ന്യൂഡൽഹി: ”ശരിയായ തയ്യാറെടുപ്പില്ലെങ്കിൽ നിങ്ങൾ തോൽവിക്കായുള്ള ഒരുക്കത്തിലാണ്” – ബെഞ്ചമിൻ ഫ്രാങ്ക്ളിൽ ഒരിക്കൽ പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപൂരിൽ വാൻ കവർച്ച നടത്താനിറങ്ങിയ മൂന്ന് കള്ളന്മാർക്ക് സമാനമായ ചിലത് സംഭവിച്ചു. വാഹനം മോഷ്ടിക്കുന്നതിൽ അവർ ഏറെക്കുറെ വിജയിച്ചുവെങ്കിലും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ അവർ കുടുങ്ങി. കവർച്ചയുടെ ആദ്യപകുതിയിൽ എല്ലാം നിശ്ചയിച്ചുറപ്പിച്ചതുപോലെ നടന്നു. എന്നാൽ മൂന്ന് കള്ളന്മാർക്കും ഡ്രൈവ് ചെയ്യാൻ അറിയാത്തതിനാൽ ക്ലൈമാക്സ് ദുരന്തമായി.
മെയ് 7 ന് കാൺപൂരിലെ ദബൗലി ഏരിയയിലാണ് സംഭവം. മഹാരാജ്പൂരിലെ ബിടെക് വിദ്യാർത്ഥി സത്യം കുമാർ, ഡിബിഎസ് കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥി അമൻ ഗൗതം, അമിത് വർമ എന്നിവരാണ് പൊലീസിന്റെ പിടിയിലായതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് പ്രതികളും വാൻ മോഷ്ടിച്ചെങ്കിലും ഇവർക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നുവെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ (എസിപി) ഭേജ് നാരായൺ സിങ് പറഞ്ഞു. മറ്റൊരു വഴിയുമില്ലാതെ, മൂവരും ദബൗലിയിൽ നിന്ന് കല്യാൺപൂരിലേക്ക് 10 കിലോമീറ്റർ ദൂരം വാൻ തള്ളി നീക്കി. പിന്നീട് നമ്പർ പ്ലേറ്റ് നീക്കം ചെയ്യുകയും സുരക്ഷിത സ്ഥലത്ത് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. വാഹനം മോഷ്ടിച്ച ശേഷം വിൽക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ബാക്കി കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്തെങ്കിലും തങ്ങളിൽ ആർക്കും ഡ്രൈവിങ് അറിയില്ലെന്ന കാര്യം അവസാന നിമിഷംപോലും ഇവര്‍ ചിന്തിച്ചിരുന്നില്ല.
അമിത് വർമയാണ് മോഷണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് എസിപി സിങ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ ഓൺലൈനിൽ വിൽക്കാൻ ഒരു വെബ്സൈറ്റ് തുറക്കാൻ പോലും മൂവരും തീരുമാനിച്ചിരുന്നു. മോഷ്ടിച്ച വാഹനങ്ങൾ വിൽക്കാൻ ഒരു വെബ്സൈറ്റ് രൂപകൽപന ചെയ്യുകയായിരുന്നു എഞ്ചിനീയറിങ് വിദ്യാർത്ഥിയും മോഷ്ടാക്കളില്‍ ഒരാളുമായ സത്യം കുമാർ. വിപണിയിൽ വിൽക്കുന്നതിൽ വിജയിച്ചില്ലെങ്കിൽ വാഹനങ്ങൾ ഓൺലൈനായി വിൽക്കാമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ ഇതിനിടെ ഡ്രൈവിങ് അറിയാത്തതിനാൽ പിടിക്കപ്പെടുമെന്ന് കരുതിയതേയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Theft, Uttar Pradesh