കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറിൽ മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്ത വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 2,9 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വാവ സുരേഷിനെതിരെ കേസെടുക്കാൻ ഡിഎഫ്ഒ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലെന്ന് താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വ്യക്തമാക്കി. വാവ സുരേഷ് പാമ്പുകളെ പ്രദർശിപ്പിച്ചത് സംഘാടകരുടെ അറിവോടെ അല്ല. ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന പാമ്പുകളെ സുരക്ഷിതമായി പിടിക്കാൻ മാത്രമാണ് വാവ സുരേഷിന് ലൈസൻസ് ഉള്ളൂ എന്നും താമരശ്ശേരി റേഞ്ച് ഓഫീസർ പറഞ്ഞു.
വാവ സുരേഷിനോട് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് റേഞ്ച് ഓഫീസർ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ചിത്രങ്ങളും വീഡിയോകളും വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെന്റ് സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. മൈക്ക് പോഡിയത്തിന്റെ മുകളിൽ പാമ്പിനെ വെച്ച് ക്ലാസെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.