭവം നടന്നത്. ശ്രീപെരുമ്പത്തൂരിലെ ഒരു സ്വകാര്യ കാർ കമ്പനിയിൽ ജോലി ചെയ്യുകയാണ് ജെനിം രാജാദാസ്. ഇന്നലെ രാവിലെ വീട് പൂട്ടി ഭാര്യ വിദ്യയോടൊപ്പം മോട്ടോർ സൈക്കിളിൽ ഇറച്ചി വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് വീട്ടിൽ കള്ളൻ കയറിയത്. ഏകദേശം അരമണിക്കൂറിനുശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതിലും അലമാരയും തുറന്നുകിടക്കുന്നതുകണ്ടു. നാലുപവന്റെ സ്വര്‍ണമാലയും വെള്ളിലോക്കറ്റും മോഷണം പോയതായി മനസ്സിലായി. പൊലീസില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍തന്നെ ബൈക്കില്‍ പുറപ്പെട്ടു. പാതിവഴിയിലെത്തിയപ്പോള്‍ അപരിചിതന്‍ ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. രാജാദാസ് അയാളെ ബൈക്കിന്റെ പിന്നില്‍ കയറ്റി.
Also Read- മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു
സഹയാത്രികന്റെ അരയില്‍ പലവലുപ്പത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നതുകണ്ടപ്പോള്‍ രാജാദാസിന് സംശയം തോന്നി. വണ്ടിനിര്‍ത്തി ചോദ്യംചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി. ഉമറിന്റെ കൈയിൽ നിന്ന് ആഭരണങ്ങളും നൂറോളം താക്കോലുകളും കണ്ടെത്തി. തുടർന്ന് രോഷാകുലരായ നാട്ടുകാർ ഇയാളെ അവിടെയുള്ള വൈദ്യുതത്തൂണിൽ കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. രാജാദാസിന്റെ വീട്ടില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.