53 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞു
- Published by:Sarika N
 - news18-malayalam
 
Last Updated:
തമിഴ്‌നാട്ടിൽ തെളിവെടുപ്പിന് ശേഷം പ്രതിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് തിരിച്ചെത്തിക്കുന്നതിനിടെയാണ് രക്ഷപ്പെടൽ
തൃശൂർ: കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽനിന്നും കടന്നുകളഞ്ഞു. തൃശൂർ വിയ്യൂർ ജയിലിന് സമീപത്തുനിന്നാണ് തമിഴ്‌നാട് പോലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ തെളിവെടുപ്പിന് ശേഷം ബാലമുരുകനെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് തിരിച്ചെത്തിക്കുന്നതിനിടെയാണ് രക്ഷപ്പെടൽ. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറക്കിയ പ്രതി ഒപ്പമുണ്ടായിരുന്ന മൂന്ന് പോലീസുകാരെ തള്ളിമാറ്റി ജയിൽ മതിലിനോട് ചേർന്നുള്ള പച്ചക്കറി കൃഷി സ്ഥലത്തേക്ക് ഓടിമറയുകയായിരുന്നു. ഇയാൾക്കായി തൃശൂർ നഗരത്തിലും പരിസരങ്ങളിലും പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്.
കഴിഞ്ഞ വർഷവും വിയ്യൂർ ജയിലിന് മുന്നിൽ വെച്ച് ബാലമുരുകൻ സമാനമായ രീതിയിൽ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്‌നാട്ടിൽ തെളിവെടുപ്പിന് ശേഷം തിരികെ എത്തിച്ചപ്പോഴാണ് ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപ്പെട്ടത്. കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതൽ ഇയാൾ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു. വേഷം മാറുന്നതിൽ ബാലമുരുകൻ അതീവ വിദഗ്ദ്ധനാണെന്ന് പോലീസ് പറയുന്നു. ഒരു സ്ഥലത്ത് ലുങ്കിയായിരിക്കും വേഷമെങ്കിൽ മറ്റൊരിടത്ത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ചാവും പ്രത്യക്ഷപ്പെടുക. തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ഇയാളുടെ ജനനം. വർഷങ്ങളോളം തമിഴ്‌നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ച ശേഷം തമിഴ്‌നാട് പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. മറയൂരിലെ മോഷണശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
Location :
Thrissur,Thrissur,Kerala
First Published :
November 04, 2025 7:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
53 കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞു


