ചുവരിലെ രക്തക്കറ ദൈവം ബാക്കിവച്ച തെളിവായി; രണ്ട് ബിരുദാനന്തര ബിരുദം; ഓൺലൈൻ ട്രേഡിങ്; വധശിക്ഷ ലഭിച്ച രാജേന്ദ്രൻ അപകടകാരി
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതി രാജേന്ദ്രന്‍ ഉന്നത ബിരുദധാരിയാണ്. തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍ നിന്നും ബി എഡ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, ഹിസ്റ്ററി, ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനില്‍ ഡിപ്ലോമ എടുത്തിട്ടുണ്ട്
തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതി തമിഴ്‌നാട് കന്യാകുമാരി തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രന് വധശിക്ഷ. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പ്രതിയെ കണ്ടെത്തുന്നതില്‍ ഏറ്റവും നിര്‍ണായകമായത് ചുവരിലെ രക്തക്കറയാണ്.
തെളിവുകള്‍ അവശേഷിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി അതിവിദഗ്ധമായാണ് വിനീതയെ കൊലപ്പെടുത്തിയത്. എന്നാല്‍ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് പ്രതിയുടെ കൈ മുറിയുകയും ഒരു തുള്ളി രക്തം കെട്ടിടത്തില്‍ ചുമരില്‍ പടരുകയും ചെയ്തിരുന്നു. ആ രക്തത്തുള്ളിയില്‍ നിന്നാണ് പ്രതിയെ കണ്ടെത്താനായത്.
Also Read- അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതിക്ക് വധശിക്ഷ; നാലരപ്പവൻ സ്വർണമാലയ്ക്കായി പട്ടാപ്പകൽ അരുംകൊല
അപകടകാരിയായ കൊലയാളി
വിനീതയെ മുന്‍ പരിചയമില്ലെന്നും നാലര പവന്റെ ഒരു സ്വര്‍ണമാലയ്ക്ക് വേണ്ടിയാണ് ക്രൂരകൊലപാതകം നടത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിയിച്ചു. പ്രതി രാജേന്ദ്രന്‍ അപകടകാരിയായ കൊലയാളിയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന രാജേന്ദ്രന്‍ ആദ്യം മറ്റൊരു സ്ത്രീയെയാണ് ലക്ഷ്യമിട്ടത്. ഈ സ്ത്രീയെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് ആ സ്ത്രീ രക്ഷപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് ചെടിക്കടയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന വിനീതയെ പ്രതി കാണുന്നത്. തുടര്‍ന്ന് വിനീതയെ കുത്തിക്കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
advertisement
ഹിസ്റ്ററിയിലും ഇക്കണോമിക്സിലും ബിരുദാനന്തര ബിരുദധാരി
പ്രതി രാജേന്ദ്രന്‍ ഉന്നത ബിരുദധാരിയാണ്. തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍ നിന്നും ബി എഡ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, ഹിസ്റ്ററി, ഇക്കണോമിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനില്‍ ഡിപ്ലോമ എടുത്തിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകനായും രാജേന്ദ്രന്‍ ജോലി നോക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അവിടെ നിന്നും രാജിവെച്ചാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനായി പണം കണ്ടെത്തുന്നതിനായിട്ടായിരുന്നു പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പണത്തിന് വേണ്ടിയാണ് രാജേന്ദ്രനെ മകനെപ്പോലെ സ്‌നേഹിച്ചിരുന്ന കുടുംബത്തെ വകവരുത്തിയത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് രാജേന്ദ്രന്‍ ജാമ്യത്തിലിറങ്ങി തിരുവനന്തപുരത്തേക്ക് വരുന്നത്.
advertisement
നാലുകൊലപാതകങ്ങളിൽ മൂന്നിലും ഇരകൾ സ്ത്രീകള്‍
സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങൾ തമിഴ്നാട്ടിൽ ചെയ്തശേഷം ജാമ്യത്തിൽ കഴിയവെയാണ് പ്രതി പേരൂർക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്നാട് തിരുനെൽവേലി ആരുൽവാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58) , ഭാര്യ വാസന്തി (55), വളർത്ത് മകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലും പ്രതിയാണ് രാജേന്ദ്രൻ.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
April 24, 2025 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചുവരിലെ രക്തക്കറ ദൈവം ബാക്കിവച്ച തെളിവായി; രണ്ട് ബിരുദാനന്തര ബിരുദം; ഓൺലൈൻ ട്രേഡിങ്; വധശിക്ഷ ലഭിച്ച രാജേന്ദ്രൻ അപകടകാരി